കടുക് വറുത്തു ചേർക്കാത്ത നാടൻ വിഭവങ്ങൾ വിരളമാണ്. കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സെലിനിയം എന്നീ ധാതുക്കളും വിവിധ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ കടുക് എണ്ണയിൽ പൊട്ടിച്ചെടുക്കുന്നത് ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണ്.
പണ്ടു മുതൽ തന്നെ മലയാളികളുടെ കറികളിലും നാട്ടുവൈദ്യത്തിലും കടുകുണ്ട്. കടുകരച്ചു ചേർത്ത ബെംഗാളി ഫിഷ് കറി ഏറെ പ്രസിദ്ധമാണ്. ആയുർവേദത്തിൽ കടുകിന് പ്രധാന സ്ഥാനമുണ്ട്. ദഹനശേഷി വർധിപ്പിക്കാനും വിശപ്പ് കൂട്ടാനും കഫം കുറയ്ക്കാനും ശരീരത്തിന് ചൂട് നൽകാനും കടുക് ഉപയോഗിക്കുന്നു. ചുമ, ജലദോഷം, മൂക്കടപ്പ് എന്നിവ കുറയ്ക്കാൻ കടുക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.
ആയുർവേദത്തിൽ കടുക് (സർഷപം) കട്ടു രസം (എരിവ്), ഉഷ്ണവീര്യം (ചൂട് സ്വഭാവം) ഉള്ള ദ്രവ്യമായാണ് വിശേഷിപ്പിക്കുന്നത്. ഇത് പ്രധാനമായും കഫവും വാതവും കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ മെറ്റബോളിസം ഉത്തേജിപ്പിക്കാനുമുള്ള കഴിവ് കടുകിനുണ്ടെന്നാണ് പരമ്പരാഗത വിശ്വാസം.
കടുകെണ്ണ നിരവധി ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കടുക് വിശപ്പുണ്ടാകാനും ദഹനത്തിനും നല്ലതാണ്. വാതരോഗങ്ങൾ, പ്രമേഹം, വിരശല്യം തുടങ്ങിയ ചികിത്സയ്ക്കുള്ള ഔഷധങ്ങളിൽ കടുകൊരു പ്രധാന ചേരുവയാണ്. എന്നാൽ രക്തസ്രാവവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർ കടുക് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം
പാചകത്തിനും ഔഷധത്തിനും പുറമെ സൗന്ദര്യവർധക വസ്തുക്കളിലും സോപ്പ് നിർമാണത്തിലും കടുകെണ്ണ ഉപയോഗിക്കുന്നുണ്ട്. കടുകെണ്ണയിൽ ഉയർന്ന അളവിൽ ഫെറൂലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിനും ശ്വാസകോശത്തിനും ദഹനവ്യവസ്ഥയ്ക്കും നല്ലതല്ലെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
കടുകും ശതകുപ്പയും സമം ചേർത്തരച്ച് പുറമേ പുരട്ടുന്നത് നീരും വേദനയും കുറയ്ക്കാൻ സഹായിക്കും.
തൊണ്ടവേദനയ്ക്ക് കടുക് നാരങ്ങാനീരിൽ അരച്ച് പുറമേ പുരട്ടാം.
തലവേദന ശമിപ്പിക്കാൻ കടുക് അരച്ച് നേർമമായി നെറ്റിയിൽ പുരട്ടാം.
ഒരു സ്പൂൺ കടുക് ചേർത്ത് തിളപ്പിച്ച 50 മില്ലി വെള്ളം കുടിക്കുന്നത് ദഹനക്കേട് കുറയ്ക്കാൻ സഹായിക്കും.
കടുക് എപ്പോഴും മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
അൾസർ, അമിത അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെയോ ആയുർവേദ വിദഗ്ധന്റെയോ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.
ഔഷധമായി ഉപയോഗിക്കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates