ലാറ ദത്തയ്ക്കൊപ്പം 2007-ല്‍ പാട്നര്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ആദ്യമായി ആ തീവ്ര വേദന അനുഭവപ്പെട്ടത്, അന്ന് മുതല്‍ ഏഴര വര്‍ഷം താന്‍ ആ അതിവേദന സഹിച്ചു ജീവിച്ചെന്ന് ബോളിവുഡിന്‍റെ ജനപ്രിയ ഹീറോ സല്‍മാന്‍ ഖാന്‍ ട്വിങ്കിള്‍ ഖന്നയും കജോളും നടത്തുന്ന ടോക് ഷോയില്‍ വിശദീകരിച്ചു. ട്രൈജെനിമല്‍ ന്യൂറോള്‍ജിയ അഥവാ 'സൂയിസൈഡൽ ഡിസീസ്' എന്ന അപൂര്‍വ രോഗാവസ്ഥയായിരുന്നു സല്‍മാന്‍ ഖാനെ ബാധിച്ചത്.
തലയോട്ടിയിലെ ഞരമ്പുകളിൽ ഏറ്റവും വലുതായ ട്രൈജെമിനൽ നാഡിയിൽ നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്. മുഖത്തും തലയിലും കവിളിലും താടിയെല്ലിലുമെല്ലാം ഒന്ന് സ്പർശിക്കുമ്പോൾ പോലും കടുത്ത വേദന ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. ഈ രോഗത്തെ ആത്മഹത്യ രോഗമെന്നും വിശേഷിപ്പിക്കാറുണ്ട്. മനുഷ്യന് ഉണ്ടാവുന്ന ഏറ്റവും വേദനാജനകമായ രോഗമാണിത്. മുഖത്തിന്‍റെ ഒരു വശത്ത് പെട്ടെന്ന്, തീവ്രമായ, വൈദ്യുതാഘാതം പോലുള്ള വേദനയാണ് അനുഭവപ്പെടുക. ഈ അസുഖം ഇഡിയൊപാത്തിക് സ്വഭാവമുള്ളതാണ്, അതായത് ഇത് സംഭവിക്കുന്നതിന് പ്രത്യേക കാരണമൊന്നുമില്ല.
അന്ന് ഷൂട്ടിനിടെ തന്‍റെ മുഖത്ത് തട്ടിയ മുടിയിഴകള്‍ നീക്കം ചെയ്യുന്നതിനായി ലാറ തന്‍റെ മുഖത്ത് സ്പര്‍ശിച്ചു. ഉടന്‍ വൈദ്യുതിയാഘാതം ഏറ്റ പോലെ അതി തീവ്രമായ ഒരു വേദന മുഖത്ത് അനുഭവപ്പെട്ടു. അന്ന് ലാറയോട്, നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണെന്ന് കളിയാക്കിയ കാര്യവും സാല്‍മാന്‍ ഓര്‍ത്തെടുത്തു. അന്നായിരുന്നു ആദ്യമായി വേദന തോന്നിയത്. പിന്നീട് അത് സ്ഥിരമാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓരോ നാലോ അഞ്ചോ മിനിറ്റില്‍ അതിതീവ്രമായ വേദന വന്നു പോകും. വളരെ പെട്ടെന്നായിരിക്കും അത് വരിക. ചിലപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ചെറിയൊരു അനക്കം പോലും വേദനയെ ട്രിഗര്‍ ചെയ്യുമായിരുന്നു. ചവയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും ഭക്ഷണം നേരിട്ടു വിഴുങ്ങുകയാണ് ചെയ്തിരുന്നത്. വേദന മറക്കാന്‍ മദ്യത്തിലായിരുന്നു ആശ്രയിച്ചതെന്നും സല്‍മാന്‍ പറയുന്നു. 2011 ൽ ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് സൽമാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2017-ലാണ് അദ്ദേഹം രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates