ഉന്മേഷത്തിനും രുചിക്കും സ്ഥിരം ചേർക്കുന്ന വെറുമൊരു സാധാരണ ഇലയായാണ് പുതിനയിലയെ (MINT) എന്നാണ് പലരും കരുതുന്നത്. വിവിധതരം പാനീയങ്ങളിലും ചട്നികളിലും മറ്റും പുതിന ചേർക്കാറുണ്ട്. പുതിന ഒരു ‘നാച്വറൽ കൂളന്റ്’ ആണ്. ചൂടുള്ള മാസങ്ങളിൽ ശരീരത്തിന് ഉന്മേഷം നൽകാൻ ഇത് സഹായിക്കും. ശരീരത്തിന് ആവശ്യമുള്ള നിരവധി വൈറ്റമിനുകളും ധാതുക്കളും പുതിനയിലുണ്ട്. ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതു മുതൽ വായ്നാറ്റം അകറ്റുന്നതുവരെ നിരവധി ആരോഗ്യപ്രയോജനങ്ങൾ പുതിനയ്ക്കുണ്ട്.
പുതിനയിലെ മെന്തോൾ (Menthol) ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. വയറുവേദന, വയറുവീക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ പുതിന സഹായകമാകാം. ഭക്ഷണത്തിന് ശേഷം പുതിന ചേർത്ത ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പുതിനയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് വായ്നാറ്റം കുറയ്ക്കാനുള്ള കഴിവ്. ഇതിലെ മെന്തോൾ ശ്വാസത്തിന് ഉന്മേഷം നൽകുന്നു. അതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും മൗത്ത് വാഷുകളിലും പുതിന ഉപയോഗിക്കുന്നത്.
പുതിനയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, വിവിധ ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. മെന്തോൾ അടങ്ങിയ എണ്ണ ചിലരിൽ ടെൻഷൻ തലവേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. നെറ്റിയിൽ പുരട്ടുന്ന മെന്തോൾ ജെല്ലുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.
പുതിനയിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങൾ ചർമത്തെ ശുദ്ധമായി നിലനിർത്താൻ സഹായിക്കാം. ചിലർ മുഖക്കുരു കുറയ്ക്കാൻ പുതിന ഉപയോഗിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ചർമത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച്ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
വാപ്പുണ്ണ് (mouth ulcer) അകറ്റാൻ പുതിന സഹായിക്കും. പുതിനയിട്ട് തിളപ്പിച്ച വെള്ളം കവിൾകൊള്ളുന്നത് വാപ്പുണ്ണിന് ആശ്വാസമേകും. പുതിനയില ചതച്ചു പുരട്ടുന്നത് മുറിവുകൾ ഉണങ്ങാൻ സഹായിക്കും. തേള് കുത്തിയാൽ വേദനയും അസ്വസ്ഥതയും മാറാൻ പുതിനയില ഉണക്കിപ്പൊടിച്ചത് പുരട്ടുന്നത് ഗുണം ചെയ്യും. പാരമ്പര്യവൈദ്യത്തിൽ ഇത് പ്രയോഗിച്ചു വരുന്നു. കാഴ്ചയിൽ ചെറുതെങ്കിലും നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് പുതിന.
ചമ്മന്തിയിൽ ചേർത്ത്
സലാഡിൽ ചേർത്ത്
മോര് അല്ലെങ്കിൽ സംഭാരത്തിൽ
പുതിന ചായയായി
നാരങ്ങവെള്ളത്തിൽ
സൂപ്പിലും കറികളിലും
പച്ച ജ്യൂസുകളിലും സ്മൂത്തികളിലും
അമിതമായി പുതിന എണ്ണ (Peppermint oil) ഉപയോഗിക്കുന്നത് ചിലർക്ക് നെഞ്ചെരിച്ചിൽ, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ഗാസ്ട്രോ ഈസോഫജിയൽ റിഫ്ലക്സ് (GERD) ഉള്ളവർക്ക് പുതിന ചിലപ്പോൾ നെഞ്ചെരിച്ചിൽ വർധിപ്പിച്ചേക്കാം.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ചെറിയ കുട്ടികൾ എന്നിവരിൽ പുതിന എണ്ണ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates