കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഈ മാസം തന്നെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷുറൻസ് പരിശീലന പരിപാടിയും കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും നടക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഹൈഡ്രോകെമിസ്ട്രി/മറൈൻ കെമിസ്ട്രി/ മറൈൻ സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫികറ്റുകൾ shaju@cusat.ac.in എന്ന വിലാസത്തിലേക്ക് അയക്കുക.
വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 27ന് രാവിലെ 10 മണിക്ക് കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസ്, ലേക്‌സൈഡ് ക്യാമ്പസ്സിൽവെച്ച് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2863403
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷുറൻസിനുവേണ്ടി (DGQA) തീവ്രപരിശീലന പരിപാടി ഓഗസ്റ്റ് 18 മുതൽ 22 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിൽവെച്ച് സംഘടിപ്പിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു അധ്യക്ഷത വഹിക്കും.
പോളിമർ ടെക്‌നോളജി, റബ്ബർ കോംപൗണ്ടിങ്, പ്രോസസ്സിംഗ്, സ്മാർട്ട് മാനുഫാക്‌ചറിംഗ് റബ്ബർ ഉത്പന്നങ്ങളുടെ ഗുണനിലവാരമളക്കൽ, റബ്ബർ ടെക്‌നോളജി നൂതന സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രഗത്ഭരായ പ്രൊഫസർമാരുടെയും വ്യവസായ വിദഗ്ധരുടെയും നേതൃത്വത്തിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകും. പരിശീലന പരിപാടിയുടെ ഭാഗമായി അപ്പോളോ ടയേഴ്‌സ്, റബ്-ടെക്സ് തുടങ്ങി റബ്ബർ അധിഷ്ഠിത വ്യവസായശാലാ സന്ദർശനവും സംഘടിപ്പിക്കും. സാങ്കേതിക വിജ്ഞാനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധ മേഖലയിലെ മെറ്റീരിയൽ ടെക്നോളജിയുടെ സാധ്യതകൾ വർധിപ്പിക്കുന്നതിൽ ഊന്നിയ ഈ പരിശീലനം രാജ്യത്തിന്റെ സായുധ മേഖലയിൽ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദേശീയ നയവുമായി ചേർന്നു പോകുന്നതാണെന്ന് വകുപ്പ് മേധാവി ഡോ. പ്രശാന്ത് രാഘവൻ അഭിപ്രായപ്പെട്ടു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എഞ്ചിനിയറിങ്ങിലെ ബി.ടെക്ക്, എം.ടെക്ക് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായുള്ള ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 19ന് ഉച്ചക്ക് 2 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലെക്സിൽവെച്ച് നടക്കും.
കൊച്ചി സിറ്റി കമ്മീഷണർ ഓഫ് പോലീസ് പുട്ട വിമലാദിത്യ ഐപിഎസ് മുഖ്യാതിഥിയാകും. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates