ഫാറ്റി ലിവർ പൂർണമായും ഭേദമാകുമോ? പലർക്കുമുള്ളൊരു സംശയമാണ്. ആരോഗ്യകരമായ ജീവിതശൈലി മാറ്റത്തിലൂടെ രോഗത്തിന്റെ ഘട്ടമനുസരിച്ച് ഇത് ചികിത്സിച്ചു ഭേദമാക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇന്ന് ഒരു പകർച്ചവ്യാധി പോലെ ഫാറ്റി ലിവർ രോഗാവസ്ഥ ഒരുപാട് ആളുകളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അമിതവണ്ണം, പ്രമേഹം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയൊക്കാണ് ഫാറ്റി ലിവറിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
കരളിൽ സാധാരണയേക്കാൾ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരളിന്റെ ഭാരം ഏകദേശം അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് നിറഞ്ഞാൽ ഇത് ഫാറ്റി ലിവറായി കണക്കാക്കുന്നു. ഫാറ്റി ലിവർ പ്രധാനമായും രണ്ട് തരത്തിലുണ്ട്. അമിത മദ്യപാനത്തെ തുടർന്നുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ (Alcoholic Fatty Liver Disease), മദ്യപിക്കാത്തവരിൽ കാണുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (Non-Alcoholic Fatty Liver Disease - NAFLD).
ഫാറ്റി ലിവറിന്റെ ആദ്യ ഘട്ടത്തിൽ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടുള്ള പ്രശ്നങ്ങളായിരിക്കും ഉണ്ടാവുക. ഇത് ശരിയായ ഭക്ഷണക്രമവും വ്യായാമവും ശരീരഭാര നിയന്ത്രണത്തിലൂടെയും കരളിലെ കൊഴുപ്പ് കുറച്ചു കൊണ്ടുവരാനും കരളിനെ സാധാരണ നിലയിലേക്ക് എത്തിക്കാനും സാധിക്കും.
എന്നാൽ രോഗം കൂടുതൽ ഗുരുതരമായി കരളിൽ വീക്കം (Steatohepatitis), ഫൈബ്രോസിസ് (Fibrosis), സിറോസിസ് (Cirrhosis) എന്നീ ഘട്ടങ്ങളിലെത്തിയാൽ പൂർണമായി പഴയ നിലയിലാകാനുള്ള സാധ്യത കുറഞ്ഞു വരുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ രോഗത്തിന്റെ പുരോഗതി തടയാനും കരളിനെ കൂടുതൽ നശിക്കുന്നതിൽ നിന്ന് സംരക്ഷിക്കാനും സാധിക്കും.
അമിതവണ്ണമുള്ളവർ ശരീരഭാരത്തിൻ്റെ ഏഴ് മുതൽ 10 ശതമാനം വരെ കുറച്ചാൽ കരളിലെ കൊഴുപ്പ് ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. വേഗത്തിലുള്ള നടത്തം, സൈക്കിൾ ഓടിക്കുക, നീന്തൽ, യോഗ പോലുള്ളത് പരിശീലിക്കാവുന്നതാണ്.
നിങ്ങളുടെ ഡയറ്റിൽ പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, പരിപ്പ്, മത്സ്യം, നട്സ് എന്നിവ ചേർക്കാവുന്നതാണ്. അതേസമയം, പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ, ബേക്കറി വിഭവങ്ങൾ, ഫാസ്റ്റ് ഫുഡ്, ഡീപ് ഫ്രൈഡ് ഭക്ഷണം, അമിത മധുരം എന്നിവ പരിമിതപ്പെടുത്തണം.
പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ് എന്നിവ നിയന്ത്രിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഫാറ്റി ലിവർ ഉള്ളവർ കഴിയുന്നത്ര മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കരൾ കൂടുതൽ നശിച്ചു പോകാതെ സംരക്ഷിക്കും.
ചില മരുന്നുകളും സപ്ലിമെന്റുകളും കരളിന് ദോഷകരമാകാം. അതുകൊണ്ട് എന്ത് മരുന്നു കഴിക്കുന്നതിന് മുൻപും ഡോക്ടറുടെ ഉപദേശം തേടുക.
ഫാറ്റി ലിവറിന് പലപ്പോഴും ഒറ്റ മരുന്നായി ഉണ്ടാകാറില്ല. പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനുള്ള മരുന്നുകളും ശരീരഭാരം കുറയ്ക്കാനുള്ള ജീവിതശൈലി മാറ്റങ്ങളുമാണ് ചികിത്സയുടെ പ്രധാന ഭാഗം. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ചില മരുന്നുകൾ നിർദേശിക്കാറുള്ളൂ.
പ്രാരംഭ ഘട്ടത്തിൽ: അകാരണമായ ക്ഷീണം, തലകറക്കം, പൊതുവായ അസ്വസ്ഥതകൾ അനുഭവപ്പെടാം.
കരൾ വീക്കം ആരംഭിക്കുമ്പോൾ: വാരിയെല്ലിന് താഴെ വലതുഭാഗത്ത് വേദനയോ സമ്മർദ്ദമോ അനുഭവപ്പെടാം. ഓക്കാനം, ദഹനക്കുറവ്, വയറിളക്കം, കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം (മഞ്ഞപ്പിത്തം), വരണ്ട ചർമം, ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം.
രോഗം ഗുരുതരമായി സിറോസിസിലേക്ക് എത്തുമ്പോൾ: അടിവയറ്റിൽ വെള്ളം കെട്ടിക്കിടക്കുക, രക്തം ഛർദ്ദി, മാനസിക ആശയക്കുഴപ്പം എന്നിവ അനുഭവപ്പെടാം.
ചികിത്സ വൈകിപ്പിക്കുന്നത് രോഗാവസ്ഥ മൂർച്ഛിക്കാൻ കാരണമാകുകയും കരൾ മാറ്റിവയ്ക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates