ഉറക്കത്തിന്റെ ദൈർഘ്യം മാത്രമല്ല, എങ്ങനെ കിടന്നുറങ്ങുന്നുവെന്നതും ആരോഗ്യത്തെ സ്വാധീനിക്കാം. പ്രത്യേകിച്ച് ഭക്ഷണശേഷം വയറിന് അസ്വസ്ഥത, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, കൂർക്കംവലി തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഉറങ്ങുന്ന പൊസിഷൻ പ്രധാനമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ ഇതൊക്കെ ചിന്തിക്കുമോ എന്ന സംശയം ഉണ്ടാകും. എന്നാൽ ദഹനത്തിന് ഇടതു വശം ചരിഞ്ഞ് കിടക്കുന്നതാണ് കൂടുതൽ ഗുണകരം.
നമ്മുടെ വയറിന്റെ ഘടനയും സ്ഥിതിയും നോക്കുമ്പോൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് വയറിലെ ആസിഡ് ഭക്ഷണനാളത്തിലേക്ക് കയറുന്നത് കുറയ്ക്കാൻ സഹായിക്കാം. പ്രത്യേകിച്ച് ഗാസ്ട്രോ ഈസോഫജിയൽ റിഫ്ലക്സ് (GERD) അല്ലെങ്കിൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർക്ക് ഇടതുവശം ചരിഞ്ഞുള്ള ഉറക്കം ഗുണകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ വയറിന്റെ പ്രവേശനഭാഗം ഭക്ഷണനാളത്തിന്റെ താഴത്തെ ഭാഗത്തേക്കാൾ താഴ്ന്ന നിലയിൽ വരാൻ സഹായിക്കുന്നതിനാൽ ആസിഡ് മുകളിലേക്ക് തിരികെ വരാനുള്ള സാധ്യത കുറയാം. അതുകൊണ്ടാണ് രാത്രി ഭക്ഷണം കഴിച്ച ശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർക്ക് ഇടതുവശം ചരിഞ്ഞ് ഉറങ്ങാൻ നിർദേശിക്കുന്നത്.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം, ഭക്ഷണം കഴിച്ച ശേഷം ഉടൻ കിടക്കരുത്. കിടക്കുന്ന വശം തിരഞ്ഞെടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന് ശേഷമുള്ള ഇടവേള. രാത്രി ഭക്ഷണം കഴിച്ച ഉടൻ കിടന്നാൽ വയറിലുള്ളത് ഭക്ഷണനാളത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വർധിക്കും.
ഇത് നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, തൊണ്ടയിൽ ആസിഡ് വരുന്നതുപോലുള്ള തോന്നൽ, വയറുവീക്കം, ഉറക്കത്തിലെ അസ്വസ്ഥത എന്നിവ ഉണ്ടാക്കാം. അതുകൊണ്ട് കിടക്കുന്നതിന് രണ്ട്-മൂന്ന് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് പ്രത്യേകിച്ച് റിഫ്ലക്സ് കുറയ്ക്കാൻ ചിലർക്ക് സഹായിക്കാം. എന്നാൽ മുഴുവൻ ദഹനപ്രക്രിയ മെച്ചപ്പെടുത്താനുള്ള ഒരു മാജിക് പൊസിഷൻ ആണെന്ന് കരുതരുത്.
ആവശ്യത്തിന് വെള്ളം കുടിക്കുക
ഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്തുക
പഴങ്ങളും പച്ചക്കറികളും കഴിക്കുക
അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക
സ്ഥിരമായ വ്യായാമം ചെയ്യുക
ഭക്ഷണം നന്നായി ചവച്ച് കഴിക്കുക
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക
ആവശ്യത്തിന് ഉറങ്ങുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates