പച്ചക്കറികളും പഴവർഗങ്ങളിലും നേരിട്ട് നമ്മുടെ അടുക്കളയിൽ എത്തുമ്പോൾ കീടനാശിനിയും അവശിഷ്ടങ്ങളും ധാരാളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പാകം ചെയ്യുന്നതിന് മുൻപ് പച്ചക്കറി നന്നായി കഴുകണം. പലരും പച്ചക്കറി വൃത്തിയാക്കാൻ ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉപ്പുവെള്ളത്തിൽ കഴുകിയാൽ എല്ലാ കീടനാശിനികളും ഇല്ലാതാകുമോ?
കൃഷിക്കിടെ ഉപയോഗിക്കുന്ന കീടനാശിനികൾ ചെടിയുടെ പുറംഭാഗത്തും ചിലപ്പോൾ ഉള്ളിലെ കലകളിലും എത്താം. അതുകൊണ്ട് പച്ചക്കറികൾ കഴുകുന്നത് പ്രധാനമാണെങ്കിലും ഉപ്പുവെള്ളത്തിൽ കഴുകിയാൽ എല്ലാ കീടനാശിനികളും ഇല്ലാതാകുമെന്ന് കരുതുന്നത് ശരിയല്ല.
ഇന്ത്യൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയുടെ (FSSAI) മാർഗനിർദേശപ്രകാരം, രണ്ട് ശതമാനം ഉപ്പുവെള്ളത്തിൽ കഴുകുന്നത് പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപരിതലത്തിലുള്ള കീടനാശിനികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ചെടിയുടെ ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെട്ട കീടനാശിനികളെ ഈ രീതി ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യാനാകില്ല.
എന്നാൽ ഉപ്പുവെള്ളത്തിൽ കഴുകുന്നതാണ് ഏറ്റവും മികച്ച മാർഗമെന്ന് ഉറപ്പിച്ച് പറയാനുമാകില്ല. അമേരിക്കയിലെ നാഷണൽ പെസ്റ്റിസൈഡ് ഇൻഫർമേഷൻ സെന്റർ (NPIC) ഉൾപ്പെടെയുള്ള വിദഗ്ധ സ്ഥാപനങ്ങൾ ശുദ്ധമായ ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതിനാണ് പ്രാധാന്യം നൽകുന്നത്. പച്ചക്കറികൾ വെള്ളത്തിൽ മുക്കിവയ്ക്കുന്നതിനേക്കാൾ ഒഴുകുന്ന വെള്ളത്തിനടിയിൽ ഉരച്ചുകഴുകുന്നത് ഉപരിതലത്തിലെ അഴുക്കും ചില കീടനാശിനി അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.
ഒഴുകുന്ന വെള്ളത്തിൽ കഴുകാം: പച്ചക്കറികൾ പാചകം ചെയ്യുന്നതിന് മുൻപ് ശുദ്ധമായ ടാപ്പ് വെള്ളത്തിൽ നന്നായി കഴുകുക. കൈകൊണ്ട് മൃദുവായി ഉരയ്ക്കുന്നതും അഴുക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.
ഇലക്കറികൾ പ്രത്യേകം ശ്രദ്ധിക്കാം: ചീര, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികൾ ഓരോന്നായി വേർതിരിച്ച് കഴുകണം. ഇലകൾക്കിടയിൽ മണ്ണും അഴുക്കും കീടനാശിനി അവശിഷ്ടങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാബേജ് പോലുള്ള പച്ചക്കറികളുടെ പുറം ഇലകൾ നീക്കം ചെയ്തശേഷം കഴുകാം.
കട്ടിയുള്ള തൊലിയുള്ളവ ഉരച്ചുകഴുകാം: വെള്ളരിക്ക, കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ വൃത്തിയുള്ള പച്ചക്കറി ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകാം.
പഴങ്ങളും കഴുകിയശേഷം മുറിക്കാം: ആപ്പിൾ, മുന്തിരി, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ തൊലി കളയുന്നതിന് മുൻപ് തന്നെ നന്നായി കഴുകണം. കഴുകാത്ത പഴങ്ങൾ മുറിക്കുമ്പോൾ പുറംഭാഗത്തുള്ള അഴുക്ക് കത്തിയിലൂടെ ഉള്ളിലേക്ക് എത്താം.
വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കാം: കഴുകിയശേഷം വൃത്തിയുള്ള തുണിയോ പേപ്പർ ടവ്വലോ ഉപയോഗിച്ച് പച്ചക്കറികളിലെ വെള്ളം തുടച്ചുമാറ്റാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates