ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ദോശ, ഇഡ്ലി, പുട്ട്, അപ്പം അങ്ങനെ നമുക്കിഷ്ടമുള്ള നാടൻ വിഭവങ്ങൾ ഏറെയാണ്. എന്നാൽ ഇവയിലൊക്കെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കാനും പിന്നീട് താഴാനും കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് ക്ഷീണം, അസ്വസ്ഥത, വിശപ്പ്, വീണ്ടും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം എന്നിവയ്ക്ക് കാരണമാകാം.
രാവിലെ കാർബോഹൈഡ്രേറ്റിന്റെ അളവു കൂട്ടുന്നതിന് പകരം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ഇതിനുള്ള സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ആരംഭിക്കുമ്പോൾ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതിന് ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. പ്രോട്ടീനിനൊപ്പം കാർബോഹൈഡ്രേറ്റും ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ സ്ഥിരമായ ഊർജം നിലനിർത്താൻ സഹായിക്കും. ക്ഷീണം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.
എന്നാൽ പ്രഭാതഭക്ഷണത്തിൽ എത്രത്തോളം പ്രോട്ടീൻ ഉൾപ്പെടുത്തണം എന്നതാണ് പ്രധാന ചോദ്യം. പഠനങ്ങൾ പ്രകാരം ഓരോ ഭക്ഷണത്തിലും 25 മുതൽ 30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തമെന്നാണ്. പേശികളുടെ വളർച്ചയ്ക്കും ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രോട്ടീൻ അത്യാവശ്യമായ പോഷകഘടകമാണ്.
ആരോഗ്യകരമായ കൊഴുപ്പുകളും നാരുകൾ അടങ്ങിയ പച്ചക്കറികളും ഉൾപ്പെടുന്ന ഭക്ഷണക്രമത്തിനൊപ്പം ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നതും പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ലഭിക്കാനും ഇത് സഹായിക്കുന്നു.
പ്രഭാതഭക്ഷണത്തിൽ 25 മുതൽ 30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ഭക്ഷണ ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് കുറയ്ക്കാനും ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പും ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹം നിയന്ത്രിക്കാനും സഹായിച്ചേക്കാം. എഫ്ഡിഎയുടെ ശുപാർശ പ്രകാരം മുതിർന്നവർ ഓരോ പൗണ്ട് ശരീരഭാരത്തിനും പ്രതിദിനം ഏകദേശം 0.36 ഗ്രാം പ്രോട്ടീൻ കഴിക്കണം. അതായത് 160 പൗണ്ട് (ഏകദേശം 72.5 കിലോഗ്രാം) ഭാരമുള്ള ഒരാൾക്ക് പ്രതിദിനം ഏകദേശം 58 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.
എന്നാൽ പ്രോട്ടീൻ്റെ കുറവ് ഒഴിവാക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അളവാണിത്. മികച്ച ആരോഗ്യത്തിനും പേശികളുടെ ശരിയായ പ്രവർത്തനത്തിനും ഇതിലും കൂടുതൽ പ്രോട്ടീൻ ആവശ്യമായി വന്നേക്കാം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഈ കുറഞ്ഞ അളവിന്റെ ഏകദേശം ഇരട്ടിയോളം പ്രോട്ടീൻ കഴിക്കാമെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം.
എന്നാൽ ഓരോരുത്തരുടെയും പ്രോട്ടീൻ ആവശ്യം വ്യത്യസ്തമായിരിക്കും. പ്രായം, ശരീരഭാരം, ശാരീരിക അധ്വാനത്തിന്റെ അളവ്, ഗർഭാവസ്ഥ, പേശികൾ വളർത്താനുള്ള ശ്രമം, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ലക്ഷ്യം തുടങ്ങിയ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കും.
ദിവസത്തിൻ്റെ തുടക്കത്തിൽ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രതിദിനം ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാർബോഹൈഡ്രേറ്റുകളെ അപേക്ഷിച്ച് വിശപ്പ് നിയന്ത്രിക്കാൻ പ്രോട്ടീൻ കൂടുതൽ ഫലപ്രദമാണ്. പ്രത്യേകിച്ച് 20–30 ഗ്രാം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ നേരം വയറുനിറഞ്ഞ സംതൃപ്തി അനുഭവപ്പെടാം.
മാത്രമല്ല, പ്രഭാതഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ (HDL) അളവ് വർധിപ്പിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതും പെട്ടെന്നുള്ള വ്യതിയാനങ്ങൾ കുറയ്ക്കുന്നതും നിരവധി ആരോഗ്യഗുണങ്ങൾ നൽകും. മാനസികാവസ്ഥ മെച്ചപ്പെടുത്തുക, വിശപ്പ് നിയന്ത്രിക്കുക, ഊർജം നിലനിർത്തുക, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായകമാണ്.
അതുകൊണ്ട് പ്രഭാതഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകൾക്ക് മാത്രം പ്രാധാന്യം നൽകാതെ ആവശ്യത്തിന് പ്രോട്ടീനും ഉൾപ്പെടുത്താം. ദിവസത്തിൻ്റെ തുടക്കത്തിൽ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നത് ഊർജസ്വലമായ ഒരു ദിവസം ഉറപ്പാക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates