കേരളത്തിൽ ഒരു വീട്ടിൽ കുറഞ്ഞത് ഒരു പ്രമേഹരോഗിയെങ്കിലും ഉണ്ടാകുമെന്ന് അവസ്ഥയാണ് ഇപ്പോഴുള്ളത്. ചെറുപ്പക്കാറിൽ ഒരു വലിയ വിഭാഗം ഇന്ന് പ്രീ-ഡയബറ്റീസിന്റെ വക്കിലാണ്. വീട്ടിൽ തന്നെ ബ്ലഡ് ഷുഗർ പരിശോധിക്കാനുള്ള സംവിധാനം ലഭ്യമായപ്പോൾ പ്രമേഹ നിയന്ത്രണം ആളുകൾക്കിടയിൽ കുറച്ചുകൂടി എളുപ്പമായി.
ഇതിലൂടെ ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിൽ വരുത്തേണ്ട മാറ്റങ്ങൾ ദൈനംദിനം അറിയാൻ സാധിക്കും. എന്നാൽ പരിശോധിക്കുമ്പോൾ ചില അബദ്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കൃത്യമായ ഫലം നൽകുന്നതിൽ വ്യത്യാസം വരുത്താം.
രക്തപരിശോധനയ്ക്ക് മുൻപ് കൈകൾ ചെറുചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണങ്ങണം. ഗ്ലൂക്കോമീറ്ററിൽ പുതിയ ടെസ്റ്റ് സ്ട്രിപ്പ് ഇടുക. വിരലിന്റെ നടുഭാഗത്ത് കുത്തുന്നതിന് പകരം വശങ്ങളിൽ കുത്തുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഓരോ തവണയും പുതിയ സൂചി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
കൈകളിൽ ഭക്ഷണത്തിന്റെ അംശമോ മധുരമോ ഉണ്ടെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി കാണിക്കാൻ ഇടയാക്കും.
ഒരേ സൂചി തന്നെ പലതവണ ഉപയോഗിക്കുന്നത് അണുബാധയ്ക്കും വേദനയ്ക്കും കാരണമാകും.
ടെസ്റ്റ് സ്ട്രിപ്പുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് വേണം സ്ട്രിപ്പുകൾ സൂക്ഷിക്കാൻ.
രക്തം വരാനായി വിരലിൽ അമിതമായി അമർത്തുന്നത് ഒഴിവാക്കുക.
ഗ്ലൂക്കോമീറ്ററിലെ ബാറ്ററി ചാർജ് കുറവാണെങ്കിൽ ചിലപ്പോൾ കൃത്യമായ ഫലം ലഭിക്കണമെന്നില്ല.
പ്രമേഹ രോഗികൾക്ക് അവരുടെ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കുമെങ്കിലും, ഭക്ഷണക്രമത്തിലോ മരുന്നിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates