പുറത്തുനിന്നുള്ള ഭക്ഷണം സുരക്ഷിതമല്ലെന്ന് നമ്മൾ പൊതുവെ പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ വീട്ടിലെ ഭക്ഷണം എല്ലായ്പ്പോഴും ആരോഗ്യകരമാണോ? ഹോട്ടല്‍ ഭക്ഷണത്തിൽ അടങ്ങിയ അതേ മൈദയും പഞ്ചസാരയും ഉപ്പുമൊക്കെ നമ്മുടെ വീട്ടിലും ആവശ്യത്തിനും അതിലധികവും ഉപയോഗിക്കാറുണ്ട്. പച്ചക്കറികൾ അമിതമായി പാകം ചെയ്യുക, രാത്രിവൈകി ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക തുടങ്ങിയ പലവിധം ദുശ്ശീലങ്ങളാണ് നമ്മൾ വീട്ടിൽ പിന്തുടരുന്നത്.
ആരോഗ്യത്തോടെയിരിക്കാന്‍ വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചിട്ട് കാര്യമില്ല, അത് കഴിക്കേണ്ടത് പോലെ കഴിക്കണം! വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കറികളിൽ അമിതമായി നെയ്യ് അല്ലെങ്കിൽ വെണ്ണ ചേർക്കുന്നത് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും കലോറി കൂടിയതാക്കുന്നു. പലപ്പോഴും വീട്ടില്‍ പതിവായി കഴിക്കുന്നത് ചോറോ ചപ്പാത്തിയോ ഒക്കെ ആയിരിക്കാം. എന്നാൽ ആവശ്യത്തിന് പ്രോട്ടീനോ നാരുകളോ ഉള്ള ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുമില്ല.
പരിപ്പ് വര്‍ഗങ്ങള്‍, ചെറുപയര്‍, സോയാബീന്‍, ഓട്സ്, പഴങ്ങള്‍ തൈര് എന്നിവ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണമാണ്. ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഉപ്പും പഞ്ചസാരയും കുറയ്ക്കുക. പ്രതിദിനം ഉപ്പിന്‍റെ അളവ് അഞ്ച് ഗ്രാമിൽ താഴെയായും പഞ്ചസാരയുടെ അളവ് ആകെ ഊർജത്തിന്‍റെ അഞ്ച് ശതമാനത്തിൽ താഴെയായുമായി നിലനിർത്തുക. ആവിയിൽ വേവിക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്ന ഭക്ഷണ രീതികൾ ശീലിക്കുക. വറുത്ത ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക.
പച്ചക്കറികൾ അമിതമായി വേവിക്കുന്നത് അവയിലെ വിറ്റാമിനുകളും മിനറലുകളും നശിക്കാൻ കാരണമാകും. അളവില്‍ കൂടുതല്‍ കഴിക്കുന്നതും നിയന്ത്രിക്കേണ്ടതാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന തോന്നൽ എല്ലാവർക്കുമുണ്ട്, അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്.
രാത്രി വൈകി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. എട്ട് മണിക്ക് മുന്‍പ് ആഹാരം കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഉചിതം. ഭക്ഷണശേഷം മധുരം കഴിക്കുന്ന ശീലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും. പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ സന്തുലിതമായ ഭക്ഷണം ശീലമാക്കുക. ചുരുക്കത്തിൽ, ഭക്ഷണം എവിടെ ഉണ്ടാക്കി എന്നതിനേക്കാൾ എന്ത്, എങ്ങനെ ഉണ്ടാക്കി എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates