തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിനായി ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് ചെലവുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സർക്കാർ നടത്തിയ പുതിയ സർവേ റിപ്പോർട്ട്. അതേസമയം സ്വകാര്യ ട്യൂഷനായി കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാർ നടത്തിയ 'കോംപ്രഹെൻസീവ് മോഡുലാർ സർവേ: വിദ്യാഭ്യാസം, 2025', പ്രകാരം കേരളത്തിലെ ഒരു വിദ്യാർത്ഥി സ്കൂൾ വിദ്യാഭ്യാസത്തിനായി പ്രതിവർഷം ശരാശരി 16,518 രൂപയാണ് ചെലവഴിക്കുന്നത്. ഇത് ദക്ഷിണേന്ത്യയിലെ ഒരു വിദ്യാർത്ഥിയുടെ ഏറ്റവും കുറഞ്ഞ വാർഷിക ശരാശരി ചെലവാണ്
സർവേയിലെ കണ്ടെത്തലുകൾ പ്രകാരം, സ്കൂൾ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥിക്ക് അഖിലേന്ത്യാതലത്തിൽ ശരാശരി വാർഷിക ചെലവ് 13,051 രൂപയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാർഷിക ശരാശരി ചെലവ് 22,338 രൂപ, തൊട്ടുപിന്നിൽ തെലങ്കാന (21,652 രൂപ), ആന്ധ്രാപ്രദേശ് (19,344 രൂപ), കർണാടക (19,107 രൂപ) എന്നിങ്ങനെയാണ്.
കേരളത്തിലെ വിദ്യാർത്ഥികളുടെ ശരാശരി ചെലവിൽ പ്രധാന പങ്ക് കോഴ്‌സ് ഫീസ് അടയ്ക്കുന്നതിനായിരുന്നു (9,798 രൂപ), ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ചെലവുമാണ്.
കേരളത്തിലെ ഒരു വിദ്യാർത്ഥി വിദ്യാഭ്യാസ ആവശ്യത്തിനായുള്ള ഗതാഗതത്തിനായി ശരാശരി 6,000 രൂപയോളവും പാഠപുസ്തകങ്ങൾക്കും സ്റ്റേഷനറികൾക്കുമായി 2,000 രൂപയോ അതിനേക്കാൾ കുറച്ച് കൂടുതലോ ചെലവഴിക്കുന്നുണ്ടെന്ന് സർവേ പറയുന്നു.
സ്കൂൾ ഫീസിൽ ഈ കുറവുണ്ടെങ്കിലും സ്വകാര്യ ട്യൂഷനുള്ള വാർഷിക ചെലവിന്റെ കാര്യത്തിൽ, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ചെലവഴിക്കുന്ന ശരാശരി തുകയേക്കാൾ കൂടുതൽ തുകയാണ് കേരളത്തിൽ ചെലവഴിക്കപ്പെടുന്നതെന്ന് സർവേ പറയുന്നു.
കേരളത്തിലെ വിദ്യാർത്ഥികൾ സ്വകാര്യ ട്യൂഷനായി പ്രതിവർഷം ശരാശരി 11,836 രൂപ ചെലവഴിക്കുന്നു, ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണ്, അതേസമയം അഖിലേന്ത്യാ ശരാശരി 8,973 രൂപയാണ്.
കർണാടകയിലെ ഒരു വിദ്യാർത്ഥി സ്വകാര്യ ട്യൂഷനായി പ്രതിവർഷം ശരാശരി 7,839 രൂപ ചെലവഴിച്ചപ്പോൾ, തെലങ്കാനയിൽ ഇത് 7,570 രൂപയും തമിഴ്‌നാട്ടിൽ 6,765 രൂപയും ആന്ധ്രാപ്രദേശിൽ 6,435 രൂപയുമാണ്.
"സ്വകാര്യ ട്യൂഷനുള്ള ഉയർന്ന ചെലവ്, പ്രധാനമായും എൻട്രൻസ് കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള, സമാന്തര വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, അത് കേരളത്തിൽ അഭിവൃദ്ധി പ്രാപിച്ചുവരികയാണ്" കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിലെ പ്രൊഫസർ അമൃത് ജി കുമാർ അഭിപ്രായപ്പെട്ടു.
"പൊതുവിദ്യാഭ്യാസ സംവിധാനത്തെ മാത്രം ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ തോൽക്കാൻ കാരണം അത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണോ എന്ന വലിയ ചോദ്യത്തിലേക്കാണ് സർവേ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്, ”അദ്ദേഹം പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates