വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ഹിന്ദി റിയാലിറ്റി ഷോകളെ കൂടുതൽ ജനപ്രിയമാക്കിയ അവതാരികയാണ് ഭാർതി സിങ്. കഴിഞ്ഞ ഒക്ടോബറിലാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഭാർതി സിങ്ങും ഭർത്താവ് ഹർഷ് ലിംബാച്ചിയും ആരാധകരോട് പങ്കുവെച്ചത്. മൂന്നുവയസ്സുള്ള ലക്ഷാണ് ഇവരുടെ ആദ്യത്തെ കുഞ്ഞ്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം താൻ നേരിട്ട പോസ്റ്റ് പാർട്ടം വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് ഭാർതി.
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ദിവസങ്ങളോളം താൻ അനിയന്ത്രിതമായി കരഞ്ഞുകൊണ്ടിരുന്നുവെന്ന് ഭാർതി പറയുന്നു. എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് അറിയില്ല, വെറുതെയിരിക്കുമ്പോൾ പോലും കണ്ണീർ വരും. വീട്ടിൽ ഒരുതരത്തിലുള്ള ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എല്ലാം നല്ല നിലയിലായിരുന്നു. സഹായിക്കാൻ ചുറ്റും ആളുകളുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് അറിയാൻ ഏറെ പ്രയാസപ്പെട്ടുവെന്നും ഭാരതി യുട്യൂബിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന കടുത്ത വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ (PPD). ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഇത് കാണപ്പെടുന്നത്. സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം, ഉത്കണ്ഠ, കുറ്റബോധം, കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കുക, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ പ്രശ്നങ്ങളാണ് പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ. ചികിത്സിക്കാതെയിരിക്കുന്നത് സ്ഥിതി വഷളാകാനും ഗുരുതര മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകാം.
ഹോർമോൺ മാറ്റങ്ങൾ, ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പോസ്റ്റ് പാർട്ടം ഡിപ്രഷന് കാരണമാകുന്നത്. വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കാൺസിലിങ്, സൈക്കോതെറാപ്പി എന്നിവ മതിയാകും.
എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.
പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടണം. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്.
വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം.
പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.
സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, അയാളുമായി തന്നെ ആശയവിനിമയം നടത്തുക.
ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates