ഇന്ത്യയിലെ സ്ത്രികൾക്ക് ലൈംഗികതയോടുള്ള കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്. അടുത്തിടെ നടി നീന ഗുപ്ത നൽകിയൊരു അഭിമുഖത്തിൽ ഇന്ത്യയിലെ സ്ത്രീകൾ ലൈംഗികത ആനന്ദമായി കരുതുന്നതിന് പകരം കടമയായാണ് കാണുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകളും ചൂടുപിടിച്ചു. അതിനിടെ ഐടി വിദഗ്ധനും എഴുത്തുകാരനുമായ നസീർ ഹുസൈൻ കിഴക്കേടത്ത് ഫെയ്സ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
സോഷ്യല്‍ കണ്ടിഷനിങ്ങിന് വിധേയരായി വളര്‍ന്നു വരുന്ന ഇന്ത്യയിലെ പെണ്‍കുട്ടികള്‍ സെക്സിന് കാണുന്നത് പുനരുൽപാദനത്തിനുള്ള ഒരു ഉപകരണം മാത്രമായാണ്. രണ്ടു പേർ തമ്മിലുള്ള അടുപ്പത്തിൻ്റെയോ സന്തോഷത്തിൻ്റെയോ ഉറവിടമായി നമ്മൾ ലൈംഗികതയെ ഇതു വരെ കണ്ടിട്ടില്ലെന്നും നസീർ ഹുസൈൻ കുറിപ്പില്‍ പറയുന്നു. സ്ത്രികള്‍ മിക്കപ്പോഴും ഭർത്താവിൻ്റെ സന്തോഷത്തിനായിട്ടാണ് സെക്സ് ചെയ്യുന്നത്.
കര പെട്ടെന്ന് ചൂടാവുകയും തണുക്കുകയും ചെയ്യുന്നത് പോലെ ആണുങ്ങൾ, സ്ത്രീകളുടെ ഓർഗാസം ഉണ്ടാകുമെന്നതിനെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലാതെ, പെട്ടെന്ന് ചൂടവുകയും, കാര്യം കഴിഞ്ഞു മറുഭാഗത്തേക്ക് തിരിഞ്ഞുകിടന്നുറങ്ങുകയും, ഇതാണ് സെക്സെന്ന് കരുതി ഭൂരിപക്ഷം സ്ത്രീകളും നെടുവീർപ്പിട്ട് കിടന്നുറങ്ങുകയും ചെയ്യും. ഫോർപ്ലേ, സ്ത്രീകളുടെ ഓർഗാസം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഈയടുത്താണ് കേരളത്തിലെ സ്ത്രീകളുടെ ഡിക്ഷനറിയിൽ ഇടം പിടിക്കാൻ തുടങ്ങിയത്.
അതിന്റെ ഒരു കാരണം സാമ്പത്തികമാണ്. അതുവരെ കുടുംബത്തിന്റെ വരുമാന സ്രോതസ് പുരുഷൻ മാത്രമായിരുന്നപ്പോൾ സ്ത്രീകൾക്ക് തങ്ങളുടെ ഭാഗം സംസാരിക്കാനുള്ള അവകാശം കുറവാണെന്ന് കരുതി പൊന്നു, പക്ഷെ ഇപ്പോൾ, സ്ത്രീകളും കുടുംബത്തിന്റെ വരുമാനത്തിന്റെ ഉറവിടത്തിൽ നല്ലൊരു പങ്ക് വഹിക്കാൻ തുടങ്ങി, ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ തങ്ങൾക്കും അവകാശമുണ്ടെന്നുള്ള ബോധം വന്നു തുടങ്ങി.
അവരുടെ ലൈംഗിക ആനന്ദം ഒളിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അവരെ നമ്മൾ തെറ്റിദ്ധരിപ്പിക്കുന്നു. ലൈംഗികത ഒരു തെറ്റല്ല, പാപമല്ല, രഹസ്യമായി വയ്‌ക്കേണ്ട കാര്യമോ ഒരു ഡ്യൂട്ടിയോ അല്ല. പങ്കാളിക്ക് ഉപയോഗിച്ച് വലിച്ചെറിയണ്ട സ്ത്രീകളുടെ ലൈംഗികത. മനസ്സിൽ കുറ്റബോധം തോന്നാതെ, സ്വയമോ പരസ്പരമോ ആസ്വദിക്കേണ്ട ഒന്നാണ്. പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക അവയവങ്ങളെ കുറിച്ച് അറിവില്ല എന്നതാണ് സത്യം. കൂടാതെ കന്യാചർമം എന്നൊക്കെ പറഞ്ഞു പലരും നമ്മുടെ കുട്ടികളെ പേടിപ്പിച്ച് വച്ചിരിക്കുകയാണ്. സെക്സ് എഡ്യൂകേഷന്റെ ഭാഗമായി ശരീര ഭാഗങ്ങൾ പഠിപ്പിക്കുന്ന കൂട്ടത്തിൽ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് സുരക്ഷിതമായ ലൈംഗികത പാപമല്ലെന്നും അതാസ്വദിക്കുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നതും.
ആണുങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പറഞ്ഞാൽ അതൊരു സാധാരണ കാര്യമായി അംഗീകരിക്കുന്ന നമ്മുടെ സമൂഹം, എന്നാല്‍ സ്ത്രീകള്‍ സ്വയം ഭോഗം ചെയ്താല്‍ പാപമാണെന്ന് മുദ്രകുത്തുന്ന ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം കുറിച്ചു. സ്ത്രീകൾ സ്വയം സുഖിക്കുക എന്നത് നമുക്കാലോചിക്കാൻ കൂടി കഴിയാത്ത ഒന്നാണ്. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ പോലെ ഇഷ്ടപെടുന്ന ആളുകൾ പങ്കാളികളയുണ്ടാവാം. അവർ ഇതെങ്ങിനെ അവതരിപ്പിക്കുമെന്ന് വിചാരിച്ച് പകച്ചു നില്കുന്നുണ്ടാകാം. ലൈംഗികത തുറന്നു സംസാരിക്കാന്‍ കഴിയാതെ വരുന്ന ഇടങ്ങില്‍ നമ്മള്‍ക്ക് നമ്മുടെ ഒരു അംശം തന്നെ നഷ്ടപ്പെടാമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
'തലമുറകളായുള്ള പാപചിന്തയിൽ നിന്ന് പുറത്തേക്ക് വരാൻ നമുക്ക് സമയമായി. നമ്മുടെ ശരീരത്തെക്കുറിച്ചും, നമ്മുടെ ആനന്ദത്തെ കുറിച്ചും, നമ്മുടെ ഫാന്റസികളെ കുറിച്ചും അഭിമാനത്തോടെ, പരസ്പര ബഹുമാനത്തോടെ തുറന്നു സംസാരിക്കാൻ സമയമായി. ലൈംഗികത ഒരാൾ കൊടുക്കുകയും ഒരാൾ വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവടം അല്ലെന്നും, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന ഒരു പരസ്പര്യമാണെന്നും നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും, അതിനേക്കാളേറെ നമ്മളെത്തന്നെയും പറഞ്ഞു മനസിലാക്കാൻ സമയമായി. ഒരു സ്ത്രീയുടെ ഓർഗാസം അവളുടെ അവകാശമാണെന്നും, പലപ്പോഴും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആണുങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും നമ്മൾ സ്വയം മനസിലാക്കേണ്ട സമയമായി'.
'ലൈംഗികത പാപമായി കാണുന്നതും, സ്ത്രീകളുടെ ആനന്ദത്തെ കണ്ടെത്താനുളള ആഗ്രഹത്തെ ഒരു മോശം കാര്യമായി കാണുന്നതുമൊക്കെ നമുക്ക് നിർത്താൻ സമയമായി. തുല്യതയ്ക്കും, ആനന്ദത്തിനും, വിശ്വാസത്തിനും ഉള്ള ഒരു സ്പേസ് ആയി ലൈംഗികത നമുക്ക് പരിഗണിക്കാൻ തുടങ്ങണം. സ്ത്രീകൾ അവരുടെ പങ്കാളികളോട് നിങ്ങളുടെ ലൈംഗിക ആവശ്യത്തെ കുറിച്ച് മനസ് തുറന്നു സംസാരിക്കുക. കാരണം ചില സംസ്കാരങ്ങളുടെ മാറ്റങ്ങൾ തുടങ്ങുന്നത് ഒരു പക്ഷെ കിടപ്പറകളിൽ നടക്കുന്ന ഒരു ചെറിയ സംഭാഷണത്തിൽ നിന്നായിരിക്കും. നമ്മുടെ വളർന്നു വരുന്ന തലമുറ ലൈംഗികതയെ കൂടുതൽ ആരോഗ്യകരമായി കാണുകയും, അതിനെകുറിച്ച് കൂടുതൽ ഓപ്പൺ ആയി സംസാരിക്കുകയും ചെയ്യുന്നത് കാണുന്നതാണ് ഒരാശ്വാസം. ലൈംഗികത പാപമായി കാണുന്ന അവസാനത്തെ തലമുറ നമ്മുടേത് ആകട്ടെ.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates