ജലദോഷമോ മൂക്കടപ്പോ ഉണ്ടായാൽ ആദ്യം ചെയ്യുക, ആവി പിടിക്കുക എന്നതാണ്. ആവി പിടിക്കുന്നതിലൂടെ അടഞ്ഞ മൂക്കിന് അൽപം ആശ്വാസം കിട്ടാനും കഫക്കെട്ട് കുറയാനും സഹായിക്കും. എന്നാൽ പലരും ചെയ്യുന്ന അബദ്ധമാണ് ചൂടു വെള്ളത്തിൽ ബാം ചേർത്ത് ആവി പിടിക്കുന്നത്. ഇത് പെട്ടെന്ന് ആശ്വാസം നൽകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ബാമിലെ രാസവസ്തുക്കൾ കഫത്തെ അലിയിക്കുന്നതിന് പകരം ശ്വാസകോശത്തിന് ദോഷം ചെയ്തേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതിനുപകരം തുളസിയില, യൂക്കാലിപ്‌റ്റസ്, പനിക്കൂർക്കയില തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ ചേർക്കുന്നത് നല്ലതാണ്. അഥവാ ചേർത്താലും വളരെ ചെറിയ അളവിലായിരിക്കണം. അതുപോലെ വെള്ളം തിളയ്ക്കുമ്പോൾ നേരിട്ട് ചേർക്കാതിരിക്കാനും ശ്രദ്ധിക്കണം.
തുളസിയില: കഫക്കെട്ടിനും ജലദോഷത്തിനും വളരെ നല്ലതാണ്.
യൂക്കാലിപ്‌റ്റസ്: ശ്വാസമെടുക്കാൻ എളുപ്പമാക്കുകയും മൂക്കടപ്പ് കുറയ്ക്കുകയും ചെയ്യും.
പനിക്കൂർക്കയില: ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസം നൽകുന്നു.
പാത്രത്തിൽ ആവി പിടിക്കുമ്പോൾ കോട്ടൺ തുണിയോ ടവ്വലോ ഉപയോഗിച്ച് തലമൂടിയാൽ കൂടുതൽ ഫലപ്രദമായിരിക്കും.
ആവി കണ്ണിലേക്ക് നേരിട്ട് പതിക്കാത്ത രീതിയിൽ അകലം പാലിക്കാനും ശ്രദ്ധിക്കുക.
15 മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്, ഇത് മൂക്കിലെ രോമകൂപങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ട്.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വേപൊറൈസറുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. സ്വിച്ച് ഓഫ് ചെയ്തശേഷം മാത്രമേ ഇതിൽ വെള്ളം നിറയ്ക്കുകയും ഒഴിവാക്കുകയും ചെയ്യാവൂ.
ചൂടായിക്കഴിഞ്ഞാൽ ആവി വരുന്ന ഭാഗത്തേക്ക് മുഖം കൂടുതലായി അടുപ്പിക്കരുത്. ഉയർന്ന ചൂടുള്ള ആവിയായിരിക്കും അതിലൂടെ വരുന്നത്. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ വേപൊറൈസറിലെ വെള്ളം മാറ്റുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates