മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ വിലകൂടിയ ഹെയർ കെയർ ഉൽപന്നങ്ങൾ ഉപയോഗിച്ചതുകൊണ്ട് ശരിയാകണമെന്നില്ല. ദിവസവും പിന്തുടരുന്ന ചെറിയ ശീലങ്ങൾക്കും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. രാവിലെ മുടി ചീകുന്നതും എണ്ണ തേയ്ക്കുന്നതും പോലെ തന്നെ പ്രധാനമാണ് രാത്രി ഉറങ്ങുന്നതിന് മുൻപുള്ള മുടി സംരക്ഷണവും. ഉറക്കത്തിനിടെ മുടി പൊട്ടിപ്പോകുന്നത്, കെട്ടുപിണയുന്നത്, ഡ്രൈനസ് തുടങ്ങിയ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
മുടിയിലെ കെട്ടുകൾ സാവധാനം മാറ്റാം
ദിവസം മുഴുവൻ പുറത്തുപോയി നടക്കുമ്പോഴും ജോലികളിൽ ഏർപ്പെടുമ്പോഴും മുടിയിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടാം. മുടി കെട്ടുപിണയാനും സാധ്യതയുണ്ട്. ഉറങ്ങുന്നതിന് മുൻപ് വീതിയുള്ള പല്ലുകളുള്ള ചീർപ്പ് ഉപയോഗിച്ച് മുടി സാവധാനം ചീകുന്നത് കെട്ടുകൾ മാറ്റാൻ സഹായിക്കും. മുടി നനഞ്ഞിരിക്കുമ്പോൾ ശക്തിയായി ചീകുന്നത് ഒഴിവാക്കുക. കാരണം നനഞ്ഞ മുടി കൂടുതൽ ദുർബലമായിരിക്കും. മുടി വലിച്ചുപിടിച്ച് ചീകുന്നതും ഒഴിവാക്കണം.
ഉറങ്ങുമ്പോൾ മുടി ഇറക്കിയിടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നവർക്ക് അയഞ്ഞ രീതിയിൽ പിന്നിക്കെട്ടാം. എന്നാൽ മുടി വളരെ മുറുക്കി പോണിടെയിലോ ബണ്ണോ ആയി കെട്ടിവയ്ക്കുന്നത് ഒഴിവാക്കണം. ഇത്തരത്തിൽ മുടി വലിഞ്ഞിരിക്കുന്നത് മുടിയുടെ വേരുകളിൽ സമ്മർദമുണ്ടാക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അയഞ്ഞ രീതിയിൽ പിന്നിയിടുന്നത് (Loose braid) ഒരു നല്ല മാർഗമാണ്. മുടി കെട്ടാൻ മൃദുവായ തുണികൊണ്ടുള്ള സ്ക്രഞ്ചി ഉപയോഗിക്കാം.
കുളിച്ചശേഷം മുടി നന്നായി ഉണങ്ങാതെ ഉറങ്ങുന്ന ശീലം ഒഴിവാക്കണം. നനഞ്ഞ മുടി കൂടുതൽ ദുർബലമായതിനാൽ തലയിണയുമായുള്ള തുടർച്ചയായ ഉരസൽ മുടി പൊട്ടാൻ കാരണമാകാം. കൂടാതെ നനഞ്ഞ സ്കാൽപ്പിൽ ഈർപ്പം ദീർഘനേരം നിലനിൽക്കുന്നതും അസ്വസ്ഥതകൾക്ക് ഇടയാക്കാം. അതിനാൽ ഉറങ്ങുന്നതിന് മുൻപ് മുടി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. ആവശ്യമെങ്കിൽ കുറഞ്ഞ ചൂടിൽ ഹെയർ ഡ്രയർ ഉപയോഗിക്കാം.
മുടി വരണ്ടതും പരുപരുത്തതുമാണെങ്കിൽ ഉറങ്ങുന്നതിന് മുൻപ് മുടിയുടെ അറ്റങ്ങളിൽ അൽപം ഹെയർ ഓയിലോ ലീവ് ഇൻ കണ്ടീഷണറോ ഉപയോഗിക്കാം. ഇത് മുടിയിലെ ഈർപ്പം നിലനിർത്താനും കെട്ടുപിണയുന്നത് കുറയ്ക്കാനും സഹായിക്കും. വെളിച്ചെണ്ണ, ആർഗൻ ഓയിൽ തുടങ്ങിയവ ചെറിയ അളവിൽ ഉപയോഗിക്കാം. എന്നാൽ അമിതമായി എണ്ണ പുരട്ടുന്നത് ഒഴിവാക്കണം. എണ്ണ പുരട്ടിയാൽ മുടി വേഗത്തിൽ വളരുമെന്നോ മുടികൊഴിച്ചിൽ തടയുമെന്നോ ഉറപ്പില്ല. സ്കാൽപ്പിലെ താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ എണ്ണ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ഉറങ്ങുമ്പോൾ തലയിണയിൽ മുടി ഉരസുന്നത് കെട്ടുപിണയാനും മുടി പൊട്ടാനും കാരണമാകാം. സാധാരണ കോട്ടൺ തലയിണ കവറുകളെ അപേക്ഷിച്ച് സിൽക്ക് അല്ലെങ്കിൽ സാറ്റിൻ കവറുകൾ മുടിയുമായുള്ള ഘർഷണം കുറയ്ക്കാൻ സഹായിച്ചേക്കും. അതിനാൽ മുടി എളുപ്പത്തിൽ പൊട്ടുന്നവർക്കും നീളമുള്ള മുടിയുള്ളവർക്കും ഇത്തരം തലയിണ കവറുകൾ ഉപയോഗിക്കുന്നത് ഗുണകരമായേക്കാം. സാറ്റിൻ ഹെയർ ബോണറ്റും മറ്റൊരു മാർഗമാണ്. ഇവ പതിവായി വൃത്തിയാക്കാനും ശ്രദ്ധിക്കണം.
മുടിയുടെ സംരക്ഷണം എന്നത് പുറമേ ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. നല്ല ഉറക്കവും പോഷകസമൃദ്ധമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്. ആവശ്യത്തിന് പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. ദിവസവും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates