പ്രമേഹരോഗികൾ ഇല്ലാത്ത വീടുകൾ ഇന്ന് കേരളത്തിൽ ചുരുക്കമായിരിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് നമ്മുടെ നാട്ടിലാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 20 ശതമാനത്തോളം ആളുകൾ പ്രമേഹബാധിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, മനസിക സമ്മർദം എന്നിവ പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്നതിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. മരുന്ന്, ഭക്ഷണം, ശീലങ്ങൾ എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുമെന്നിരിക്കെ വിപണിയിലും സോഷ്യൽമീഡിയയിലും പലതരത്തിലുള്ള 'ഷുഗർ റെഡ്യൂസിങ്' ട്രെൻഡുകൾ തരംഗമാകാറുണ്ട്.
ഇന്ന് ഒരുപാട് പേർ പഞ്ചസാരയ്ക്ക് പകരം മോങ്ക് ഫ്രൂട്ട് സ്വീറ്റ്നർ (എക്സ്ട്രാക്ട്) ഉപയോഗിക്കാറുണ്ട്. കേട്ടറിഞ്ഞ ആരോഗ്യഗുണങ്ങളുടെ പശ്ചാത്തലത്തിൽ, ചിലർ ഫ്രഷ് മോങ്ക് ഫ്രൂട്ട് തന്നെ അന്വേഷിച്ച് നടക്കാറുമുണ്ട്.
പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായി കഴിക്കാവുന്ന സ്വീറ്റ്നര്‍, മോങ്ക് ഫ്രൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുന്നില്ലെന്നാണ് വ്യാപക പ്രചരണം. കൂടാതെ കലോറി ഒട്ടുമില്ലാത്തതിനാല്‍ ശരീരഭാരം കുറയ്ക്കാനും കാന്‍സറിനെ വരെ ചെറുക്കാനും ഇത് സഹായിക്കുമെന്നും വാദിക്കുന്നവരുണ്ട്.
അറിയാത്തവർക്കായി, മോങ്ക് ഫ്രൂട്ടിനെ ഒന്നു പരിചയപ്പെടുത്താം. ആള് സ്വദേശിയല്ല, ചൈനീസ് ആണ്. ലുവോ ഹാന്‍ ഗുവോ അഥവാ ബുദ്ധ ഫ്രൂട്ട് എന്നും മോങ്ക് ഫ്രൂട്ട് അറിയപ്പെടുന്നു. ഗ്വാഡ് കുടുംബത്തിൽ പെട്ട മോങ്ക് ഫ്രൂട്ട് വള്ളികളായി പടർന്നു വളരുന്ന ചെടിയാണ്.
പരമ്പരാഗത ചൈനീസ് മരുന്നുകളില്‍ മോങ്ക് ഫ്രൂട്ട് കഫക്കെട്ടിനും തൊണ്ടവേദനയ്ക്കും മരുന്നായും ഹെര്‍ബല്‍ ടീ ഉണ്ടാക്കാനും സൂപ്പ് തയ്യാറാക്കാനും ഉപയോഗിച്ചിരുന്നു. ഉരുണ്ട്, പച്ച നിറത്തിൽ കാണപ്പെടുന്ന ഇവയെ ഉണക്കിയെടുത്ത ശേഷമാണ് എക്സ്ട്രാറ്റ് വേർതിരിച്ചെടുക്കുന്നത്.
മധുരം.., മധുരമെന്ന് പറഞ്ഞാൽ സാധാരണ പഞ്ചസാരയെക്കാൾ 100 മുതൽ 250 മടങ്ങ് മധുരം. ഇതിൽ ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ കഠിനമായ മധുരത്തിന് പിന്നിൽ 'മോഗ്രോസൈഡ്' എന്ന പ്രത്യേകതരം ആന്റി-ഓക്സിഡന്റ് ആണ്. മോങ്ക് ഫ്രൂട്ടിന്റെ പൾപ്പിൽ നിന്ന് മോഗ്രോസൈഡ് വേതിരിച്ചെടുത്താണ് മോങ്ക് ഫ്രൂട്ട് എക്സ്ട്രാക്ട് ഉണ്ടാക്കുന്നത്.
മോഗ്രോസൈഡ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ലെന്നാണ് വാദം (തെളിയിക്കപ്പെട്ടിട്ടില്ല). മോങ്ക് ഫ്രൂട്ട് എക്സ്ട്രാക്ട് പഞ്ചസാരയ്ക്ക് പകരം ഇപ്പോൾ പല ഉൽപ്പന്നങ്ങളിലും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) അംഗീകാരത്തോടെയാണ് ഇത് മധുരമായി ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ മധുരത്തിന്റെ തീവ്രത കുറയ്ക്കാനും പഞ്ചസാരയ്ക്ക് സമാനമായ രുചി ലഭിക്കുന്നതിനും കമ്പനികൾ എറിത്രിറ്റോള്‍ പോലുള്ള പ്രകൃതിദത്ത പഞ്ചസാരകളും ചേര്‍ക്കാറുണ്ട്.
ഇവിടെ ചെറിയ പ്രശ്നം ഉണ്ട്, ക്ലീവ്‌ലാൻഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോവാസ്കുലർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പ്രിവൻഷൻ സെന്റർ സമീപകാലത്ത് നടത്തിയൊരു പഠനത്തിൽ എറിത്രിറ്റോള്‍ ഉപയോഗിച്ചുള്ള മോങ്ക് ഫ്രൂട്ട് എക്സ്ട്രാക്ട്റ്റ് രക്തം കട്ടിപിടിക്കാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റ് പ്രത്യേകതകൾ, ഇവയ്ക്ക് സീറോ കലോറി ആയതു കൊണ്ട് തന്നെ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു). കൂടാതെ ഇവയ്ക്ക് ആന്റി-ഓക്സിഡന്റൽ, ആന്റി-കാൻസർ, ആന്റി-ഡയബെറ്റിക് ഗുണങ്ങൾ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു, മനുഷ്യരിൽ വിശദമായ പഠനങ്ങൾ ഇനിയും ആവശ്യമാണ്.
"എല്ലാ പഴങ്ങളിലും ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഹൈപ്പോ ഗ്ലൈസിമിക് ഇഫക്ട്സ് ഉള്ള, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്ന ഗുണങ്ങൾ അടങ്ങിയ മരുന്നും ഭക്ഷണങ്ങളുമാണ് കഴിക്കേണ്ടത്. മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് മരുന്നുകൾ പുറത്തിറങ്ങുന്നത്, അതിന് കൃത്യമായ ഡോസ് ഉണ്ടാകും. എന്നാൽ ഭക്ഷണത്തിന്റെ കാര്യം അങ്ങനെയല്ല. ഭക്ഷണത്തിൽ കൃത്യമായ ഒരു ഡോസ് വയ്ക്കാൻ കഴിയില്ല.
പഴങ്ങളും പച്ചക്കറികളുമൊക്കെ ഭക്ഷണത്തിന്‍റെ ഗണത്തിലാണ് വരുന്നത്. ഇവയില്‍ പലതിനും പ്രമേഹത്തെ കുറയ്ക്കാനുള്ള ഗുണങ്ങള്‍ ഉണ്ടാകും. അവ കഴിച്ചാൽ ഒരുപക്ഷെ പ്രമേഹം കുറഞ്ഞുവെന്നും വരാം. എന്നാൽ ഭക്ഷണത്തെ മരുന്നായി കണക്കാക്കാൻ കഴിയില്ല. പ്രമേഹം കുറയ്ക്കുന്ന ഭക്ഷണം അമിതമായി കഴിച്ചാൽ അത് ടോക്സിക് ആകുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല. മോങ്ക് ഫ്രൂട്ടിന്റെ കാര്യത്തിലും അങ്ങനെയാണ്. അവയുടെ എക്സ്ട്രാക്ട് ഗുണമേന്മ അനുസരിച്ച് ഒരുപക്ഷെ നല്ലതായിരിക്കാം"- ഡോ. രാജേഷ് വി, തൃപ്പൂണിത്തുറ ആയുവേദ മെഡിക്കൽ കോളജ്.
"മാർക്കറ്റിൽ അങ്ങനെ പല ട്രെന്റുകളും ഒരോ കാലങ്ങളിലും വന്നു പോകാറുണ്ട്. മോങ്ക് ഫ്രൂട്ടിന് ദോഷമൊന്നുമില്ല, സീറോ കലോറി ആകുമ്പോൾ അല്ലെങ്കിൽ ഒരു സ്വീറ്റനർ ആയി ഉപയോഗിക്കുമ്പോൾ ഏതാണ്ട് സ്റ്റീവിയയുടെ ഗുണം തന്നെ ലഭിക്കും. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ ഒരുതരത്തിലുള്ള സ്വീറ്റ്നറുകളും പരീക്ഷിക്കുന്നത് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. എന്നാൽ പഴമായി നോക്കിയാൽ, ഷുഗർ കുറയ്ക്കുന്നതിന് വേണ്ടി അമിതമായി കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായിരിക്കണമെന്നില്ല. മിതത്വമാണ് പ്രധാനം.
ജ്യൂസ് ആയി ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പഴങ്ങൾ കഴിക്കുന്നതു കൊണ്ട് മറ്റൊരു പ്രത്യേകത സ്നാക്കിങ് ഒഴിവാക്കാൻ സഹായിക്കും. അത് പ്രമേഹ നിയന്ത്രണത്തിനും ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്കും മികച്ചതായിരിക്കും. ഷുഗര്‍ കുറയ്ക്കണമെന്ന ഉദ്ദേശത്തോടെ വിലകൂടിയ മോങ്ക് ഫ്രൂട്ട് തന്നെ വാങ്ങി കഴിക്കണമെന്നില്ല, അങ്ങനെ നോക്കിയാല്‍ പാഷന്‍ ഫ്രൂട്ടും മികച്ചതാണ്. അതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ കഴിക്കാവുന്നതുമാണ്"- മഞ്ജു പി. ജോര്‍ജ്, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ വിഭാഗം ചീഫ് ഡയറ്റീഷന്‍, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റല്‍, കൊച്ചി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates