ഇന്ത്യയിലെ ആദ്യ സ്‌പേസ്-ടെക് യൂണികോണായി സ്‌കൈറൂട്ട്  Skyroot Website
Business

'ഇന്ത്യയില്‍ വീണ്ടും യൂണിക്കോണ്‍'; 1 ബില്യണിലെത്തി ആദ്യ സ്‌പേസ്-ടെക് യൂണികോണായ സ്‌കൈറൂട്ട്

പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയിലെ ആദ്യ സ്‌പേസ്-ടെക് യൂണികോണ്‍ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പ് സ്‌കൈറൂട്ട് എയറോസ്‌പേസ്.

പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തിയത്. ഇതോടെ, ജസ്‌പേ, നെയ്സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി സ്‌കൈറൂട്ട്.

ഗൂഗിളിന്റെ ആദ്യ നിക്ഷേപകരിലൊരാളായ റാം ശിവറാം നയിക്കുന്ന ഷെര്‍പാലോ വെഞ്ചേര്‍സ്, സിംഗപ്പൂരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസി, ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്റോക്ക് എന്നിവര്‍ ചേര്‍ന്നാണ് ഈ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. ഗ്രീന്‍കോ ഗ്രൂപ്പ് സ്ഥാപകര്‍, അര്‍കം വെഞ്ച്വേഴ്സ്, പ്ലേബുക്ക് പാര്‍ട്ണേഴ്സ്, ഷാങ്വി ഫാമിലി ഓഫീസ് എന്നിവരും നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ന്റെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ് സ്‌കൈറൂട്ട്. അടുത്ത മാസങ്ങളില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നാകും വിക്ഷേപണം. വിക്രം -1 ദൗത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍മാണ ശേഷി കൂട്ടാനും വിക്രം -2 എന്ന ക്രയോജനിക് ലോഞ്ച് വാഹനത്തിന്റെ നിര്‍മാണം വേഗത്തിലാക്കാനുമാണ് പുതിയ ഫണ്ടിങ്ങുകൊണ്ട് സ്‌കൈറൂട്ട് ലക്ഷ്യമിടുന്നത്.

"ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളുണ്ട്. അതിനാല്‍തന്നെ വിക്രം -1 ന്റെ വിക്ഷേപണത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. നിക്ഷേപകര്‍ക്ക് സ്‌കൈറൂട്ടിന്റെ ഭാവിയിലെ വളര്‍ച്ചയിലും വിശ്വാസമുണ്ട്" - സ്‌കൈറൂട്ട് സിഇഒ പവന്‍ കുമാര്‍ ചന്ദന പറഞ്ഞു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭാരത് ധാക്ക എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യം.

2022-ല്‍ വിക്രം-എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര്‍മിച്ച ഇന്ത്യന്‍ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു. ഒരു മില്ല്യണ്‍ ഡോളറിലധികം മൂല്യമുള്ളതും, സ്വകാര്യ ഉടമസ്ഥതയിലുള്ളതും, വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകള്‍.

Skyroot Aerospace becomes India's first space-tech unicorn company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

എതിര്‍പ്പുകള്‍ക്ക് കീഴ്‌പ്പെടുമോ?; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവില്‍ സര്‍ക്കാര്‍ നിലപാട് ഇന്നറിയാം

'നടക്കാനുള്ള അവകാശം മൗലികാവകാശം'; നടപ്പാതകളില്‍ കിയോസ്‌ക് പാടില്ലെന്ന് ഹൈക്കോടതി

പ്രതിരോധക്കോട്ട കെട്ടി ഘാന; 'ലോ ബ്ലോക്ക്' പൊളിക്കാനാകാതെ ഇംഗ്ലണ്ട്; ഗോള്‍ രഹിത സമനില

തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛനുണ്ടായിരുന്നിടത്ത് ലോറിയും മണ്‍കൂനയും; കണ്‍മുന്നില്‍ അച്ഛന്‍ മാഞ്ഞുപോയതിന്റെ നടുക്കത്തില്‍ ആവണി