തിരുവനന്തപുരം: നിരവധി വിദ്യാർഥികളാണ് പുതു തലമുറ ബിരുദ പ്രോഗ്രാമുകൾ (FYUGP) പഠിച്ചിറങ്ങുന്നത്. എന്നാൽ ഈ ബിരുദം കൊണ്ട് ജോലി,ഉപരിപഠനം അടക്കമുള്ള ഏതെല്ലാം അവസരങ്ങൾക്ക് അർഹതയുണ്ട് എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്.
പരമ്പരാഗത ഡിഗ്രി കോഴ്സുകളിൽ നിന്ന് മാറി പരിചയമില്ലാത്ത മേജർ, മൈനർ, ഡബിൾ മേജർ ബിരുദങ്ങളുടെ യോഗ്യത സംബന്ധിച്ച് അജ്ഞത നീക്കാൻ സർക്കാർ ഒരുങ്ങുന്നു.
ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി, സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്ന എല്ലാ ബിരുദങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക രജിസ്ട്രി തയ്യാറാക്കാൻ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (KSHEC) നീക്കം ആരംഭിച്ചു.
ഓരോ യോഗ്യതയ്ക്കും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പറും (unique ID), അതിന്റെ അക്കാദമിക് മേഖലയെ സൂചിപ്പിക്കുന്ന കീവേഡുകൾ അടിസ്ഥാനമാക്കിയുള്ള വിവരണവും നൽകും.
"എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും വിവരങ്ങൾ അടങ്ങിയ ഒരു രജിസ്ട്രി ഞങ്ങൾ തയ്യാറാക്കും. കൗൺസിൽ അത് നിരീക്ഷിക്കുകയും ചെയ്യും. ഓരോ ബിരുദത്തിനും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഉണ്ടായിരിക്കും," KSHEC വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ്. നായർ പറഞ്ഞു. ഓരോ യോഗ്യതയെയും കുറിച്ചുള്ള കീവേഡ് അടിസ്ഥാനമാക്കിയുള്ള വിവരണം ഈ രജിസ്ട്രിയിൽ ഉണ്ടാകും.
ഉദാഹരണത്തിന്, ബയോടെക്നോളജി ബിരുദത്തെ 'അപ്ലൈഡ് സയൻസ്', 'സയൻസ്', 'ലൈഫ് സയൻസ്' തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് ആയിരിക്കും രജിസ്ട്രിയിൽ വിവരിക്കുക.
പി.എസ്.സി (PSC) വഴിയുള്ള നിയമനങ്ങൾക്കും ഉപരിപഠനത്തിനുമുള്ള യോഗ്യതകൾ നിർണ്ണയിക്കുന്നതിലും സർക്കാർ വകുപ്പുകളെ സഹായിക്കുക എന്നതാണ് ഈ രജിസ്ട്രിയുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി.
സർക്കാർ വകുപ്പുകളുമായും പിഎസ്‌സിയുമായും (PSC) ഈ നിർദ്ദേശം ചർച്ച ചെയ്യാനും, അവരുടെ യോഗ്യതാ മാനദണ്ഡങ്ങൾ രജിസ്ട്രിയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് പരിശോധിക്കാനും കൗൺസിൽ പദ്ധതിയിടുന്നു. രജിസ്ട്രി സംവിധാനം നടപ്പിലാകുന്നതോടെ, യോഗ്യത തെളിയിക്കാനുള്ള ബാധ്യത വിദ്യാർത്ഥികളിൽ നിന്ന് സ്ഥാപനങ്ങളിലേക്ക് മാറും.
"നിലവിൽ, അംഗീകാരവും യോഗ്യതയും സംബന്ധിച്ച കാര്യങ്ങൾ സർക്കാരും വിദ്യാർഥിയും തമ്മിലുള്ള വിഷയമാണ്. ഇതിനെ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വിഷയമാക്കി മാറ്റാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്," അച്യുത്ശങ്കർ പറഞ്ഞു.
ഈ സംവിധാനത്തിൽ, വിദ്യാർത്ഥികൾ തങ്ങളുടെ യോഗ്യതകൾ പ്രത്യേകം തെളിയിക്കുന്നതിന് പകരം, രജിസ്ട്രിയിലുള്ള വിവരങ്ങൾ തൊഴിൽ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും.
സർവ്വകലാശാലകൾ തങ്ങളുടെ ബിരുദങ്ങൾ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും, പിഎസ്‌സി വഴി നിയമനം നടത്തുന്ന വകുപ്പുകൾ രജിസ്ട്രിയെ അടിസ്ഥാനമാക്കി തങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പുനർനിർണ്ണയിക്കുകയും ചെയ്യുന്ന രീതിയാണ് കൗൺസിൽ വിഭാവനം ചെയ്യുന്നത്.
"രജിസ്ട്രിയെ നിയമപരമായ സാധുതയുള്ള സംവിധാനമാക്കാനാണു ഞങ്ങളുടെ നീക്കം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, സർവ്വകലാശാലകൾ തങ്ങളുടെ ബിരുദങ്ങൾ അതിൽ ചേർക്കണം. എന്നാൽ, ഈ നിർദ്ദേശം നിലവിൽ പ്രാഥമിക ആലോചനാ ഘട്ടത്തിലാണുള്ളത്. രജിസ്ട്രിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ യോഗം വിളിച്ചുചേർക്കാനും കൗൺസിൽ പദ്ധതിയിടുന്നുണ്ട്'' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates