ആരോഗ്യകരമായ ഭക്ഷണക്രമമാണെങ്കിലും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ചിലപ്പോൾ തിരിച്ചടിയാകാം. ശരീരഭാരം നിലനിർത്താനും പൊണ്ണത്തടി കുറയ്ക്കാനും സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ പിന്തുടരുന്ന രീതിയാണിത്. ഭക്ഷണം കഴിക്കുക, ഉപവസിക്കുക ഇങ്ങനെ ഒന്നിടവിട്ട് ചെയ്യേണ്ട ഒരു ഭക്ഷണ രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. എന്താണ് കഴിക്കുന്നത് എന്നതിനെക്കാൾ എപ്പോൾ കഴിക്കണം എന്നതിനാണ് ഈ ഡയറ്റിൽ പ്രാധാന്യം നൽകുന്നത്.
എന്നാൽ എല്ലാവർക്കും ചെയ്യാവുന്ന ഒരു ഡയറ്റ് പ്ലാൻ അല്ല ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്നത് മനസിലാക്കേണ്ടത് പ്രധാനമാണ്. പെട്ടെന്നുള്ള ഭക്ഷണക്രമത്തിലെ മാറ്റം നിർജലീകരണവും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസവും ഉണ്ടാക്കാം. ഇത് തലവേദന പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ശരീരം ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിനോട് പൊരുത്തപ്പെടുന്നതു വരെ ദീർഘസമയത്തെ ഉപവാസം ഊർജക്കുറവിലും ക്ഷീണത്തിലും കലാശിക്കും.
മാത്രമല്ല, ഭക്ഷണക്രമത്തിലെ പെട്ടെന്നുള്ള മാറ്റം ദഹനത്തെയും മോശമായി ബാധിക്കും. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് കൃത്യമായും ശരിയായും ചെയ്തില്ലെങ്കിൽ പോഷകക്കുറവിന് കാരണമാകാം. അധികസമയം ഉപവാസിക്കുന്നതു കൊണ്ടു തന്നെ അമിതമായ വിശപ്പും ചില ഭക്ഷണങ്ങളോടുള്ള അധിക ആസക്തിയും ഈ ഭക്ഷണക്രമത്തിന്റെ ഒരു പാർശ്വഫലമാണ്. അതുകൊണ്ടു തന്നെ അധികകാലം ഈ ഡയറ്റ് പ്ലാൻ തുടരാൻ സാധിക്കാതെ വരാം.
ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും സൗഖ്യം ലഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ഡയറ്റ് നല്ലതാണ്. കൃത്യമായ ദിനചര്യ ഉള്ളവർക്കാണ് ഈ ഭക്ഷണരീതി യോജിക്കുന്നത്. എന്നാൽ ഈറ്റിങ് ഡിസോർഡറുകൾ, പ്രമേഹം, ഹൈപ്പോഗ്ലൈസീമിയ എന്നിവ ഉള്ളവർ, ഗര്‍ഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഉപവസിക്കുന്നതു മൂലം മാനസിക പ്രയാസം നേരിടുന്നവർ എന്നിവർ ഈ ഭക്ഷണരീതി ഒഴിവാക്കണം.
ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരാളുടെ ജീവിതശൈലി, വ്യക്തിപരമായ മുൻഗണനകൾ, ആരോഗ്യ മുൻഗണനകൾ ഇവയെയെല്ലാം ആശ്രയിച്ചാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ചെയ്യേണ്ടത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുമ്പോൾ അതിൽ സ്ഥിരത വേണം.
ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ച മുതൽ രാത്രി 8 മണി വരെ ഭക്ഷണം കഴിക്കും. ചിലരാകട്ടെ നേരത്തേ അത്താഴം കഴിച്ചിട്ട് രാത്രി മുഴുവൻ ഉപവസിക്കും. സ്ഥിരത ഏറെ പ്രധാനമാണ്.
പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക, ഉപവാസ സമയങ്ങളിലും ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നിവയും പ്രധാനമാണ്.
പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. നട്സ്, സീഡ്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കാം.
പലപ്പോഴും ദാഹം വിശപ്പായി തെറ്റിദ്ധരിക്കും. വെള്ളം കുടിക്കുകയോ ഹെർബൽ ടീ കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ഉപവസിക്കും മുൻപ് സമീകൃത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ ഇവയടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക.
നല്ല ഉറക്കവും പ്രധാനമാണ്. മൈൻഡ്ഫുൾ ഈറ്റിങ്, വിശപ്പകാൻ സഹായിക്കും. ഭക്ഷണ ചിന്ത അകറ്റാൻ വായിക്കുകയോ ദീർഘമായി ശ്വസിക്കുകയോ ചെയ്യാം.
എന്നിട്ടും രാത്രി വിശക്കുകയാണെങ്കിൽ ഭക്ഷണ –ഉപവാസ സമയത്തിൽ വ്യത്യാസം വരുത്തുക. വൈകി ഭക്ഷണം കഴിക്കുകയോ ഉപവാസം തുടങ്ങും മുൻപ് ലഘുഭക്ഷണം കഴിക്കുകയോ ചെയ്യാം.
ശരിയായ രീതിയിൽ ഈ ഭക്ഷണരീതി പിന്തുടർന്നില്ലെങ്കിൽ പോഷകങ്ങളുടെ അഭാവം, ഹോർമോൺ അസന്തുലനം, ഈറ്റിങ് ഡിസോർഡറുകൾ, ഊർജ നിലയിലെ അസന്തുലനം, മസിൽ ലോസ് ഇവയ്ക്കു കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates