Precision Angioplasty Pinterest
Health

മാരകമായ ഹൃദയതടസ്സങ്ങളും ഇനി കൃത്യതയോടെ മാറ്റാം: അറിയാം എന്താണ് 'പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി'

സാധാരണ കൊറോണറി ആൻജിയോഗ്രാം മുഖേന രക്തധമനിയുടെ ഒരു ദ്വിമാന നിഴൽചിത്രം മാത്രമേ വിദഗ്ദ്ധർക്ക് കാണാൻ സാധിക്കൂ.

Author : Dr. Anvar K
Edited By : അഞ്ജു സി വിനോദ്‌

തടസ്സങ്ങൾ നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിൽ ആഞ്ചിയോപ്ലാസ്റ്റി വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. എന്നാൽ, സാധാരണ ആൻജിയോഗ്രാം ചിത്രങ്ങൾ മാത്രം നോക്കി സ്റ്റെന്റ് വെക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിസൂക്ഷ്മമായ കൃത്യതയോടെ നിർവ്വഹിക്കുന്ന പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി എന്ന പുതിയ അധ്യായത്തിലേക്ക് ഹൃദയചികിത്സ ഇന്ന് എത്തിനിൽക്കുന്നു.

സ്റ്റെന്റ് നിക്ഷേപിക്കുന്നതിനും അപ്പുറം, തടസ്സത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാനും കാൽസ്യം അടങ്ങിയ കഠിനമായ തടസ്സങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകൾ സഹായിക്കുന്നു.

എന്താണ് പ്രെസിഷൻ ആഞ്ചിയോപ്ലാസ്റ്റി?

സാധാരണ കൊറോണറി ആൻജിയോഗ്രാം മുഖേന രക്തധമനിയുടെ ഒരു ദ്വിമാന നിഴൽചിത്രം (2D Shadow image) മാത്രമേ വിദഗ്ദ്ധർക്ക് കാണാൻ സാധിക്കൂ. ഇത് ഉപയോഗിച്ച് ധമനിയുടെ വ്യാസമോ തടസ്സത്തിന്റെ യഥാർത്ഥ കട്ടിയോ കൃത്യമായി വിലയിരുത്താൻ പരിമിതികളുണ്ട്.

എന്നാൽ പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റിയിൽ, ധമനിയുടെ ഉള്ളിലെ ഘടനയും രോഗാവസ്ഥയും മൈക്രോൺ തലത്തിൽ കൃത്യമായി അളക്കാൻ സാധിക്കുന്ന ഇന്റർവെൻഷണൽ ഇമേജിംഗ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് ആഞ്ചിയോപ്ലാസ്റ്റിയുടെ വിജയശതമാനം വർദ്ധിപ്പിക്കുകയും അപകടസാധ്യതകൾ വൻതോതിൽ കുറയ്ക്കുകയും ചെയ്യുന്നു.

ധമനികൾക്കുള്ളിലെ കണ്ണുകൾ: ഇൻട്രാവാസ്കുലാർ ഇമേജിങ്

  • ഹൃദയധമനികൾക്കുള്ളിലെ തടസ്സങ്ങളെ അടുത്തറിയാനും സ്റ്റെന്റുകൾ കൃത്യമായി നിക്ഷേപിക്കാനും സഹായിക്കുന്ന രണ്ട് പ്രധാന ഇമേജിംഗ് സങ്കേതങ്ങളാണ് ഐവിയുഎസും (IVUS), ഒസിടിയും (OCT).

  • ഐവിയുഎസ് (ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട്): അത്യാധുനിക ശബ്ദതരംഗങ്ങൾ (അൾട്രാസൗണ്ട്) ഉപയോഗിച്ച് രക്തധമനിക്കുള്ളിലെ അവസ്ഥ സ്കാൻ ചെയ്യുന്ന രീതിയാണിത്. ധമനിയുടെ യഥാർത്ഥ വ്യാസം, തടസ്സത്തിന്റെ ആഴം, ധമനിയുടെ ഭിത്തികളിൽ കാൽസ്യം അടിഞ്ഞിട്ടുണ്ടോ എന്നിവ കൃത്യമായി കാണിച്ചുതരാൻ ഐ.വി.യു.എസിന് സാധിക്കും.

  • ഒസിടി (ഒപ്റ്റിക്കൽ കൊഹിറെൻസ് ടോമോഗ്രാഫി): ഇൻഫ്രാറെഡ് പ്രകാശതരംഗങ്ങൾ ഉപയോഗിച്ച് നിർവ്വഹിക്കുന്ന അതിസൂക്ഷ്മ ഇമേജിങ് പരിശോധനയാണിത്. ഐവിയുഎസിനേക്കാൾ 10 ഇരട്ടി ഉയർന്ന റെസല്യൂഷനിൽ (വ്യക്തതയിൽ) ധമനികളുടെ ആന്തരിക പാളികൾ മൈക്രോസ്കോപ്പിക് തലത്തിൽ ദൃശ്യമാക്കാൻ ഒസിടിക്ക് കഴിയും. സ്റ്റെന്റ് വെച്ചതിനു ശേഷം അത് ധമനിയുടെ ഭിത്തിയോട് പൂർണ്ണമായും ചേർന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഇത് ഏറെ സഹായിക്കുന്നു.

തടസ്സങ്ങൾ നീക്കാനുള്ള ചികിത്സാരീതികൾ

പ്രായം കൂടിയവരിലും ദീർഘകാലമായി പ്രമേഹമോ വൃക്കരോഗമോ ഉള്ളവരിലും ഹൃദയധമനികളിൽ കൊഴുപ്പിനൊപ്പം കല്ലുപോലെ ഉറച്ച കാൽസ്യം അടിഞ്ഞുകൂടാറുണ്ട്. ഇത്തരം കാൽസ്യം നിറഞ്ഞ ധമനികളിൽ സാധാരണ ബലൂണുകൾ ഉപയോഗിച്ച് തടസ്സം വികസിപ്പിക്കാനോ സ്റ്റെന്റ് കൃത്യമായി വിടർത്താനോ സാധിക്കില്ല.

കാൽസ്യം മാറ്റാതെ സ്റ്റെന്റ് വച്ചാൽ അത് പകുതി മാത്രം വികസിക്കുകയും ഭാവിയിൽ വീണ്ടും തടസ്സം രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ഇതി പരിഹരിക്കാൻ അത്യാധുനിക കാൽസ്യം മോഡിഫിക്കേഷൻ ചികിത്സാരീതികൾ ലഭ്യമാണ്:

  • റോട്ടാബ്ലേറ്റർ (റൊട്ടേഷണൽ അഥെറെക്ടമി): അറ്റത്ത് വജ്രപ്പൊടി (ഡയമണ്ട് ബർ) പതിപ്പിച്ച അതിസൂക്ഷ്മ ഉപകരണം ഉപയോഗിക്കുന്ന രീതിയാണിത്. മിനിറ്റിൽ 1,40,000 മുതൽ 1,80,000 തവണ വരെ വേഗതയിൽ കറങ്ങി ധമനിയിലെ കഠിനമായ കാൽസ്യം തടസ്സങ്ങളെ അങ്ങേയറ്റം സൂക്ഷ്മമായ കണികകളായി പൊടിച്ചുകളയാൻ ഇതിന് സാധിക്കും.

  • ഐവിഎൽ (ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി): മൂത്രക്കല്ലുകൾ പൊടിക്കാൻ ഉപയോഗിക്കുന്ന ലിത്തോട്രിപ്സി സാങ്കേതികവിദ്യയുടെ ലഘുരൂപമാണിത്. ബലൂൺ കത്തീറ്ററിലൂടെ ശബ്ദതരംഗങ്ങൾ കടത്തിവിട്ട് ധമനിയുടെ ആഴത്തിലുള്ള കാൽസ്യം നിക്ഷേപങ്ങളെ മാറ്റുന്നു. ധമനിയുടെ മറ്റ് കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ കാൽസ്യം ഇല്ലാതാക്കാൻ ഐവിഎൽ വളരെ പ്രയോജനകരമാണ്.

  • ഓർബിറ്റൽ അതെറെക്ടമി (ഓഎ): ഡയമണ്ട് കോട്ടഡ് ബർ വശങ്ങളിലേക്ക് വൃത്താകൃതിയിൽ കറങ്ങി കാൽസ്യം നീക്കം ചെയ്യുന്ന രീതിയാണിത്. ചികിത്സ നടക്കുമ്പോൾ തന്നെ ധമനിയിലൂടെയുള്ള രക്തയോട്ടം നിലയ്ക്കാതെ കാൽസ്യം മാറ്റാൻ ഇത് സഹായിക്കുന്നു.

  • ലേസർ ആഞ്ചിയോപ്ലാസ്റ്റി: സാധാരണ ബലൂണുകൾക്ക് കടന്നുപോകാൻ കഴിയാത്ത കഠിനമായ തടസ്സങ്ങളും, മുമ്പ് വച്ച സ്റ്റെന്റുകൾക്കുള്ളിൽ വീണ്ടും തടസ്സമുണ്ടാകുന്ന അവസ്ഥയും (ഇൻ-സ്റ്റെന്റ് റീസ്റ്റെനോസിസ്) ലേസർ ഊർജ്ജം (ഫോട്ടോ-അബ്ലേഷൻ) ഉപയോഗിച്ച് ബാഷ്പീകരിച്ചു കളയുന്ന അത്യാധുനിക രീതിയാണിത്.

പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റിയുടെ പ്രധാന നേട്ടങ്ങൾ

  • സ്റ്റെന്റുകളുടെ കൃത്യതയും ഈടുനിൽപ്പും: രക്തധമനിയുടെ കൃത്യമായ അളവ് മനസ്സിലാക്കി അതിനനുയോജ്യമായ സ്റ്റെന്റ് തിരഞ്ഞെടുക്കാനും അത് ഭിത്തിയോട് പൂർണ്ണമായി ചേർത്തു വെക്കാനും (ഒപ്ടിമൽ സ്റ്റെന്റ് എക്സ്പാൻഷൻ) സാധിക്കുന്നു.

  • അപകടസാധ്യത കുറവാണ്: ഭാവിയിൽ സ്റ്റെന്റിനുള്ളിൽ രക്തം കട്ടപിടിക്കാനുള്ള (സ്റ്റെന്റ് ത്രോംബോസിസ്) സാധ്യതയും വീണ്ടും രോഗം വരാനുള്ള സാധ്യതയും വൻതോതിൽ കുറയ്ക്കുന്നു.

  • ഒന്നിലധികം ധമനികളിൽ തടസ്സമുള്ളവർക്കും, കഠിനമായ കാൽസ്യം നിക്ഷേപമുള്ളവർക്കും ബൈപാസ് ശസ്ത്രക്രിയ കൂടാതെ തന്നെ സുരക്ഷിതമായി ആഞ്ചിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കുന്നു.

ഹൃദയചികിത്സാ രംഗത്തുണ്ടായിട്ടുള്ള ശാസ്ത്രീയ മുന്നേറ്റങ്ങൾ രോഗികളുടെ ആയുസ്സും ജീവിതനിലവാരവും വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ആഞ്ചിയോപ്ലാസ്റ്റി എന്നത് കേവലം ഒരു ബലൂണോ സ്റ്റെന്റോ വെയ്ക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇമേജിങ് സങ്കേതങ്ങളും അഡ്വാൻസ്ഡ് ആഞ്ചിയോപ്ലാസ്റ്റി ഉപകരണങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സൂക്ഷ്മ ചികിത്സയാണ്. മുൻകാലങ്ങളിൽ ശസ്ത്രക്രിയ മാത്രം പരിഹാരമായിരുന്ന പല സങ്കീർണ്ണ ഹൃദ്രോഗങ്ങൾക്കും ഇന്ന് പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റിയിലൂടെ 100 ശതമാനം സുരക്ഷിതമായ പരിഹാരം കണ്ടെത്താൻ സാധിക്കും.

Dr. Anvar K

Precision Angioplasty, treatment and procedure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂടുതല്‍ സുരക്ഷ വേണ്ട'; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം

'അവന് മരണമില്ല, അതിനൊരു കാരണമുണ്ട്'; 'യേഴു കടൽ യേഴു മലൈ' ആദ്യ മൂന്ന് മിനിറ്റ് പുറത്ത്

HLL Lifecare Limited: അപ്രന്റീസ്ഷിപ്പ് ട്രെയിനിങിന് അവസരം; ITI മുതൽ യോഗ്യത, പേരൂർക്കടയിൽ നിയമനം

'അവരുടെ തൊലിക്കടിയിലെ കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് എടുത്ത് വച്ചിരിക്കുന്നത്'; തുറന്നടിച്ച് ജുവല്‍ മേരി