വിക്രം സാരാഭായ് സ്പേസ് സെന്റർ (ISRO, VSSC) സയന്റിസ്റ്റ്/ എൻജിനിയർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
തിരുവനന്തപുരം, ബെംഗളുരൂ, ശ്രീഹരിക്കോട്ട,ബെംഗളുരൂ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സയന്റിസ്റ്റ്/ എൻജിനിയർ തസ്തികകളിലെ ഒഴിവുകളിലേക്ക് ബി ടെക്/ബി ഇ, എം ഇ/എം ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഓൺലൈൻ വഴി ഒക്ടോബർ ആറ് (06-10-2025) വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
ഒക്ടോബർ ആറാം തീയതി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഓൺലൈനായി അപേക്ഷിക്കാം. മറ്റ് രീതികളിൽ നൽകുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നിലവിൽ 17 തസ്തികകളിൽ ആണ് ഒഴിവുള്ളത്. വിക്രം സാരാഭായ് സ്പേസ് സെന്റർ, തിരുവനന്തപുരം, സതീഷ് ധവാൻ സ്പേസ് സെന്റർ, ആന്ധ്രാപ്രദേശ്, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, തിരുവനന്തപുരം,ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ, ബെംഗളുരൂ എന്നിവിടങ്ങളിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം.
യോഗ്യത
* എം.ഇ/എം.ടെക് എല്ലാ സെമസ്റ്ററുകളുടെയും ശരാശരി 60% മാർക്കിൽ കുറയാത്തതോ അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ കുറഞ്ഞത് 6.5 CGPA/CPI ഗ്രേഡിങ്ങോ അല്ലെങ്കിൽ തത്തുല്യമോ നേടിയിരിക്കണം.
*ബി.ഇ/ബി.ടെക് കുറഞ്ഞത് 65% മാർക്ക് (എല്ലാ സെമസ്റ്ററുകളുടെയും ശരാശരി) നേടിയിരിക്കണം അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിലോ തത്തുല്യമായതോ ആയ കുറഞ്ഞത് 6.84 CGPA/CPI ഗ്രേഡിങ്ങോ നേടിയിരിക്കണം.
* AMIE/ഗ്രേഡ് IETE ഉദ്യോഗാർത്ഥികൾക്ക് സെക്ഷൻ ബിയിൽ മാത്രം കുറഞ്ഞത് 65% മാർക്ക് അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ CGPA 6.84 നേടിയിരിക്കണം. 31.05.2013 ന് മുമ്പ് AMIE-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ യോഗ്യതയുള്ളൂ.
ഉദ്യോഗാർത്ഥികളുടെ പ്രായ പരിധി
പ്രായപരിധി, അപേക്ഷിക്കാവുന്ന അവസാന തീയതിയായ ഒക്ടോബർ ആറിന് 30 വയസ് കഴിയാൻ പാടില്ല. അപേക്ഷകർ 06.10.1995 ന് മുമ്പോ 06.10.2007 ന് ശേഷമോ ജനിച്ചവരാകരുത്.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ISRO VSSC യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.vssc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 06-10-2025 ആണ്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷാഫീസ്, നിയമന രീതി തുടങ്ങിയ വിശദവിവരങ്ങൾക്ക്: www.vssc.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates