പ്രായമാകുമ്പോൾ സ്വഭാവികമായും പ്രതിരോധ ശേഷി കുറയുകയും പല തരത്തിലുള്ള രോഗങ്ങൾ പിടിപ്പെടാനും കാരണമാകും. എന്നാൽ ഇവയിൽ നിന്നൊക്കെ ഒരു പരിധിവരെ സംരക്ഷണം നൽകുന്ന കവചമാണ് വാക്സിനുകൾ. 65 വയസിന് മുകളിൽ പ്രായമായ എല്ലാവരും നിർബന്ധമായും എടുത്തിരിക്കേണ്ട രണ്ട് വാക്സിനുകളാണ് ഫ്ലൂ, ന്യൂമോകോക്കൽ വാക്സിനുകൾ.
വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവിദഗ്ധനും കേരള സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. ബി ഇക്ബാൽ ഫേയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.
ഞാനിന്ന് വാർഷിക ഫ്ലൂ വാക്സിൻ എടുത്തു. മുതിർന്ന പൗരർ ആരോഗ്യത്തോടെയിരിക്കാൻ ഫ്ലൂ, ന്യൂമോകോക്കൽ വാക്സിനുകൾ സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്. ഫ്ലൂ വൈറസിന് നിരന്തരം ജനിതക മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ, ഓരോ വർഷത്തെയും പുതിയ വൈറസ് ഘടനയ്ക്ക് അനുസരിച്ച് പുതിയ വാക്സിൻ നിർമ്മിക്കും. സാധാരണയായി സെപ്റ്റംബർ മാസത്തോടെ പുതിയ വാക്സിൻ വിപണിയിൽ ലഭ്യമാകും. 65 വയസ്സിന് മുകളിലുള്ളവർ ഈ ഫ്ലൂ വാക്സിൻ എല്ലാ വർഷവും നിർബന്ധമായും എടുക്കണം.
ഇതോടൊപ്പം, ന്യുമോണിയ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള വാക്സിനായ ന്യൂമോകോക്കൽ വാക്സിൻ മുൻപ്, രണ്ട് ഡോസുകളിലായി (PCV13ഉം PPSV23 ഉം) എടുക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ, 20 ജനിതക വിഭാഗങ്ങളെ (സീറോടൈപ്പുകൾ) പ്രതിരോധിക്കുന്ന Prevnar 20 (PCV20) എന്ന പുതിയ വാക്സിൻ ലഭ്യമാണ്. ഇത് ഒറ്റത്തവണ എടുത്താൽ മതിയാകും, വാക്സിനേഷൻ ലളിതമാക്കാനും സംരക്ഷണം വിപുലപ്പെടുത്താനും ഇത് സഹായിക്കുന്നു.
ഫ്ലൂ ബാധിച്ചാൽ, അതിനു പിന്നാലെ ന്യുമോകോക്കൽ ബാക്ടീരിയ മൂലമുള്ള ശ്വാസകോശ രോഗാണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വയോജനങ്ങളിൽ കടുത്ത രോഗാതുരതയ്ക്ക് വഴിവെക്കും. ആസ്മ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഇത്തരം അണുബാധകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാം. ഇതുകൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് ഈ വാക്സിനുകൾ നിർബന്ധമാക്കുന്നത്. പ്രായം കൂടുമ്പോൾ ശരീരത്തിൻ്റെ പ്രതിരോധശേഷി വാക്സിനുകളോട് പൂർണ്ണമായി പ്രതികരിച്ചില്ലെന്ന് വരാം. എങ്കിൽ പോലും, അണുബാധയുണ്ടായാൽ രോഗത്തിൻ്റെ തീവ്രത വളരെ കുറവായിരിക്കും. ആശുപത്രിവാസം പോലുള്ള സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുമുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
65 വയസ്സിനു മുകളിലുള്ള എല്ലാവരും വാർഷിക ഫ്ലൂ വാക്സിനും, പുതിയ ഒറ്റ ഡോസ് PCV20 വാക്സിനും സ്വീകരിച്ച് ആരോഗ്യം സംരക്ഷിക്കുക. ഈ വാക്സിനുകൾ സാർവത്രിക ഇമ്മ്യൂണൈസേഷന്റെ (Universal Immunisation Program) ഭാഗമാക്കി സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകണമെന്ന് ജനകീയാരോഗ്യ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വയോജന സംഘടനകളും വയോജന കമ്മീഷനും സർക്കാർ ആശുപത്രികളിൽ ഈ വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കാൻ ആവശ്യപ്പെടേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates