പന്ത്രണ്ട് സിഗരറ്റ് ഒറ്റ തവണയായി വലിക്കുന്നതിനെക്കാൾ അപകടമാണ് ഏകാന്തത മനുഷ്യന്‍റെ ആരോഗ്യത്തിന് ഉണ്ടാക്കുന്നതെന്ന് പുതിയ പഠനം. വളരെ നിസ്സാരമാണെന്ന് തോന്നാമെങ്കിലും കണ്ടെത്താൻ വൈകും തോറും സങ്കീർണമാകുന്ന അവസ്ഥയാണിത്. അമേരിക്കയിൽ റിജെവൻസ്ട്രീഫ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപിടിപ്പിക്കുന്ന ദുശ്ശീലങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് വരുത്തിവെക്കുന്ന അപകടത്തെക്കാൻ വലുതാണ് ഏകാന്തത നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. നാലു മുതിർന്നവരിൽ ഒരാൾക്ക് എന്ന നിലയിലും അഞ്ചു മുതൽ 15 ശതമാനത്തോളം കൗമാരക്കാരിലും സാമൂഹിക ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
ആരോഗ്യം മെച്ചപ്പെടുത്താൻ ഡോക്ടർമാർ നിർദേശിക്കുന്നത് ഭക്ഷണത്തിൽ ശ്രദ്ധിക്കണമെന്നും പുകവലി, മദ്യപാനം തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണമെന്നുമാണ്. എന്നാൽ അവയേക്കാളൊക്കെ ശ്രദ്ധകൊടുക്കേണ്ട വിഷയമാണ് ഏകാന്തത കൊണ്ടുള്ള പ്രശ്നങ്ങളെന്നും ഗവേഷകർ പറയുന്നു. ഏകാന്തത മാനസിക സമ്മർദ്ദം കൂട്ടുന്നു. ഇത് മാനസിക- ശാരീരികാരോഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഹൃദ്രോഗങ്ങൾ വർധിക്കാനും പ്രതിരോധശേഷി കുറയാനും വിഷാദരോഗവും ഉത്കണ്ഠയും വർധിക്കാനും ഡിമെൻഷ്യ സാധ്യത വർധിക്കാനുമൊക്കെ ഏകാന്തത കാരണമാകും. എല്ലാ പ്രായക്കാരേയും ബാധിക്കുന്ന വിഷയമാണെങ്കിലും പ്രായമായവരിലാണ് ഏകാന്തത കൂടുതൽ വഷളായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അൽഷിമേഴ്സ് സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചോദ്യാവലികളിലെ ഡേറ്റകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏകാന്തത അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് പരിഹാര മാർഗം നൽകുന്നതിന് റീഹാബിലിറ്റേഷൻ പരിപാടികൾ സംഘടിപ്പിക്കണമെന്നും പഠനത്തിൽ പറയുന്നു. പ്രായമാകുന്നതോടെ വിരമിക്കൽ, വിവാഹമോചനം, കുടുംബാംഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ മരണം തുടങ്ങിയവ മൂലം സാമൂഹിക ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്നവർ നിരവധിയാണ്.
ഇത് തിരിച്ചറിയപ്പെടാതെ പോകുമ്പോൾ അവരുടെ ആരോഗ്യം വീണ്ടും താറുമാറാകുമെന്നും ഗവേഷകർ പറയുന്നു. അടുത്തിടെ ലേകാരോഗ്യസംഘടനയും ഏകാന്തതയെ ഗൗരവമാർന്ന ആരോഗ്യ ഭീഷണിയായി കണക്കാക്കണമെന്നും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു. സാമൂഹിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടന പുതിയ കമ്മീഷനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates