നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ ആദ്യം വരുന്ന ഓപ്ഷന്‍ ഒരു ധാബയില്‍ പോകാം എന്നായിരിക്കും. ധാബയിലെ നിങ്ങളുടെ ഇഷ്ട വിഭവങ്ങളിലൊന്ന് അതേ രുചിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം എന്ന് പറഞ്ഞാലോ?
തന്തൂരി റൊട്ടി മലയാളികളുടെയും പ്രിയപ്പെട്ട വിഭവമാണ്. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടെങ്കില്‍ ധാബാ സ്റ്റൈലില്‍ തന്തൂരി റൊട്ടി വീട്ടിലുണ്ടാക്കാം. അപ്പൊ റെസിപ്പി നോക്കാം.
ചേരുവകൾ
ഗോതമ്പുപൊടി – 2 കപ്പ് (ആവശ്യമെങ്കിൽ കുറച്ച് മൈദ ചേർക്കാം)
തൈര് – 2-3 ടേബിൾസ്പൂൺ
ബേക്കിങ് പൗഡർ അല്ലെങ്കിൽ ബേക്കിംഗ് സോഡ – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ അല്ലെങ്കിൽ നെയ്യ് – 1 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
വെണ്ണ (Butter) അല്ലെങ്കിൽ നെയ്യ് – മുകളിൽ പുരട്ടാൻ
• ആദ്യം തന്നെ മാവ് തയ്യാറാക്കാം. ഇതിനായി മൈദയോ ഗോതമ്പ് പൊടിയോ ഉപയോഗിക്കാം. പൊടിയിലേക്ക് ഉപ്പും തൈരും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വെള്ളം അല്‍പാല്‍പ്പമായി വേണം ചേര്‍ക്കാന്‍. നന്നായി കുഴച്ചു കഴിഞ്ഞാല്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടിയതിന് ശേഷം രണ്ട് മണിക്കൂര്‍ മാറ്റിവയ്ക്കണം.
• മാവിനെ ചെറിയ ഉരുളകളാക്കി മാറ്റണം. ഉരുളയുടെ വലുപ്പം അധികം വലുതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുക്കറിന്റെ പാകത്തിന് വേണം റൊട്ടിയുടെ വലുപ്പം.
ഉരുളകളാക്കിയ ശേഷം നീളത്തില്‍ പരത്തിയെടുക്കാം. കട്ടി തീരെ കുറഞ്ഞുപോകാതിരിക്കാനും ശ്രദ്ധിക്കണം.
പരത്തിയെടുത്ത ശേഷം ഇരുവശത്തും കൈ ഉപയോഗിച്ച് വെള്ളം തേക്കാം. കുക്കറില്‍ വെക്കുമ്പോള്‍ ഒട്ടിനില്‍ക്കാന്‍ വേണ്ടിയാണ് വെള്ളം തേക്കുന്നത്. കുക്കര്‍ കുറച്ചുസമയം ചൂടാക്കിയ ശേഷം വേണം പരത്തിവച്ചിരിക്കുന്ന റൊട്ടി വെക്കാന്‍. കുക്കറിന്റെ വശങ്ങളില്‍ ചൂടെത്തി എന്ന് ഉറപ്പാക്കിയതിന് ശേഷം പരത്തിവച്ചിരിക്കുന്ന റൊട്ടി വെള്ളം പുരട്ടിയ ഭാഗം താഴെ വരുന്ന രീതിയിൽ ഒട്ടിച്ചുവയ്ക്കുക.
അഞ്ച് മിനിറ്റിന് ശേഷം കുക്കര്‍ തലകീഴായി തീയിലേക്ക് തിരിച്ചുപിടിക്കണം. റൊട്ടിയുടെ നിറം ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ എടുക്കാം.
റൊട്ടിയില്‍ നെയ് തേച്ച് ചൂടോടെ വിളമ്പാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates