NEET Exam Mental Stress AI Image
Health

കയ്യിൽ 'പ്ലാൻ ബി' വേണം! നീറ്റ് പരീക്ഷയുടെ മാനസിക സമ്മർദം ഒഴിവാക്കാം

നീറ്റ് ഒരു പ്രധാനപ്പെട്ട പരീക്ഷയാണെങ്കിലും അത് ജീവിതത്തിന്റെ അവസാന അവസരമല്ലെന്ന് മനസ്സിലാക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഞായറാഴ്ച നടക്കാനിരിക്കുന്ന NEET യുജി പുനഃപരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. ഉയർന്ന പ്രതീക്ഷ, കടുത്ത മത്സരം, മാതാപിതാക്കളുടെയും സമൂഹത്തിന്റെ സമ്മർദ്ദം എന്നിവ വിദ്യാർഥികളിൽ കഠിനമായ മാനസിക സംഘർഷം സൃഷ്ടിക്കാറുണ്ട്.

പരീക്ഷ അടുക്കുമ്പോൾ ഉത്കണ്ഠ, ഭയം, ആത്മവിശ്വാസക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയ പല പ്രശ്നങ്ങളും നേരിടാം. എന്നാൽ ശരിയായ തയ്യാറെടുപ്പുകളും മാനസിക നിയന്ത്രണവും ഉണ്ടെങ്കിൽ ഈ സമ്മർദം കുറയ്ക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

രാവും പകലും ഓരേ പോലെ ഇരുന്ന് പഠിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ് വിദ്യാർഥികൾ, എന്നാൽ അമിതമായാൽ അമൃതവും വിഷമാണെന്ന് കേട്ടിട്ടില്ലേ... നമ്മുടെ ലക്ഷ്യത്തിനായി 100 ശതമാനവും പരിശ്രമിക്കുന്നത് നല്ലതാണ്, എന്നാൽ അത് മാത്രമാണ് എല്ലാം എന്ന തോന്നൽ അമിത സമ്മർദത്തിനും നിരാശയ്ക്കും കാരണമാകും. എപ്പോഴും ഒരു 'പ്ലാൻ ബി' ഉള്ളത് നല്ലതാണ്. നീറ്റ് ഒരു പ്രധാനപ്പെട്ട പരീക്ഷയാണെങ്കിലും അത് ജീവിതത്തിന്റെ അവസാന അവസരമല്ലെന്ന് മനസ്സിലാക്കുക. മറിച്ച്, ജീവിത പാതയിലെ പല വഴികളിൽ ഒന്നുമാത്രമാണ്.

ഒരു പരീക്ഷയുടെ മാത്രം ഫലം ഒരാളുടെ കഴിവിനെയോ ഭാവിയെയോ നിർണ്ണയിക്കുന്നില്ല. ആത്മവിശ്വാസം, കൃത്യമായ തയ്യാറെടുപ്പ്, മാനസിക സമാധാനം എന്നിവയോടെ പരീക്ഷയെ സമീപിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. വിജയത്തിനുള്ള ആദ്യപടി ഭയത്തെ നിയന്ത്രിച്ച് സ്വന്തം കഴിവിൽ വിശ്വാസം പുലർത്തുക എന്നതാണ്.

പരീക്ഷയുടെ തലേദിവസം ചെയ്യേണ്ട കാര്യങ്ങൾ

  • പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കരുത്.

  • പ്രധാനപ്പെട്ട ഫോർമുലകളും കുറിപ്പുകളും മാത്രം റിവൈസ് ചെയ്യുക.

  • അഡ്മിറ്റ് കാർഡ്, ഐഡി കാർഡ് തുടങ്ങിയവ തയ്യാറാക്കി വയ്ക്കുക.

  • രാത്രി നേരത്തെ ഉറങ്ങാൻ ശ്രമിക്കുക.

  • നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക.

പരീക്ഷാ ഹാളിൽ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ടത്

  • ചോദ്യപേപ്പർ മുഴുവൻ ആദ്യം വായിക്കുക

  • എളുപ്പമുള്ള ചോദ്യങ്ങളിൽ നിന്ന് തുടങ്ങുന്നത് ആത്മവിശ്വാസം വർധിപ്പിക്കും.

  • സമയം കൃത്യമായി നിയന്ത്രിക്കുക

  • ഒരു ചോദ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക.

  • പരിഭ്രാന്തരാകാതിരിക്കുക

  • കഠിനമായ ചോദ്യങ്ങൾ കണ്ടാൽ പേടിക്കേണ്ടതില്ല. എല്ലാവർക്കും ഒരേ ചോദ്യപേപ്പറാണ് ലഭിക്കുന്നത്.

  • സ്വയം പ്രോത്സാഹിപ്പിക്കുക, 'എനിക്ക് ഇത് ചെയ്യാൻ കഴിയും' എന്ന പോസിറ്റീവ് ചിന്ത നിലനിർത്തുക.

മാതാപിതാക്കളുടെ സമീപനത്തിലും വേണം ചില മാറ്റങ്ങൾ

  • തോറ്റാലും ജയിച്ചാലും നീ ഞങ്ങളുടെ പ്രിയപ്പെട്ട മകനാണ്/മകളാണ് എന്ന ഉറപ്പ് കുട്ടികൾക്ക് എപ്പോഴും നൽകുക.

  • എല്ലാ കുട്ടികളുടെയും അഭിരുചി വ്യത്യസ്തമായിരിക്കും. സംഗീതം, സാഹിത്യം, കായികം, മാനവിക വിഷയങ്ങൾ തുടങ്ങി കുട്ടിയുടെ താല്പര്യം എന്തിലാണെന്ന് കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുക. അവ നമ്മുടെ ഇഷ്ടത്തിന് കടകവിരുദ്ധമാണെങ്കിൽ പോലും. കാരണം അത് അവരുടെ ജീവിതമാണ്.

  • അയൽപക്കത്തെ കുട്ടിയുമായോ ബന്ധുക്കളുമായോ ഉള്ള താരതമ്യം കുട്ടികളിൽ അപകർഷതാബോധവും ദേഷ്യവും മാത്രമേ ഉണ്ടാക്കൂ. ഒരിക്കലും ചെയ്യാതിരിക്കുക.

  • നാട്ടിലെ പരീക്ഷ സമ്പ്രദായങ്ങളുടെ പോരായ്മകൾ കുട്ടികളുമായി ചർച്ച ചെയ്യുകയും, ആ ഒരു ഇൻസെക്യൂരിറ്റി കൂടി ചേർന്നതാണ് നിർഭാഗ്യവശാൽ നമ്മുടെ അവസ്‌ഥ എന്നും അതുകൊണ്ട് എന്തും സംഭവിക്കാമെന്നും എന്ത് സംഭവിച്ചാലും അവരുടെ ജീവനാണ് മറ്റെന്തിനേക്കാളും വലുതെന്നും അവരെ ബോധ്യപ്പെടുത്തുക.

  • അച്ഛനമ്മമാരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കഴിഞ്ഞില്ലെങ്കിലും അവരോട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ‘എനിക്ക് പറ്റിയില്ല’ എന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് വീടുകളിൽ ലഭിക്കണം.

  • മാർക്കുകളെയും റാങ്കുകളെയും അമിതമായി മഹത്വവൽക്കരിക്കുന്ന രീതി പരസ്യമാക്കാതിരിക്കുക.

  • മക്കളുടെ കയ്യിൽ റാങ്ക് ലിസ്റ്റുകൾക്ക് പകരം അവരുടെ മാനസിക സന്തോഷവും ആരോഗ്യവും ജീവനും ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ മാതാപിതാക്കളും തയ്യാറാകണം.

ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 22.79 ലക്ഷം വിദ്യാർഥികൾക്കായാണ് പുനഃപരീക്ഷ നടത്തുന്നത്. കേന്ദ്രീകൃത നിയന്ത്രണ സംവിധാനങ്ങളിലൂടെ പരീക്ഷയുടെ തത്സമയ നിരീക്ഷണവുമുണ്ടാകും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 5.15 വരെയാണ് പരീക്ഷ. അർഹരായ ഭിന്നശേഷി വിദ്യാർഥികൾക്ക് 6.20 വരെ സമയം നൽകും.

NEET Exam students Mental Stress; Mental Stress management tips before exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്'; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന, കസേരകളി തുടരുന്നു

'കൈ പൊള്ളിക്കുകയല്ല വാഷൗട്ടാക്കി കളഞ്ഞു, ഒപ്പുവച്ച ഒടിടി കരാറിൽ നിന്ന് വരെ പിന്മാറി'; 'വിലായത്ത് ബുദ്ധ' വലിയ നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ്

NIPMR: സർക്കാർ സ്ഥാപനത്തിൽ ജോലി,അസിസ്റ്റന്റ് പ്രൊഫസർ മുതൽ ഹോസ്റ്റൽ വാർഡൻ വരെ

ശരണ്‍ ആദിത്യയെ മോശമായി ചിത്രീകരിച്ചു, മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്; അധ്യാപികയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

വിനീത് കുമാറിന്റെ പുതിയ ചിത്രം 'നോട്ടി'ന് തുടക്കം; ഭദ്രദീപം കൊളുത്തി ആഷിഖ് അബു