ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് പകരം ചെറിയ ദൈനംദിന തീരുമാനങ്ങള്‍ വഴി പേഴ്‌സണ്‍ ഫിനാന്‍സ് ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇവിടെ ദൈനംദിന വാങ്ങലുകള്‍ ട്രാക്ക് ചെയ്യുക എന്നത് പ്രധാനമാണ്. അപ്രതീക്ഷിത വാര്‍ഷിക ബില്ലുകള്‍ കൂടി മുന്‍കൂട്ടി കണ്ട് കൃത്യമായ ബജറ്റ് തയ്യാറാക്കാന്‍ സാധിച്ചാല്‍ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കും. ചെലവ് ശീലങ്ങള്‍ സുഗമമാക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനും ഏഴ് പ്രായോഗിക തന്ത്രങ്ങള്‍ താഴെ:
ഒരു മുഴുവന്‍ മാസത്തേയ്ക്കുള്ള എല്ലാ ചെലവുകളും ട്രാക്ക് ചെയ്യുക എന്നതാണ് പ്രധാനം. അല്ലാതെ തുടക്കത്തില്‍ തന്നെ ചെലവുകള്‍ മുന്‍കൂട്ടി കണ്ട് തുക വെട്ടിക്കുറയ്ക്കുന്നത് ഫലപ്രദമാവില്ല. വാടക പോലുള്ള സ്ഥിര ബില്ലുകള്‍ നല്‍കിയേ മതിയാവൂ. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്, ഇടയ്ക്കിടെയുള്ള ചായകുടി പോലുള്ള നിശബ്ദമായ ചെലവുകള്‍ ദൈനംദിനം എഴുതി വെയ്ക്കുന്നത് പണം എവിടെ പോകുന്നുവെന്ന് കൃത്യമായി മനസിലാക്കി കൃത്യമായ ബജറ്റിന് രൂപം നല്‍കാന്‍ സഹായിക്കും.
ചെലവുകള്‍ അവലോകനം ചെയ്യുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അവശ്യമായ ബില്ലുകള്‍ ഏതെല്ലാമാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കും. വിനോദം പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. എന്നാല്‍ ഉപയോഗിക്കാത്ത സ്ട്രീമിങ് സേവനങ്ങള്‍ക്ക് മാസംതോറും പണം നല്‍കുന്നത് പോലുള്ള അനാവശ്യമായ ചെലവുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.
മാസാവസാനം ചെലവുകള്‍ കഴിച്ചുള്ള തുക സേവ് ചെയ്യുന്നതിന് പകരം ശമ്പളം വരുമ്പോള്‍ തന്നെ ഒരു നിശ്ചിത തുക മാറ്റിവെയ്ക്കുന്നത് ശീലമാക്കുക. ഒരു പ്രത്യേക സേവിങ്‌സ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്ഫറുകള്‍ സജ്ജീകരിക്കുന്നത് സമ്പാദ്യശീലം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് സഹായകമാകും
വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വാഹന അറ്റകുറ്റപ്പണികള്‍, ഉത്സവ ചെലവുകള്‍ എന്നിവ പലപ്പോഴും പ്രതിമാസ ബജറ്റുകളെ തടസ്സപ്പെടുത്താറുണ്ട്. ഈ ചെലവുകള്‍ മുന്‍കൂട്ടി കണ്ട് മുന്‍കൂട്ടി തന്നെ സേവ് ചെയ്യാന്‍ സാധിച്ചാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിനെയോ ഉയര്‍ന്ന പലിശനിരക്കുള്ള വായ്പകളെയോ ആശ്രയിക്കേണ്ടതായി വരും.
പണപ്പെരുപ്പം വാങ്ങല്‍ ശേഷിയെ ഇല്ലാതാക്കും. ഇടയ്ക്കിടെ ചെലവുകള്‍ താരതമ്യം ചെയ്യുന്നത് പണപ്പെരുപ്പത്തിലെ മാറ്റം തിരിച്ചറിയാന്‍ സഹായിക്കും. ഘടനാപരമായ പലചരക്ക് ലിസ്റ്റ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുക. കുടുംബ ജീവിതശൈലിയില്‍ കടുത്ത വിട്ടുവീഴ്ചകള്‍ വരുത്താതെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം അടക്കം കുറയ്ക്കുക.
ക്രെഡിറ്റ് കാര്‍ഡുകള്‍ ചെലവ് കുറയ്ക്കുന്നതായി തോന്നിപ്പിക്കാം. പക്ഷേ കൃത്യസമയത്ത് മുഴുവന്‍ തുകയും അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാലന്‍സ് തുകയ്ക്ക് പലിശ നല്‍കേണ്ടി വരും.പതിവ് വാങ്ങലുകള്‍ ദീര്‍ഘകാല കടബാധ്യകളായി മാറുന്നത് തടയാന്‍ മുഴുവന്‍ തുകയും സമയബന്ധിതമായി അടയ്ക്കുക.
മാസംതോറും ബജറ്റ് അവലോകനം ചെയ്യുക. വരുമാനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ചെലവുകള്‍, മുന്‍ഗണനകള്‍ എന്നിവ തിരിച്ചറിയാനും അതിന് അനുസരിച്ച് ബജറ്റിന് രൂപം നല്‍കാനും ഇത് സഹായകമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates