കേരളത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള ജീവിതശൈലി രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലെന്ന് ദേശീയ ആരോഗ്യ സർവെ (NFHS 6) 2023-24. ജീവിതശൈലിയിലെ വ്യത്യാസങ്ങളും ജനസംഖ്യാ ഘടനയിലെ മാറ്റങ്ങളും കണക്കിലെടുത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ നടന്ന സർവെ പ്രകാരം, ഇന്ത്യയിലെ സ്ത്രീകളിൽ 17.8 ശതമാനം പേരും പുരുഷന്മാരിൽ 20.9 ശതമാനം പേരും പ്രമേഹ ബാധിതരാണ് അല്ലെങ്കിൽ പ്രമേഹ നിയന്തണത്തിന് മരുന്നു കഴിക്കുന്നവരാണ്.
അതേസമയം കേരളത്തിലെ സ്ത്രീകളിൽ പ്രമേഹബാധിതരുടെ എണ്ണം 28.9 ശതമാനവും പുരുഷന്മാരിൽ 31.9 ശതമാനവുമാണ്. 2019-21 ഇത് യഥാക്രമം 24.8 ശതമാനവും 27 ശതമാനവുമായിരുന്നു. ഉയർന്ന രക്തസമ്മർദമുള്ളവരുടെ കണക്കു പരിശോധിക്കുമ്പോഴും ദേശീയതലത്തെക്കാൾ മുകളിലാണ് കേരളത്തിലെ കണക്കുകൾ. ദേശീയതലത്തിൽ സ്ത്രീകളിൽ 19.4 ശതമാനവും 22.1 ശതമാനം പുരുഷന്മാരും ഉയർന്ന രക്തസമ്മർദം ഉള്ളവാരാണെന്ന് കണ്ടെത്തി, അല്ലെങ്കിൽ രക്തസമ്മർദം നിയന്ത്രിക്കുന്നതിന് മരുന്നു കഴിക്കുന്നവരാണ്.
എന്നാൽ കേരളത്തിൽ സ്ത്രീകളിൽ 31.9 ശതമാനം പേരും പുരുഷന്മാരിൽ 36.6 ശതമാനം പേരുമാണ് ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്നത്. 2019-21ലെ കണക്കു പ്രകാരം, ഇത് 30.9 ശതമാനവും 32.8 ശതമാനവുമായിരുന്നു. കേരളത്തിലെ പ്രായമായവരുടെ ജനസംഖ്യ കൂടിയതും ജീവിതശൈലിയിലെ മാറ്റങ്ങളുമായി ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിന് പിന്നിലെ കാണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
15 വയസ്സിനും അതിന് മുകളിൽ പ്രായമായവരിലും സാംക്രമികേതര രോഗങ്ങളും സര്‍വെ വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രായമായവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. കേരളത്തില്‍ ഏകദേശം 20 ശതമാനം ആളുകളും 60 വയസ്സിന് മുകളിലുള്ളവരാണ്. സംസ്ഥാനത്തിന്റെ ജനനിരക്ക് കുറയുന്നതും ആയുര്‍ദൈര്‍ഘ്യം കൂടുന്നതും വ്യത്യസ്തമായ ഒരു ജനസംംഖ്യാ ഘടനയ്ക്ക് കാരണമായിട്ടുണ്ട്.
പ്രായമായവരില്‍ പ്രമേഹവും രക്തസമ്മര്‍ദവും കൂടുതലായി കാണപ്പെടുന്നതിനാല്‍ മുതിര്‍ന്നവരില്‍ മൊത്തത്തിലുള്ള വ്യാപനം സ്വാഭാവികമായും കേരളത്തില്‍ കൂടുതലായിരിക്കുമെന്ന് കേരള സ്റ്റേറ്റ് ഐഎംഎ ഗവേഷണ സമിതി കണ്‍വീനര്‍ ഡോ. രാജീവ് ജയദേവന്‍ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. ഇത് സംസ്ഥാനത്തിന്റെ കണക്കുകളും ദേശീയ ശരാശരിയും തമ്മിലുള്ള വ്യത്യാസത്തിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദേശീയതലത്തില്‍ 12.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജനസംഖ്യയുടെ 20.7 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണെന്ന് സര്‍വെ കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലിയുമായി ബന്ധപ്പെട്ട ആശങ്കകളിലേക്ക് കൂടിയാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പ്രായമായവരുടെ ജനസംഖ്യ ഒരു പ്രധാന ഘടകമാണെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. അല്‍താഫ് അലി പറയുന്നു.
മലയാളികൾ ജീവിതശൈലി പരിഷ്കരണങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതശൈലിയും സംസ്‌കാരവും മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ വ്യവസ്ഥാപിത ഇടപെടലുകള്‍ ജീവിതശൈലി രോഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates