വിവാഹിതരെ അപേക്ഷിച്ച് അവിവാഹിതരിൽ കാൻസർ സാധ്യത കൂടുതലെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് മിയാമി ഹെൽത്ത് സിസ്റ്റത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. വിവാഹിതരായ പുരുഷന്മാരെക്കാൾ 68 ശതമാനം കൂടുതൽ കാൻസർ നിരക്ക് അവിവാഹിതകായ പുരുഷന്മാരിൽ കണ്ടെത്തി. അവിവാഹിതരായ സ്ത്രീകളിൽ ഇത് 83 ശതമാനമാണെന്നും കാൻസർ റിസർച്ച് കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വിവാഹിതരായവർ, വിവാഹമോചിതർ, വിധവകൾ എന്നിവരെ ഒരു വിഭാഗമായും അവിവാഹിതരെ മറ്റൊരു വിഭാഗമായും തിരിച്ചാണ് പഠനം നടത്തിയത്. പ്രായം കൂടുന്തോറും വിവാഹം നൽകുന്ന ഈ ആരോഗ്യപരമായ നേട്ടങ്ങൾ വർധിച്ചു വരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. വിവാഹം നൽകുന്ന സുരക്ഷിതമായ അന്തരീക്ഷം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
വിവാഹം നേരിട്ട് കാൻസർ സാധ്യത തടയുന്നില്ലെങ്കിലും വിവാഹ ജീവിതത്തിലെ ചില ഘടകങ്ങൾ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.
വൈകാരികവും സാമൂഹികവുമായ മികച്ച പിന്തുണ
രോഗലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുകയും ചികിത്സ തേടാൻ പങ്കാളി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ജീവിതശൈലി
പുകവലി, അമിത മദ്യപാനം തുടങ്ങിയ അപകടകരമായ ശീലങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറയുന്നു.
വിവാഹിതരായ വ്യക്തികൾക്ക് മികച്ച ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതും, കൃത്യമായ ഫോളോ-അപ്പുകൾക്ക് പങ്കാളി സഹായിക്കുന്നതും ഡോക്ടർമാർ അവർക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതുമൊക്കെ ഈ കണക്കുകളെ സ്വാധീനിച്ചേക്കാമെന്ന് ചിലർ വാദിക്കുന്നു. അവിവാഹിതരായ രോഗികളോട് ആരോഗ്യമേഖലയിൽ ചിലപ്പോൾ വിവേചനം ഉണ്ടാകാമെന്ന് ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ വളർത്തുമൃഗങ്ങൾ വഴിയുള്ള ശക്തമായ സാമൂഹിക ബന്ധങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. അവിവാഹിതർക്ക് കൃത്യമായ ആരോഗ്യ പരിശോധനകളിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഇത്തരം റിസ്ക്കുകൾ കുറയ്ക്കാൻ സാധിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
സ്ത്രീകളിലെ ഉയർന്ന കാൻസർ സാധ്യത
അവിവാഹിതരായ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കാൻസർ സാധ്യത കൂടുതലായി കാണപ്പെടുന്നത് ശ്രദ്ധേയമാണ്. ഇതിന് ജൈവശാസ്ത്രപരമായ കാരണങ്ങളും ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. അതായത്, ഒരിക്കലും ഗർഭം ധരിക്കാത്ത സ്ത്രീകളിൽ അണ്ഡാശയ കാൻസർ, എൻഡോമെട്രിയൽ കാൻസർ എന്നിവയ്ക്ക് സാധ്യത കൂടുതലായേക്കാം. എന്നിരുന്നാലും സാമൂഹികവും പെരുമാറ്റപരവുമായ ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates