തലയിലെ നരച്ച മുടി മറയ്ക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് കെമിക്കൽ ഹെയർ ഡൈ ഉപയോഗിക്കുന്നത്. പല കമ്പനികളും വിപണിയിൽ എത്തിക്കുന്ന ഹെയർ ഡൈകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കർശന നിബന്ധനങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ ഓർഗനൈസേഷൻ (CDSCO).
പ്രധാന കമ്പനികളുടേത് മുതൽ പേരറിയാൻ പോലും കഴിയാത്തവയും ഇറക്കുമതി ചെയ്തവയും തദ്ദേശീയമായി ഉണ്ടാക്കിയതുമായ ഹെയർ ഡൈകൾ വിപണിയിലുണ്ട്. ഡൈകൾ വിപണിയിലെത്തിക്കുന്ന കമ്പനികൾ 2020 ലെ സൗന്ദര്യവർധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് സിഡിഎസ് സിഒ ജൂൺ 10ന് പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
മുടിക്ക് നിറം നൽകാൻ ചേർത്തിട്ടുള്ള വസ്തുക്കളുൾപ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാൻ പാകത്തിൽ കവറിനുമുകളിൽ ചേർക്കണം. ഉപയോഗത്തിൽ നിയന്ത്രണമുണ്ടെങ്കിൽ അതും പ്രത്യേകം സൂചിപ്പിക്കണം. പ്രതിപ്രവർത്തന സാധ്യത, സുരക്ഷിതമാണോയെന്ന പരിശോധനാരീതി എന്നിവയും വ്യക്തമാക്കണം.
ബിഐഎസ് മാനദണ്ഡങ്ങൾ സൗന്ദര്യവർദ്ധക ചേരുവകളെ പൊതുവെ സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും സൗന്ദര്യവർദ്ധക ഉപയോഗത്തിന് സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും പരിമിതപ്പെടുത്തിയിരിക്കുന്നവയോ അംഗീകരിക്കപ്പെടാത്തവയോ ആയി തരംതിരിക്കുമെന്ന് റെഗുലേറ്റർ നിർമ്മാതാക്കളെയും ഇറക്കുമതിക്കാരെയും ഓർമ്മിപ്പിച്ചു. ഉൽപ്പന്ന ഘടനയിലോ ഗുണനിലവാര സവിശേഷതകളിലോ ലേബലിങ്ങിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റിയെ അറിയിക്കണമെന്നും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രായം കുറഞ്ഞവർ മുതൽ പ്രായമായ ഉപഭോക്താക്കളിൽ നിന്നും ഹെയർ ഡൈകളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ മുടിയുടെ നിറം നൽകുന്ന ഉൽപ്പന്നങ്ങളുടെ ഫോർമുലേഷനുകൾ, പാക്കേജിങ്, ഉപഭോക്തൃ വിവരങ്ങൾ എന്നിവ പുനഃപരിശോധിക്കാൻ കമ്പനികളെ പുതിയ സർക്കുലർ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates