ന്യൂഡല്‍ഹി: റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ കൂടുതലായി ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗതമായി തുടരുന്ന ഈ പ്രവണതയ്ക്ക് ഇന്നും പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല. ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണും സുരക്ഷിത നിക്ഷേപവും തേടുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകള്‍ മികച്ച ഓപ്ഷനാണ്.
2026 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ആറുമാസത്തെ കാലയളവിലേക്ക് 8.05 ശതമാനമാണ് ആര്‍ബിഐ ഇതിന്റെ പലിശ നിരക്ക് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിലവിലെ 8.05 ശതമാനം പലിശ നിരക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളേക്കാള്‍ വളരെ ആകര്‍ഷകമാണ്. അതേസമയം ആര്‍ബിഐയുടെ ഈ ബോണ്ട് പദ്ധതിക്ക് ഏഴു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമായിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമേ നിശ്ചിത പിഴയോടെ നിര്‍ദിഷ്ട കാലാവധിക്ക് മുന്‍പ് ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടില്‍ നിന്നും പണം പിന്‍വലിക്കാനാകൂ.
ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകള്‍ ഓണ്‍ലൈനായി ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴിയോ, അല്ലെങ്കില്‍ തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ വഴി ഓഫ്ലൈനായോ വാങ്ങാവുന്നതാണ്. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. നിക്ഷേപങ്ങള്‍ ആര്‍ബിഐയുടെ സ്വന്തം ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടിലാണ് സൂക്ഷിക്കുക. വ്യക്തിഗതമായോ സംയുക്തമായോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടിയോ ബോണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.
ഫ്‌ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനത്തിന്, നിക്ഷേപകരുടെ ഇന്‍കം ടാക്‌സ് സ്ലാബ് അനുസരിച്ചുള്ള നികുതി ഈടാക്കുന്നതാണ്. കൂടാതെ ഇതിന് സെക്ഷന്‍ 80-സി പ്രകാരമുള്ള നികുതി ഇളവുകള്‍ ലഭിക്കില്ല. പലിശ തുക ഒന്നിച്ച് ലഭിക്കുന്ന ക്യുമുലേറ്റീവ് ഓപ്ഷന്‍ ഇതിലില്ല. പകരം ജനുവരി 1, ജൂലൈ 1 തീയതികളില്‍ ആറുമാസം കൂടുമ്പോള്‍ പലിശ കൃത്യമായി അക്കൗണ്ടിലെത്തും. അതിനാല്‍ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ബിഐയുടെ ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ട് സ്‌കീം ഏറെ അനുയോജ്യമാണ്.
മറ്റു നിക്ഷേപ പദ്ധതികളുമായുള്ള താരതമ്യം:
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം- 8.20 ശതമാനം, നിക്ഷേപ പരിധി 30 ലക്ഷം രൂപ വരെ
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് - 7.70 ശതമാനം, ഉയര്‍ന്ന പരിധിയില്ല
മന്ത്‌ലി ഇന്‍കം അക്കൗണ്ട്- 7.40 ശതമാനം
പബ്ലിക് പ്രോവിഡന്റ് ഫണ്ട്- 7.10 ശതമാനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates