ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ വിലയില്‍ എട്ടുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികളെ ഇന്ധനവില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. നഷ്ടം നികത്തുന്നതിന് വേണ്ടി വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.
അതേസമയം ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പമ്പുകളില്‍ എത്തുന്നവരുടെ ഇടയില്‍ അളവില്‍ കുറവ് സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. കൃത്രിമം സംശയിച്ച് ഇത്തരക്കാരില്‍ ചിലര്‍ 500, ആയിരം എന്നിങ്ങനെ നൂറിന്റെ ഗുണിതങ്ങളായ തുകയ്‌ക്കോ, കൃത്യമായി ലിറ്റര്‍ പറഞ്ഞോ ഇന്ധനം നിറയ്ക്കാന്‍ തയ്യാറാകുന്നില്ല. ഈ ആശങ്ക ഇനി ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പമ്പുകളിലെ ഇന്ധന ഡിസ്‌പെന്‍സറുകളുടെ കൃത്യത ഉറപ്പാക്കാന്‍ അളവു പരിശോധന നടത്താന്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് തീരുമാനിച്ചു.
ഇതിനായി ലീഗല്‍ മെട്രോളജി നിയമത്തില്‍ ചട്ടഭേദഗതി വരുത്തിയതോടെ പെട്രോള്‍, ഡീസല്‍, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി എന്നിവയുടെയെല്ലാം ഡിസ്‌പെന്‍സറുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത അളവുതൂക്ക പരിശോധന നിര്‍ബന്ധമാണ്. കൃത്യമായ ഇന്ധനം വിതരണം ഉറപ്പാക്കാനും ഇടപാടുകളില്‍ സുതാര്യതയ്ക്കും ഇത് സഹായിക്കുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates