THRISSUR PULIKALI Instagram
Health

'ഹരമാകുന്ന 'പുലികൾ' ശരിക്കും അനാരോഗ്യത്തിൻ്റെ വാസ്‌തുശിൽപരൂപങ്ങൾ, വികെ ശ്രീരാമൻ മാപ്പ് പറയുന്നതാണ് നല്ലത്'; ഡോക്ടറുടെ വൈറൽ കുറിപ്പ്

വയറിൻ്റെ വലിപ്പം കൂടുന്നത് അനുസരിച്ച് ആ രൂപങ്ങളുടെ സൗന്ദര്യം കൂടുന്നു എന്നാണ് നമ്മുടെ ധാരണ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തൃശൂരിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന പുലികളിയെ വിമർശിച്ച് നടനും എഴുത്തുകാരനുമായി വികെ ശ്രീരാമൻ ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പുലികളി സംഘടനകളും രം​ഗത്തെത്തിയതോടെ ചർച്ച സജീവയായിരിക്കുകയാണ്.

പുലിവയറുകൾ കാഴ്ചക്കാർക്ക് വലിയ ഹരമുണ്ടാക്കുമെങ്കിലും വയറിന് ചുറ്റും കൊഴുപ്പടിയുന്ന സെൻട്രൽ ഒബീസിറ്റി എന്നത് ആരോ​ഗ്യപരമായി നല്ലതല്ലെന്ന് വ്യക്തമാക്കുകയാണ് ഡോ. മനോജ് വെള്ളനാട്. തൃശൂരിൽ പുലികളിയെന്നത് വികാരമാണെങ്കിലും അതിനായി ഇറങ്ങുന്ന കലാകാരന്മാരുടെ ആരോ​ഗ്യത്തിനും ആയുസ്സിനും വയറിലെ കൊഴുപ്പ് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ഓണക്കാലത്തെ പുലികൾ, മാവേലിമാർ ഒക്കെ അനാരോഗ്യത്തിൻ്റെ വാസ്‌തുശിൽപരൂപങ്ങളാണ്. വയറിൻ്റെ വലിപ്പം കൂടുന്നത് അനുസരിച്ച് ആ രൂപങ്ങളുടെ സൗന്ദര്യം കൂടുന്നു എന്നാണ് നമ്മുടെ ധാരണ. സൗന്ദര്യം എന്നത് വ്യക്തിനിഷ്ടമായ ഒന്നാണെങ്കിലും അമിതമായ വയർ വസ്തുനിഷ്ടമായി അനാരോഗ്യത്തിൻ്റെ ലക്ഷണമാണെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്

വി.കെ.ശ്രീരാമൻ മാപ്പ് പറയണമെന്ന പുലിക്കളിക്കാരുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. കാരണം പുലിക്കളിക്കാരുടെ വയറും ശരീരപ്രകൃതവും ഇന്നത്തെ രീതിയിൽ നിന്നും മാറണം എന്നേ അദ്ദേഹം പറഞ്ഞുള്ളൂ. എന്തുകൊണ്ട് മാറണം എന്ന് പറഞ്ഞില്ല. ഒരു കാര്യം പറയുമ്പോൾ മുഴുവനും പറയണ്ടേ? അത് പറയാൻ മറന്നു പോയതിനാണ് മാപ്പ് പറയേണ്ടത്. കുന്നംകുളത്ത് മാപ്പിന് ക്ഷാമമില്ല എന്നും കരുതുന്നു. തൽക്കാലം അദ്ദേഹം പറയാൻ മറന്നത് ഞാനൊന്ന് ഓടിച്ച് പറയാം.

തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ചെണ്ടമേളത്തിനൊപ്പം കുലുങ്ങുന്ന വലിയ 'പുലിവയറുകൾ' കാഴ്ചക്കാർക്ക് വലിയൊരു ഹരമാണ്. എന്നാൽ ഈ ഉത്സവലഹരി മാറ്റി വച്ചാൽ, വയറിന് ചുറ്റും കൊഴുപ്പടിയുന്ന സെൻട്രൽ ഒബീസിറ്റി (Central Obesity / Visceral Fat) എന്നത് ആരോഗ്യപരമായി അത്ര നിസ്സാരക്കാരനല്ല. ഒരു ദിവസത്തെ ക്ഷണിക നേരത്തെ ആഘോഷത്തിന് വേണ്ടി വയറും ശരീരവും അങ്ങനെ നിലനിർത്തുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെയും ആയുസിനെയും വലിയ രീതിയിൽ ബാധിക്കുമെന്നത് ഇന്നത്തെ കാലത്ത് ആർക്കും അറിയാത്ത വസ്തുതയല്ല.

ഒരു ഡോക്ടർ ഒരാളോട് ‘ശരീരഭാരം കൂടുതലാണ്, കുറയ്ക്കണം’ എന്ന് പറയുന്നത് ഒരിക്കലും ബോഡി ഷെയ്മിങ് അല്ല; മറിച്ച് അത് ശാസ്ത്രീയമായ ഒരു രോഗനിർണയവും മുന്നറിയിപ്പുമാണ്. കാരണം ഒബീസിറ്റി എന്നത് സ്വയം ഒരു രോഗാവസ്ഥയും, ഒപ്പം മറ്റ് പല ഗുരുതര രോഗങ്ങളിലേക്കുള്ള പ്രവേശന കവാടവുമാണ്. നീയൊരു പുലിയാണെന്ന് പൊതുവേ പറഞ്ഞാൽ നീയൊരു കിടിലമാണ് എന്നാണർത്ഥമാക്കാറ്. പക്ഷെ ഓണക്കാലത്തെ പുലികൾ, മാവേലിമാർ ഒക്കെ അനാരോഗ്യത്തിൻ്റെ വാസ്‌തുശിൽപരൂപങ്ങളാണ്. വയറിൻ്റെ വലിപ്പം കൂടുന്നത് അനുസരിച്ച് ആ രൂപങ്ങളുടെ സൗന്ദര്യം കൂടുന്നു എന്നാണ് നമ്മുടെ ധാരണ. സൗന്ദര്യം എന്നത് വ്യക്തിനിഷ്ടമായ ഒന്നാണെങ്കിലും അമിതമായ വയർ വസ്തുനിഷ്ടമായി അനാരോഗ്യത്തിൻ്റെ ലക്ഷണമാണ്.

കാരണം ചർമ്മത്തിന് താഴെയുള്ള കൊഴുപ്പിനേക്കാൾ അപകടകാരിയാണ് ആന്തരാവയവങ്ങൾക്ക് ചുറ്റും കൂടുകൂട്ടുന്ന വിസറൽ ഫാറ്റ്. ഈ കൊഴുപ്പ് വെറുതെ ഒരു കുടവയറായി ഒതുങ്ങിനിൽക്കാതെ രക്തത്തിലേക്ക് നേരിട്ട് ചില രാസവസ്തുക്കളും ഫാറ്റി ആസിഡുകളും പുറത്തുവിട്ടുകൊണ്ടിരിക്കും. ഇതിന് ആരോഗ്യപരമായ ധാരാളം ദോഷങ്ങളുണ്ട്.

  • അടിവയറ്റിലെ കൊഴുപ്പ് രക്തത്തിൽ LDL കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂട്ടുന്നു. ഇത് രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഹൃദയാഘാത സാധ്യതയിലേക്കും സ്ട്രോക്കിനും വഴിതുറക്കാം.

  • ഇൻസുലിൻ റെസിസ്റ്റൻസ് കൂട്ടും. വയറ്റിലെ ഈ അമിത കൊഴുപ്പ് ഇൻസുലിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. പാൻക്രിയാസ് എത്ര ജോലി ചെയ്താലും ഗ്ലൂക്കോസ് കോശങ്ങളിലേക്ക് എത്താതെ ഒടുവിൽ അയാൾ പ്രമേഹ രോഗിയായി മാറുന്നു.

  • ഫാറ്റി ലിവർ എന്ന് കേട്ടിട്ടില്ലാത്തവർ ഇല്ലല്ലോ. ആന്തരികാവയവങ്ങൾക്ക് അടുത്തുള്ള കൊഴുപ്പ് ആദ്യം വില്ലനാകുന്നത് കരളിനാണ്. മദ്യപിക്കാത്തവരിൽ പോലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന 'നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ' ഉണ്ടാകാൻ ഇത് കാരണമാകുന്നു.

  • സ്ലീപ് അപ്നിയ പോലുള്ള ഉറക്കത്തിലെ പല അസ്വസ്ഥതകൾക്കും ഇത് കാരണമാകും. ശരീരത്തിൻ്റെ മധ്യഭാഗത്ത് ഭാരം കൂടുമ്പോൾ അത് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തെയും ഡയഫ്രത്തെയും സമ്മർദ്ദത്തിലാക്കുന്നു. ഉറക്കത്തിൽ കൂർക്കംവലിയും ശ്വാസംമുട്ടലും ഉണ്ടാകുന്നത് ഇതിൻ്റെ ലക്ഷണമാണ്.

  • സന്ധികൾക്കും നട്ടെല്ലിനും അധികപ്പണിയാണ് ഈ വയർ കാരണം ഉണ്ടാവുന്നത്. മുന്നിലേക്ക് ഉന്തിനിൽക്കുന്ന വയർ ശരീരത്തിൻ്റെ സെൻ്റർ ഓഫ് ഗ്രാവിറ്റിയെ മുന്നിലേക്ക് ഷിഫ്റ്റ് ചെയ്യുകയും നട്ടെല്ലിൻ്റെ സ്വാഭാവിക ഘടനയെ ബാധിക്കുകയും കാൽമുട്ടുകളിലേക്കും ഇടുപ്പിലേക്കും അധിക സമ്മർദ്ദം നൽകുകയും ചെയ്യുന്നു. ഇതുമൂലം പ്രായമാകുമ്പോൾ വരേണ്ട പല രോഗാവസ്ഥകളും ചെറു പ്രായത്തിലേ തന്നെ വന്നു തുടങ്ങും.

അതുപോലെ അമിതവണ്ണമുള്ള ഒരാളെ ചികിത്സിക്കുന്നത് ഡോക്ടർമാർക്കും വലിയൊരു വെല്ലുവിളിയാണ്.

  • സർജറി ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്. രോഗിയെ ഓപറേഷൻ ടേബിളിൽ നമുക്കാവശ്യമായ പൊസിഷനിൽ കിടത്തുക എന്നത് തന്നെ പലപ്പോഴും വെല്ലുവിളി ആകാറുണ്ട്. പിന്നെ വയറ്റിലെ അമിതമായ കൊഴുപ്പ് ആന്തരാവയവങ്ങൾ വ്യക്തമായി കാണുന്നതിനും ശസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇതിന് കൂടുതൽ സമയമെടുക്കും. ശസ്ത്രക്രിയ നീളുന്തോറും അനസ്‌തേഷ്യ കൊടുക്കേണ്ട സമയവും നീളും. ഇതൊക്കെ ചികിത്സിക്കുന്ന ഡോക്‌ടർമാർക്ക് കുറച്ചു നേരത്തെ ബുദ്ധിമുട്ടാണെങ്കിലും രോഗിക്ക് അതങ്ങനെ ആവണമെന്നില്ല.

  • അനസ്തേഷ്യ ഡോക്‌ടർമാർക്ക് പലപ്പോഴും അമിത വണ്ണമുള്ളവർക്ക് മയക്കം നൽകുമ്പോൾ പലതരം ആശങ്കകളാണ്. വണ്ണമുള്ള രോഗികൾക്ക് കൃത്യമായ അളവിൽ അനസ്തേഷ്യ നൽകുന്നതും, ശ്വാസനാളം കണ്ടെത്തി ട്യൂബിടുന്നതും അൽപം സങ്കീർണ്ണമാണ്.

  • മുറിവുകൾ ഉണങ്ങാനുള്ള താമസം. കൊഴുപ്പുകലകളിലേക്കുള്ള രക്തയോട്ടം കുറവായതിനാൽ സർജറിക്ക് ശേഷമുള്ള മുറിവുകൾ ഉണങ്ങാൻ വൈകാനും അണുബാധയുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

ഉത്സവകാലത്തെ പുലിക്കളി ഒരു കലയും കായികവിനോദവുമാണ്; എന്നാൽ ആ 'പുലിക്കൂട്ടിൽ' ഉള്ളിലുള്ള ആന്തരാവയവങ്ങൾ സുരക്ഷിതമായിരിക്കാൻ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും നിലനിർത്തുന്നത് ദീർഘകാല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇക്കാര്യങ്ങൾ ആര് പറഞ്ഞാലും അതിൻ്റെ നല്ല വശങ്ങൾ എടുക്കാതെ വിവാദമുണ്ടാക്കാൻ നടക്കുന്നത് അത്ര ആരോഗ്യകരമായ കാര്യമല്ല.

ഇന്നത്തെ ചില ന്യൂസ് കാർഡുകൾ തന്നെ വലിയ തമാശയാണ്. വി.കെ ശ്രീരാമൻ പറഞ്ഞത് തങ്ങൾ വാർത്തയാക്കിയിട്ടും വിവാദമായില്ലെങ്കിലോ എന്ന് കരുതി വലിയ അക്ഷരത്തിൽ ഇത് വിവാദമാണ് കേട്ടോ എന്ന് പ്രത്യേകം എഴുതിയും വച്ചിട്ടുണ്ട്. ശരിക്കും അനാരോഗ്യത്തിൻ്റെ പ്രദർശനശാലയാണ് നിലവിലെ പുലിക്കളികൾ. അത് മാറണം. പുലിക്കളി നിലനിൽക്കണം. പുലിക്കളി ഒരു കായികാഭ്യാസമല്ലേ. അപ്പോൾ മെലിഞ്ഞവർക്കും പുലിയാകാൻ കഴിയണം. അത്തരം മെലിഞ്ഞ പുലികളെ വേണം നമ്മൾ നോർമലൈസ് ചെയ്യാൻ. പുലിക്കളി എന്ന കല നിലനിർത്താൻ കുറച്ചു മനുഷ്യർ തങ്ങളുടെ ആരോഗ്യവും ആയുസും ഇതുപോലെ നശിപ്പിക്കേണ്ടതില്ലല്ലോ.

(ഹോർമോണൽ പ്രശ്നങ്ങൾ കൊണ്ടും ജനിതകപരമായ പ്രത്യേകതകൾ കൊണ്ടും ശരീരഭാരം നിയന്ത്രിക്കാൻ കഴിയാത്തവർ പലരും ഉണ്ടാവാം. അവർക്കും വണ്ണക്കൂടുതൽ മൂലം മേൽപ്പറഞ്ഞ ആരോഗ്യപ്രശ്‌നങ്ങൾ എല്ലാം ഉണ്ടാവും. അത്തരക്കാരോട് പക്ഷെ അവരുടെ അടിസ്ഥാനപരമായ പ്രശ്‌നത്തെ മാനിച്ചുകൊണ്ട് പെരുമാറണം എന്നേയുള്ളു. ഒരാൾക്ക് അവമതിപ്പ് ഉണ്ടാവാത്തവിധം സോദ്ദേശ്യത്തോടെ അയാൾക്ക് ശരീരഭാരം കൂടുതലാണ് എന്ന് ഒരാൾ പറയുന്നതിനെ ബോഡി ഷെയിമിംഗായി കാണേണ്ടതില്ല. എന്തിലും ഏതിലും പൊ. ക. തിരുകിക്കയറ്റുന്നത് ഒരൽപ്പം കുറച്ചാൽ തന്നെ ആരോഗ്യവും ഉണ്ടാവും മനസമാധാനവും ഉണ്ടാവും.)

അപ്പൊ പുലി കളി തുടരട്ടെ..

VK Sreeraman controvery about pulikali in Thrissur, Dr Manoj Vellanad facebook post, Bellyfat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം': പ്രവർത്തന റിപ്പോർട്ടിൽ ആത്മവിമർശനം

ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒന്നാണോ? ഓണസദ്യയിലെ പ്രധാന താരം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 637 lottery result

'ഒത്തില്ല, അറിയാത്ത പണിക്ക് നിക്കണോ അനി ?'; 'ജയിലർ 2' ഫസ്റ്റ് സിം​ഗിളിന് പിന്നാലെ അനിരുദ്ധിന് വിമർശനം

7,050 എംഎഎച്ച് ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, 34,999 രൂപ മുതല്‍ വില; ഐക്യൂഒഒ ഇസഡ്11 വിപണിയില്‍