ഐഐടി ബോംബെയും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തുന്ന എക്സിക്യൂട്ടീവ് എംബിഎ കോഴ്സ് വിവിധ കാരണങ്ങളാൽ ശ്രദ്ധേയമാണ്. ലോകത്തെ പ്രശസ്തമായ രണ്ട് സ്ഥാപനങ്ങൾ ചേർന്ന് ഇന്ത്യയിൽനടത്തുന്ന ആദ്യത്തെ സംയുക്ത എക്സിക്യൂട്ടീവ് എം ബി എ കോഴ്സാണിത്. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും സംരഭകർക്കും വേണ്ടി നടത്തുന്നതാണ് ഈ കോഴ്സ്.ഒരു പക്ഷെ ഇന്ത്യയിലെ ഏക സംയുക്ത എക്സിക്യൂട്ടീവ് എംബിഎ കോഴ്സും ഇതായിരിക്കും.
എക്സിക്യൂട്ടീവ് മേഖലയിലെ തുടർച്ചയായ പരിണാമവും പരിവർത്തനവും 21-ാം നൂറ്റാണ്ടിലെ തന്ത്രപരമായ പരിവർത്തനങ്ങൾക്ക് പ്രാപ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് ഇരു അക്കാദമിക് സ്ഥാപനങ്ങളും പറയുന്നു. ഈ ചിന്തയ്ക്ക് അനുസൃതമായി, മാനേജ്മെന്റ് രംഗത്തെ മാറ്റങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചും കൂടുതൽ ദീർഘവീക്ഷണത്തോടെ കാണുന്ന നിലയിൽ രൂപകൽപ്പന ചെയ്തതാണ് സംയുക്ത എക്സിക്യൂട്ടീവ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഇഎംബിഎ) ബിരുദകോഴ്സ്.
ഐഐടി ബോംബെയിൽ നിന്നും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള സംയുക്ത എക്സിക്യൂട്ടീവ് എംബിഎ ബിരുദം നേതൃത്വ കഴിവുകളുള്ള പ്രൊഫഷണലുകൾക്കായുള്ളതാണ്. ഒരു ബിസിനസ് യൂണിറ്റിന്റെയോ പ്രവർത്തന മേഖലയുടെയോ ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം സ്ഥാപനത്തിന്റെ ഏറ്റവും മികച്ച താൽപ്പര്യം നിറവേറ്റുന്നതിന് പ്രൊഫഷണലുകളെ പ്രാപ്തരാക്കുക എന്നതിലാണ് ഈ കോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിന്റെ കാലാവധി 18 മാസമാണ്, പ്രതിമാസം 4 ദിവസങ്ങളായി ക്ലാസുകൾ തിരിച്ചിരിക്കുന്നു, വ്യാഴാഴ്ച രാവിലെ ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം വരെ നീണ്ടുനിൽക്കുന്നതാകും ക്ലാസുകൾ. മുംബൈയിൽ 17 മൊഡ്യൂളുകൾ പൂർത്തിയാക്കണം. വാഷിംഗ്ടൺ ഡി.സി.യിലും സെന്റ് ലൂയിസിലും രണ്ടാഴ്ചയാകും കോഴ്സ് കാലാവധി, അവിടെ പഠിതാക്കൾ ബാക്കി മൂന്ന് കോഴ്‌സ് മൊഡ്യൂളുകൾ പൂർത്തിയാക്കുകയും അമേരിക്കൻ കമ്പനികൾ സന്ദർശിക്കുകയും ചെയ്യുന്ന രീതിയിലാണ് പഠനം ക്രമീകരിച്ചിട്ടുള്ളത്.
ഇ എം ബി എ (EMBA) കോഴ്‌സിലെ കരിക്കുലം, കോർ, അഡ്വാൻസ്ഡ് ഫങ്ഷണൽ മൊഡ്യൂളുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഫങ്ഷണൽ ഫണ്ടമെന്റൽസ്, മൾട്ടി-മോഡുലാർ , ക്രോസ് ഫങ്ഷണൽ പരിശീലനം, സ്ട്രാറ്റജിക്, ലീഡർഷിപ്പ് കോഴ്‌സുകൾ, പീപ്പിൾ മാനേജ്‌മെന്റ്, ബിസിനസ് കമ്മ്യൂണിക്കേഷൻ അപ്പ് സ്‌കില്ലിംഗ് എന്നിവയിൽ റിഫ്രഷ് പ്രോഗ്രാമുകളും ഉണ്ടാകും, ഇതെല്ലാം ക്ലാസ് റൂം പഠനം, കേസ് വിശകലനം, നിർദ്ദിഷ്ട വിഷയങ്ങളെക്കുറിച്ചുള്ള ബ്രീഫ് പേപ്പറുകൾ, കൂടുതൽ പ്രധാനപ്പെട്ട പേപ്പറുകൾ എന്നിങ്ങനെ ഘടനാപരമായി സംയോജിപ്പിച്ചാണ് നടത്തുന്നത്.
എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി ബോംബെയിൽ നിന്നും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ സംയുക്ത ബിരുദാനന്തര ബിരുദം നൽകും.
കോഴ്സ് ഫീസ് 45 ലക്ഷം ഇന്ത്യൻ രൂപയാണ്. ആദ്യഗഡുവായി മൂന്ന് ലക്ഷം രൂപ അടയ്ക്കണം. പിന്നീട് 14 ലക്ഷം വീതം മൂന്ന് ഗഡുക്കളായി അടയ്ക്കണം. വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന കോഴ്സാണ്. ട്യൂഷൻഫീസ്, മൊഡ്യൂളുകൾ, കേസ് സ്റ്റഡീസ്, മുംബൈ ക്യാംപസിലും വാഷിങ്ടൺയൂണിവേഴ്സിറ്റി ക്യാംപസിലും ക്ലാസ് നടക്കുന്ന കാലയളവിലെ താമസം, ഭക്ഷണം എല്ലാം ഉൾപ്പെടുത്തിയാണ് ഈ ഫീസ്. എന്നാൽ, ക്ലാസുകൾക്കായി മുംബൈ, യു എസ് എ എന്നിവിടങ്ങളിലേക്കുള്ള യാത്ര, വിസ യുടെ ഫീസ് എന്നിവ ഇതിൽ ഉൾപ്പെടില്ല.
വിശദവിവരങ്ങൾക്ക്: https://iitb-wustl.org/academics/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates