എൻജിനീയറിങ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കേരളാ എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പരീക്ഷ (കീം- KEAM) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടക്കുക
കീം എഴുതാനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് കടക്കേണ്ട സമയമാണിത്. ഒരാഴ്ച സമയമാണ് പരീക്ഷാർത്ഥികൾക്ക് ലഭിക്കുന്നത്. അവസാന ലാപ്പിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇതിനിടയിലുള്ള കാലയളവിൽ പ്ലസ് വൺ, പ്ലസ്ടു പാഠഭാഗങ്ങൾ ഒന്നുകൂടി നന്നായി മനസ്സിലാക്കിക്കാണുമല്ലോ. അതിനാൽ വിഷയത്തെ അടിസ്ഥാനമാക്കി സിലബസിനെ മൂന്നാക്കി തിരിക്കുകയാണ് ആദ്യം വേണ്ടത്.
മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ നിലകളിൽ വിഷയങ്ങൾ വിഭജിക്കുക. ഇനിയുള്ള ദിവസങ്ങളിൽ ഓരോ ദിവസം ഇതിൽ ഓരോ വിഷയം, വീതം ആദ്യ മൂന്ന് ദിവസങ്ങളിൽ എടുക്കുക.
ഉദാഹരണത്തിന് ആദ്യത്തെ ദിവസം പഠിക്കാൻ ഫിസിക്സ് ആണ് എടുക്കുന്നത് എന്ന് കരുതുക. എന്നാൽ അന്ന് രാവിലെ ആ വിഷയത്തിലെ പ്രധാനപ്പെട്ട പാഠഭാഗങ്ങൾ റിവൈസ് ചെയ്യുക. അതിന് അന്ന് ഉച്ചവരെയുള്ള സമയം നൽകാം.
ഉച്ചയക്ക് ശേഷം ഏത് വിഷയമാണോ രാവിലെ പഠിക്കാൻ എടുത്തത് അതേ വിഷയത്തിലെ മറ്റ് അധ്യായങ്ങളും ന്യൂമറിക്കൽസ്, ഫോർമുലകൾ എന്നിവ ചേർത്തു പഠിക്കുക.
വൈകുന്നേരം സാംപിൾ ചോദ്യങ്ങൾ ചെയ്തു നോക്കുക.
ഈ സമയത്ത് പുതിയവ പഠിച്ചെടുക്കാൻ സമയം മാറ്റിവെക്കാതിരിക്കുക എന്നതാണ് അഭികാമ്യം.
മൂന്ന് ദിവസം ഇത് ചെയ്തു കഴിഞ്ഞാൽ. നാലാം ദിവസം കീം പരീക്ഷയുടെ ഫോർമാറ്റ്, പാറ്റേൺ എന്നിവ എങ്ങനെയാണ് എന്ന് ഉറപ്പുവരുത്തുക.
അതിന് ശേഷം രാവിലെ തന്നെ മോക്ക് ടെസ്റ്റ് എഴുതി നോക്കുക.
ഉച്ചയ്ക്ക് ശേഷം മോക്ക് ടെസ്റ്റ് മൂല്യനിർണ്ണയം നടത്തുകയും അതിലെ ഏതൊക്കെ ഭാഗങ്ങളിലാണ് പിഴവുകൾ സംഭവിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്യുക, ആ ഭാഗങ്ങൾ വീണ്ടും മനസ്സിരുത്തി പഠിക്കുക. ആ മേഖലകളെ കേന്ദ്രീകരിച്ച് വീണ്ടും മോക്ക് ടെസ്റ്റ് നടത്തി നോക്കാവുന്നതാണ്. പരീക്ഷാ തീയതി ഒരു ദിവസം മുമ്പ് വരെ ഈ രീതി തുടരാം.
മോക്ക് ടെസ്റ്റ് നടത്തി സ്വയം കാര്യങ്ങൾ അറിയുന്നത് നല്ലതാണ്. പക്ഷേ, അതിലെ മാർക്കോ ശരിതെറ്റുകളോ സമ്മർദ്ദത്തിന് വഴിയൊരുക്കാതെ ശ്രദ്ധിക്കണം. മോക്ക് ടെസ്റ്റുകൾ കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രം ഉള്ളതാണ്. സമയം, വേഗത, കൃത്യത എന്നിവ അറിയാനും അത് മെച്ചപ്പെടുത്താനുമുള്ളത് മാത്രമാണ് എന്ന ഓർമ്മ ഉണ്ടാകണം.
എല്ലാ ദിവസവും പൂർണ്ണ സമയം പഠനം എന്ന് പറഞ്ഞ് മാറ്റിവെക്കാതിരിക്കുക. പഠിക്കുന്നതിടയിൽ ഇടവേള നൽകണം. അര മണിക്കൂർ പഠിച്ചു കഴിയുമ്പോൾ അഞ്ച് മിനിട്ട് സമയം നടക്കുകയോ അവിടെ നിന്നും മാറി മറ്റൊരു സ്ഥലത്തേക്ക് ഇരിക്കുകകയോ ചെയ്യണം. ഇങ്ങനെ വേണം ഓരോ സെഷനും പഠിക്കേണ്ടത്.
വൈകുന്നേരത്തെ പഠനം കഴിഞ്ഞാൽ കുറച്ച് സമയം രക്ഷിതാക്കളോടോ സഹോദരങ്ങളോടോ കുറച്ചു സമയം ചെലവിടാൻ മറക്കരുത്. ചെറിയൊരു നടത്തമാകാം, കുറച്ചു സമയം സുഹൃത്തുക്കളോട് ചെലവിടാം. ഇങ്ങനെ പരീക്ഷയുടെ പുറത്തുള്ള കാര്യങ്ങൾക്കായി കുറച്ചു സമയം മാറ്റിവെക്കണം.
പൊതുവായ കാര്യങ്ങളിലായിരിക്കണം ഈ സമയങ്ങളിൽ ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ ഏത് കാര്യമായാലും അതിന് ഇത്ര സമയം എന്ന് നിശ്ചയിക്കണം. 30 മിനിട്ട് അല്ലെങ്കിൽ 45 മിനിട്ട് അങ്ങനെ. ആ സമയം കൃത്യതയോടെ പാലിക്കണം. പരീക്ഷയുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.
ചൂട് കാലമായതിനാൽ വീടിനുള്ളിലിരുന്നാണ് പഠിക്കുന്നതെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. നല്ല ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. ഇതിലെല്ലാമുപരി നല്ല ഉറക്കം ഉണ്ടാകണം.
ഉറക്ക ശുചിത്വം പാലിക്കുക എന്നത് പ്രധാനമാണ്. കൃത്യ സമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് എഴുന്നേൽക്കുകയും ചെയ്യുക എന്ന ശീലം ഈ ദിവസങ്ങളിൽ നിർബന്ധമായി തുടരണം.
പരീക്ഷയുടെ തലേദിവസം തന്നെ അടുത്ത ദിവസം പരീക്ഷയ്ക്ക് പോകുമ്പോൾ കൊണ്ടുപോകേണ്ട കാര്യങ്ങൾ ഒക്കെ തയ്യാറാക്കി വെക്കുക.
വേഗതയും കൃത്യതയും തമ്മിലാണ് ഇത്തരം പരീക്ഷകളിലെ പ്രധാന മത്സരം എന്ന ഓർമ്മ വേണം. കൃത്യമായി ഉത്തരങ്ങൾ എഴുതുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. അതിനായി ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതാനുള്ള സമയം കണക്കാക്കണം. കഴിവതും പൂർണ്ണമായി ഉറപ്പുള്ള ശരി ഉത്തരങ്ങൾ മാത്രമെഴുതാൻ ശ്രദ്ധിക്കുക.
കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും ആണ് പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചത്. എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും ഫാർമസി പരീക്ഷ (സെഷൻ I) ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ 11.30 വരെയും നടക്കും.
വിദ്യാർഥികൾ പരീക്ഷാ സമയത്തിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക. സംശയങ്ങൾക്ക് 0471–2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates