ബാറ്ററി ചാര്‍ജ് തീര്‍ന്നുപോകുമെന്ന് ആശങ്കപ്പെടുന്നവര്‍ക്കായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി. റിയല്‍മി പി4ആര്‍ ഫൈവ് ജി എന്ന പേരില്‍ ബാറ്ററി ഫ്സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയത്.
8,000 mAh ശേഷിയുള്ള കൂറ്റന്‍ ബാറ്ററി ഉണ്ടെങ്കിലും ഈ ഫോണിന്റെ കനം വെറും 8.8 മില്ലീമീറ്ററും ഭാരം 224 ഗ്രാമും മാത്രമാണെന്നതാണ് പ്രധാന സവിശേഷത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഫോണ്‍ മൂന്ന് ദിവസം വരെ തടസ്സമില്ലാതെ ഉപയോഗിക്കാമെന്നാണ് റിയല്‍മി അവകാശപ്പെടുന്നത്. കൂടാതെ, ഏഴ് വര്‍ഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ ഹെല്‍ത്ത് 80 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
HD+ (1570×720 പിക്‌സല്‍) റെസല്യൂഷനും, 144Hz റിഫ്രഷ് റേറ്റും, 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.8 ഇഞ്ച് LCD സ്‌ക്രീനാണുള്ളത്. 400% വരെ ശബ്ദം നല്‍കാന്‍ ശേഷിയുള്ള ഒരു സിംഗിള്‍ ലീനിയര്‍ സ്പീക്കറും ഇതിലുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 6300 (MediaTek Dimensity 6300) പ്രൊസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം 6 ജിബി വരെയുള്ള LPDDR4X റാമും 256 ജിബി വരെയുള്ള UFS 2.2 സ്റ്റോറേജുമുണ്ട്. Realme UI 7.0ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലെ ചൂട് നിയന്ത്രിക്കാനായി 5,300 mm² വലിപ്പമുള്ള വേപ്പര്‍ ചേമ്പര്‍ നല്‍കിയിട്ടുണ്ട്.
f/1.8 അപ്പേര്‍ച്ചറുള്ള 50MP പിന്‍ കാമറയാണ് ഫോണിലുള്ളത്. ഇതിനൊപ്പം പോര്‍ട്രെയ്റ്റ് ഗ്ലോ , ഇറേസര്‍ 2.0 (Eraser 2.0), അള്‍ട്രാ ക്ലാരിറ്റി (Ultra Clarity), അണ്‍ബ്ലര്‍ (Unblur) തുടങ്ങിയ എഐ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈറ്റാനിയം ഗ്ലെയര്‍, സില്‍വര്‍ ഗ്ലെയര്‍, ലാവെന്‍ഡര്‍ ഗ്ലെയര്‍ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്. ഫോണിനൊപ്പം 45W ഫാസ്റ്റ് ചാര്‍ജര്‍ ലഭിക്കും. ഫോണ്‍ 1 ശതമാനത്തില്‍ നിന്ന് 100 ശതമാനം വരെ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 1 മണിക്കൂര്‍ 45 മിനിറ്റ് സമയമേ എടുക്കൂ. വില്‍പ്പന ജൂണ്‍ 17 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും (Flipkart) ഔദ്യോഗിക റിയല്‍മി സ്റ്റോറിലും ആരംഭിക്കും. 18,999 രൂപ മുതല്‍ 22,999 രൂപ വരെയാണ് വില. തുടക്കത്തില്‍ വാങ്ങുന്നവര്‍ക്ക് 2,000 കിഴിവ് ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates