സെപ്റ്റംബർ 10, ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുമ്പോൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് തുറന്ന ചർച്ചകൾ എല്ലാവരിലേക്കും എത്തേണ്ടത് വളരെ പ്രാധാന്യമുള്ളതാണ്. കാരണം, ഇന്ന് മുതിർന്നവരിൽ മാത്രമല്ല, കൗമാരക്കാരിലും കൊച്ചുകുട്ടികളിലും വരെ മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതകളും വർധിച്ചുവരുന്നതായി കാണാം.
ഇതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സാമൂഹിക മാധ്യമങ്ങളും ഡിജിറ്റൽ സ്ക്രീനുകളുടെ അമിതോപയോഗവും മുൻനിരയിൽ തന്നെ വരുന്നവയാണ്. എന്നാൽ എങ്ങനെയാണ് ഈ ചെറിയ സ്‌ക്രീനുകളിൽ കാണുന്നതും നടക്കുന്നതുമായ കാര്യങ്ങൾ കുഞ്ഞുമനസുകളെ വരെ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിക്കുന്നത് എന്ന് നമ്മുടെ സമൂഹം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
വീടുകളിൽ കുഞ്ഞുങ്ങൾ കരയുമ്പോഴും ഭക്ഷണം കഴിക്കാൻ മടിക്കുമ്പോഴും അവരെ ശാന്തരാക്കാനുള്ള എളുപ്പവഴിയായി മാതാപിതാക്കൾ നൽകുന്നത് സ്മാർട്ട്‌ഫോണുകളാണ്. അഞ്ചും ആറും വയസ്സുള്ള കുട്ടികൾ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതും റീലുകൾ ചെയ്യുന്നതും ഇന്ന് സാധാരണ കാഴ്ചയായി മാറി. എന്നാൽ ഈ 'ഡിജിറ്റൽ പാസിഫയർ' കുഞ്ഞുങ്ങളുടെ സ്വാഭാവിക വികസനത്തെയും മാനസികാരോഗ്യത്തെയും എത്രത്തോളം വ്രണപ്പെടുത്തുന്നുവെന്ന് നാം തിരിച്ചറിയുന്നുണ്ടോ?
കുട്ടികളുടെ ആദ്യ വർഷങ്ങളിൽ അവരുടെ തലച്ചോറിലെ നാഡീവ്യൂഹങ്ങൾ വേഗത്തിൽ വികസിക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ യഥാർത്ഥ ലോകത്തെ സ്പർശനങ്ങളും കളികളും ആശയവിനിമയങ്ങളുമാണ് അവർക്ക് ആവശ്യം.
പെരുമാറ്റ വൈകല്യങ്ങളും ഓട്ടിസ്റ്റിക് പ്രവണതകളും: വളരെ ചെറിയ പ്രായത്തിൽ തന്നെ അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നത് കുട്ടികളിൽ ഭാഷാ വികസനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്നു. 'വെർച്വൽ ഓട്ടിസം' പോലുള്ള അവസ്ഥകളിലേക്ക് ഇത് നയിക്കാം.
വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിക്കുറവ്: കുഞ്ഞുങ്ങൾക്ക് ദേഷ്യമോ വിഷമമോ വരുമ്പോൾ അത് സ്വയം നിയന്ത്രിക്കാൻ പഠിക്കുന്നതിന് പകരം ഫോൺ നൽകുന്നത് വഴി അവരുടെ വൈകാരിക പക്വത തടസ്സപ്പെടുന്നു.
കുട്ടികൾ കുറച്ചുകൂടി മുതിരുമ്പോൾ സോഷ്യൽ മീഡിയയിലെ തിളക്കമാർന്ന മിഥ്യാലോകത്ത് അകപ്പെട്ട് അവിടെ ലഭിക്കുന്ന ലൈക്കുകൾക്കും കമന്റുകൾക്കും പിന്നാലെ പോകാൻ തുടങ്ങുന്നു. യഥാർത്ഥ ലോകത്തെ ബന്ധങ്ങളും സ്നേഹത്തിനും വില മനസിലാക്കാൻ സാധിക്കാതെ വരുന്നത്, അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു:
സൈബർ ബുള്ളിയിങ്: സോഷ്യൽ മീഡിയകളിൽ നേരിടുന്ന അപമാനങ്ങൾ, കളിയാക്കലുകൾ, വ്യക്തിഹത്യ എന്നിവ പ്രത്യേകിച്ച് കുട്ടികളെ മാനസികമായി തളർത്തുന്നു. ക്ലാസ് മുറികളിലെ കളിയാക്കലുകളിൽ നിന്ന് വീടുകളിലേക്ക് ഓടിയെത്തിയിരുന്ന കുട്ടികൾക്ക്, ഇന്ന് സ്വന്തം മുറിയിൽ പോലും സൈബർ അക്രമികളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നില്ല.
താരതമ്യവും അപകർഷതാബോധവും: സോഷ്യൽ മീഡിയയിലെ കൃത്രിമമായ സൗന്ദര്യ സങ്കൽപ്പങ്ങളുമായും ജീവിതരീതികളുമായും തങ്ങളെ താരതമ്യം ചെയ്ത് കുട്ടികളിൽ തീവ്രമായ അപകർഷതാബോധവും വിഷാദവും ഉണ്ടാകുന്നു.
ഡിജിറ്റൽ ചതിക്കുഴികൾ: പക്വതയെത്താത്ത പ്രായത്തിൽ അപരിചിതരുമായുള്ള സൗഹൃദം, ഓൺലൈൻ ഗ്രൂമിംഗ്, അശ്ലീല ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം എന്നിവ കുട്ടികളെ ഭയത്തിലേക്കും കുറ്റബോധത്തിലേക്കും തള്ളിയിടുന്നു.
പല കുട്ടികളിലും കാണുന്ന ഉൾവലിയൽ, പെട്ടെന്നുള്ള കോപം, പഠനത്തിൽ ശ്രദ്ധ കുറയൽ, ഉറക്കമില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചെറു മനസുകളിൽ അത്തരം സമ്മർദ്ദങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും അത് സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് കുഞ്ഞുങ്ങൾ പോലും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
സോഷ്യൽ മീഡിയയെയോ സാങ്കേതികവിദ്യയെയോ പൂർണ്ണമായി ഒഴിവാക്കുക സാധ്യമല്ല. എന്നാൽ കൃത്യമായ പ്രതിരോധ അതിർവരമ്പുകൾ സൃഷ്ടിക്കാൻ സാധിക്കും:
ചെറിയ പ്രായത്തിൽ ഫോണുകൾ ഒഴിവാക്കുക: 2 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്ക്രീൻ പൂർണ്ണമായും ഒഴിവാക്കുക. ഭക്ഷണം കഴിപ്പിക്കാനും കരച്ചിൽ നിർത്താനും ഫോണിന് പകരം കഥകളും പാട്ടുകളും പ്രയോജനപ്പെടുത്തുക.
തുറന്ന ആശയവിനിമയം: ഡിജിറ്റൽ ലോകത്ത് എന്തെങ്കിലും അപകടം സംഭവിച്ചാൽ മാതാപിതാക്കളോട് തുറന്നു പറയാനുള്ള അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക. ഭയപ്പെടുത്തുന്നതിന് പകരം അവരെ കേൾക്കുക.
ഡിജിറ്റൽ അതിരുകൾ: വീട്ടിൽ ഫോൺ-ഫ്രീ സോണുകൾ (ഉദാഹരണത്തിന് ഡൈനിംഗ് ടേബിൾ, കിടപ്പുമുറി) നിശ്ചയിക്കുക. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ മാറ്റിവെക്കുക.
സൈബർ സാക്ഷരത: കുഞ്ഞുങ്ങൾക്ക് പ്രായത്തിന് അനുയോജ്യമായ രീതിയിൽ ഇന്റർനെറ്റിന്റെ അപകടങ്ങളെക്കുറിച്ചും സ്വകാര്യത സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പറഞ്ഞു കൊടുക്കുക.
ഡിജിറ്റൽ തിരിശ്ശീലയ്ക്ക് പിന്നിൽ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസിക വിഷമങ്ങളും ഭയങ്ങളും നാം കാണാതെ പോകരുത്. സോഷ്യൽ മീഡിയ ലൈക്കിനേക്കാളും സബ്‌സ്‌ക്രൈബറേക്കാളും വിലപ്പെട്ടതാണ് തങ്ങളുടെ യഥാർത്ഥ ജീവിതമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഈ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ, കുഞ്ഞുങ്ങൾക്ക് സ്മാർട്ട്‌ഫോണുകളുടെ സ്ക്രീനുകളല്ല, മറിച്ച് നമ്മുടെ സ്നേഹവും കരുതലു നിറഞ്ഞ സാന്നിധ്യമാണ് നൽകേണ്ടതെന്ന തീരുമാനമെടുക്കാം. അവരുടെ കുഞ്ഞു സങ്കടങ്ങളെ ശ്രദ്ധയോടെ കേൾക്കാനും, സൈബർ ലോകത്തെ ചതിക്കുഴികളിൽ നിന്ന് അവരെ സംരക്ഷിക്കാനും മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒന്നിച്ചുനിൽക്കണം. കരുതലോടെ ഒരുമിച്ചുള്ള ഒരു നടത്തമൊ അവരുടെ ചെറുതെന്ന് തോന്നുന്ന ഓരോ വർത്തമാനങ്ങൾ കേൾക്കാനുള്ള മനസ്സോ ഒരു കുഞ്ഞിന്റെ ജീവൻ തന്നെ തിരിച്ചുപിടിക്കാൻ സഹായിച്ചേക്കാം.
തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates