മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 550 പോയിന്റ് താഴ്ന്ന് ആണ് ക്ലോസ് ചെയ്തത്. ഇതോടെ 76,000 പോയിന്റില്‍ താഴെ എത്തി നില്‍ക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,600 പോയിന്റിലേക്കാണ് ഇടിഞ്ഞത്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിലേക്ക് അടുക്കുകയാണ്. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാല്‍ ഗള്‍ഫില്‍ അമേരിക്കയുടെ കൈവശമുള്ള എണ്ണ പ്രകൃതിവാതക ശേഖരങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഇറാന്റെ ഭീഷണിയാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. കൂടാതെ യെമനിലെ ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്, ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യയില്‍ നിന്ന് എണ്ണ ഉല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവെച്ചതും എണ്ണവില ഉയരുന്നതിന്റെ ആക്കം കൂട്ടി.
റിയല്‍റ്റി, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് ഐടി ഓഹരികള്‍ പ്രധാനമായി നഷ്ടം നേരിട്ടത്. പലിശനിരക്ക് ഉയര്‍ത്തുന്നത് അമേരിക്കന്‍ ക്ലൈന്റുകള്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കാന്‍ ഇടയാക്കിയേക്കും. ഇത് അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനത്തെ ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഐടി കമ്പനികളെ ബാധിച്ചത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates