cracking knuckles Meta AI Image
Health

ഞൊട്ടയൊടിക്കുന്നത് ആർത്രൈറ്റിസിന് കാരണമാകുമോ?

ഞൊട്ടയൊടിയ്ക്കുമ്പോള്‍ ഫ്ലൂയിഡിനുള്ളിലെ പ്രഷര്‍ കുറയുകയും ഇത് വായു കുമിളയായി മാറുകയും കുമിളകൾ പൊട്ടുകയും ചെയ്യുന്ന ശബ്ദമാണ് ഞൊട്ടയൊടിക്കുമ്പോൾ കേൾക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വെറുതെയിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ നമ്മൾ വളരെ യാദൃച്ഛികമായി ചെയ്യുന്ന ഒന്നാണ് ഞൊട്ടയൊടിക്കല്‍, ഇത് മനസിന് ഒരു സംതൃപ്തി നല്‍കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഞൊട്ടയൊടിക്കുന്നത് ചിലർ ആശ്വാസമായി കാണുന്ന ഒരു കാര്യമാണ്. എന്നാൽ നിരന്തരം ഇത്തരത്തിൽ ഞൊട്ടയൊടിക്കുന്നത് എല്ലുകൾ ഒടിയാനും ആർത്രൈറ്റിസ് പോലുള്ള സന്ധിരോ​ഗങ്ങൾക്ക് കാരണമാകുമെന്നും വിശ്വസിക്കുന്നവരുമുണ്ട്.

ഞൊട്ടയൊടിച്ചാൽ ആർത്രൈറ്റിസ് ഉണ്ടാകുമോ?

അതിന് ആദ്യം ഞൊട്ടയൊടിക്കുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നതെന്ന് മനസിലാക്കണം. ശരീരത്തിലെ വിരല്‍ ഉള്‍പ്പെടെയുള്ള ജോയന്റുകൾക്കിടയിൽ കാണപ്പെടുന്ന ഒരു ദ്രാവകമാണ് സിനോവിയല്‍ ഫ്ലൂയിഡ്. ഇതിൽ ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ് വാതകങ്ങൾ അടങ്ങിയിട്ടുണ്ട്. ഞൊട്ടയൊടിയ്ക്കുമ്പോള്‍ ഫ്ലൂയിഡിനുള്ളിലെ പ്രഷര്‍ കുറയുകയും ഇത് വായു കുമിളയായി മാറുകയും കുമിളകൾ പൊട്ടുകയും ചെയ്യുന്ന ശബ്ദമാണ് ഞൊട്ടയൊടിക്കുമ്പോൾ കേൾക്കുന്നത്. ഈ കുമിള വീണ്ടും ഫ്ലൂയിഡിലേയ്ക്ക് തന്നെ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

ഇനി ഇത് ആർത്രൈറ്റിസിന് കാരണമാകുമോ എന്നുള്ളതാണ് അടുത്ത ചോദ്യം, സന്ധികളിൽ മർദം ചെലുത്തുമ്പോഴാണ് ഫ്ലൂയിഡിനുള്ള വാതകക്കുമിളകൾ പൊട്ടുന്നത്. എന്ന് കരുതി സന്ധികൾക്ക് തകരാർ സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് ഏയിംസിലെ ന്യൂറോളജിസ്റ്റ് ആയ ഡോ. പ്രിയങ്ക ശെരാവത്ത് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിൽ വ്യക്തമാക്കുന്നു.

ഞൊട്ടയൊടിക്കൽ ആർത്രൈറ്റിസ് ഉണ്ടാക്കുമെന്നത് വെറും മിത്തു മാത്രമാണെന്നും അദ്ദേഹം പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഞൊട്ടയൊടിക്കുന്നത് ആർത്രൈറ്റിസ് ഉണ്ടാകാൻ ഒരു ഘടകമല്ലെന്ന് കണ്ടെത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അമിതമായോ ശക്തമായോ ഞൊട്ടയൊടിക്കുന്നത് ചിലരിൽ താൽക്കാലിക വീക്കം അല്ലെങ്കിൽ പിടിയുടെ ശക്തി കുറയാൻ കാരണമായേക്കാം, എന്നാൽ ആർത്രൈറ്റിസുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള കാരണം

ആര്‍ത്രൈറ്റിസ് എന്നാല്‍ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് ആർത്രൈറ്റിസ് ഉണ്ടാകാം. അതില്‍ ചിലത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്. പ്രായം, ജനിതകശാസ്ത്രം, പരിക്കുകൾ, സ്വയം രോഗപ്രതിരോധ ഘടകങ്ങൾ, അമിതവണ്ണം, ചില ജീവിതശൈലി ശീലങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഈ അവസ്ഥകൾ സ്വാധീനിക്കാം.

Does cracking knuckles cause arthritis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്

ലോകകപ്പില്‍ ദസുന്‍ ഷനക ശ്രീലങ്കയെ നയിക്കും; പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു

പുട്ട് പാളിപ്പോയോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകൾ

'അനശ്വരയുടെ ഫോണിന് ഇനി വിശ്രമമുണ്ടാകില്ല'; ഊരി വീണ വളയെടുത്തു നല്‍കി രാം ചരണ്‍; ആരാധകനെന്ന് നാഗ് അശ്വിനും, വിഡിയോ

SCROLL FOR NEXT