തണുപ്പുകാലത്ത് ചർമം വരണ്ടുപോകുന്നത് പോലെ തന്നെ സ്കാൽപ്പും വരണ്ടതാകാം. ചൊറിച്ചിൽ, താരൻ, മുടിയുടെ വരൾച്ച, മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നങ്ങൾ ഈ സമയത്ത് ചിലരിൽ കൂടുതലായി ഉണ്ടാകാറുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതും തണുത്ത കാറ്റും ചൂടുവെള്ളത്തിലുള്ള കുളിയുമെല്ലാം ഇതിന് കാരണമാകാം. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് മുടിയുടെ സംരക്ഷണത്തോടൊപ്പം സ്കാൽപ്പിൻ്റെ ആരോഗ്യത്തിനും അൽപം കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
അമിതമായി ചൂടുവെള്ളം ഉപയോഗിക്കരുത്
തണുപ്പായതിനാൽ ചൂടുവെള്ളത്തിൽ കുളിക്കാനാണ് പലർക്കും താൽപര്യം. എന്നാൽ അമിതമായി ചൂടുള്ള വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് വരൾച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകാം. അതുകൊണ്ട് ഇളം ചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ ഉപയോഗിക്കുന്നതാണ് നല്ലത്.
സ്കാൽപ്പിൽ എണ്ണ പുരട്ടാം
സ്കാൽപ്പിൽ വരൾച്ച കുറയ്ക്കാൻ അനുയോജ്യമായ എണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണ പോലുള്ള എണ്ണകൾ മുടിയുടെ വരൾച്ച കുറയ്ക്കാനും മുടിയിഴകളിൽ ഈർപ്പം നിലനിർത്താനും സഹായിക്കും. കുളിക്കുന്നതിന് മുൻപ് അൽപം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്യാം. എന്നാൽ എണ്ണ പുരട്ടുന്നത് എല്ലാവരിലും താരൻ കുറയ്ക്കണമെന്നില്ല. എണ്ണമയമുള്ള സ്കാൽപ്പിലോ സെബോറിക് ഡെർമറ്റൈറ്റിസോ ഉള്ളവർ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൃദുവായ ഷാംപൂ തിരഞ്ഞെടുക്കാം
തണുപ്പുകാലത്ത് മുടി കഴുകുന്നതിൻ്റെ രീതിയിലും ശ്രദ്ധ വേണം. അമിതമായി ക്ലെൻസിങ് സ്വഭാവമുള്ള ഷാംപൂകൾ തലയോട്ടി കൂടുതൽ വരണ്ടതാക്കാം. അതുകൊണ്ട് മൃദുവായ ഷാംപൂ തിരഞ്ഞെടുക്കാം. തലയോട്ടിയിൽ അഴുക്കും വിയർപ്പും എണ്ണമയവും അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ ആവശ്യാനുസരണം മുടി കഴുകണം. മുടി കഴുകുന്നത് പൂർണമായി ഒഴിവാക്കുന്നത് താരൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.
കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്
തണുപ്പുകാലത്ത് മുടി വരണ്ടതും പരുപരുത്തതുമാകാം. മുടിയിഴകളിൽ ഈർപ്പം നിലനിർത്താൻ കണ്ടീഷണർ ഉപയോഗിക്കുന്നത് സഹായിക്കും. ഷാംപൂ ചെയ്തശേഷം മുടിയുടെ നീളത്തിലും അറ്റങ്ങളിലും കണ്ടീഷണർ പുരട്ടാം. തലയോട്ടിയിൽ നേരിട്ട് പുരട്ടേണ്ടതില്ല. മുടി എളുപ്പത്തിൽ ചീകാനും പൊട്ടിപ്പോകുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.
നനഞ്ഞ മുടിയുമായി പുറത്തുപോകരുത്
കുളി കഴിഞ്ഞ് മുടി നന്നായി ഉണക്കിയശേഷം മാത്രം പുറത്തുപോകാൻ ശ്രദ്ധിക്കുക. നനഞ്ഞ മുടി ശക്തിയായി തുവർത്തുന്നത് മുടിയിഴകൾ പൊട്ടാൻ കാരണമാകാം. മൃദുവായ ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം. ഹെയർ ഡ്രയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ കുറഞ്ഞ ചൂടിൽ ഉപയോഗിക്കുന്നതാണ് നല്ലത്.
തലയോട്ടി വൃത്തിയായി സൂക്ഷിക്കാം
തണുപ്പുകാലത്ത് വിയർപ്പ് കുറവായതിനാൽ മുടി കഴുകേണ്ടതില്ലെന്ന് കരുതരുത്. തലയോട്ടിയിലെ എണ്ണമയം, മൃതകോശങ്ങൾ, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് അസ്വസ്ഥതകൾക്ക് കാരണമാകാം. അതിനാൽ മുടിയുടെ സ്വഭാവത്തിനും സ്കാൽപ്പിൻ്റെ ആവശ്യത്തിനും അനുസരിച്ച് മുടി കഴുകണം. താരൻ കൂടുതലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാം.
മുടിയുടെ ആരോഗ്യത്തിന് പുറമേയുള്ള പരിചരണം മാത്രം പോരാ. പോഷകസമൃദ്ധമായ ഭക്ഷണവും ആവശ്യത്തിന് വെള്ളവും പ്രധാനമാണ്. മുട്ട, മീൻ, പയർവർഗങ്ങൾ, നട്സ്, ഇലക്കറികൾ, പഴങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ എന്നിവയുടെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഇടയ്ക്കിടെ മുടി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കാം
മുടി വളരെ മുറുക്കി കെട്ടുന്നതും ഇടയ്ക്കിടെ ശക്തിയായി ചീകുന്നതും മുടിയിഴകൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. പ്രത്യേകിച്ച് വരണ്ട മുടിയിൽ ഇത് കൂടുതൽ ശ്രദ്ധിക്കണം. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മൃദുവായി മുടി ചീകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates