'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നാണ് ചൊല്ല്. എന്നാല്‍ ചങ്ങാതി നന്നല്ലെങ്കിലോ..!' ജീവിതത്തിൽ ടോക്സിക് ആയ സുഹൃത്തുക്കളോ പങ്കാളികളോ ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാനസികാവസ്ഥയെ മാത്രമല്ല, പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് എത്തിക്കുമെന്നും പുതിയ പഠനം പറയുന്നു. പ്രോസിഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ടോക്സ് റിലേഷൻഷിപ്പ് അല്ലെങ്കിൽ ടോക്സിക് സുഹൃത്തുക്കൾ നമ്മെ വിമർശനം, സംഘർഷം അല്ലെങ്കിൽ നിഷേധാത്മക പെരുമാറ്റം എന്നിവയിലൂടെ നിരന്തരം സമ്മർദത്തിലാക്കുന്നു. ഇത്തരക്കാരെ 'ശല്യക്കാർ' എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. ഇത്തരം ശല്യക്കാർ ജീവിതത്തിൽ കൂടുന്നതനുസരിച്ച് നിങ്ങളുടെ ജൈവിക വർദ്ധക്യം (Biological Ageing) 1.5 ശതമാനം വീതം വേഗത്തിലാക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
പഠനത്തിൽ ഇത്തരം ആളുകൾ ചുറ്റുമുള്ളത് ആ വ്യക്തിക്ക് മറ്റ് ഘടകങ്ങളില്ലാതെ തന്നെ, സമപ്രായക്കാരേക്കാൾ ഏകദേശം ഒമ്പത് മാസം കൂടുതൽ ജൈവിക പ്രായം കാണിച്ചതായി ഗവേഷകർ പറയുന്നു.
ശരീരവീക്കം മുതൽ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ വരെയുള്ള ശരീരത്തിലെ ഒന്നിലധികം ജൈവവ്യവസ്ഥകളെ വിട്ടുമാറാത്ത സമ്മർദം ബാധിക്കുന്നുണ്ട്. കാലക്രമേണ ഇത് ജൈവിക വാർദ്ധക്യത്തിലേക്ക് (Biological Ageing) വേഗത്തിൽ നയിക്കാമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
അതായത് ഒരു വ്യക്തിയുടെ കാലക്രമത്തിലുള്ള പ്രായത്തിനനുസരിച്ച് ശരീരം പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രായമാകുന്നു. ജീവിതത്തിൽ നിങ്ങൾ നിലനിർത്തുന്ന കൂട്ടുകെട്ടുകൾ നിങ്ങളുടെ മാനസികാവസ്ഥയെ മാത്രമല്ല, ശരീരം എത്ര വേഗത്തിൽ പ്രായമാകുന്നു എന്നതിനെയും സ്വാധീനിച്ചേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ദീർഘകാല സമ്മർദം കോർട്ടിസോളിന്റെ ഉൽപാദനം ഉയർന്ന നിലയിൽ നിലനിർത്തും. ഇത് ശരീരവീക്കത്തിനും ഡിഎൻഎ കേടുപാടുകൾക്കും രോഗപ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകും. വാർദ്ധക്യം ത്വരിതപ്പെടുത്തുന്നതിലേക്കും നയിക്കും. ചുരുക്കം പറഞ്ഞാൽ, സമ്മർദ്ദകരമായ ബന്ധങ്ങളിൽ ദീർഘകാല സമ്പർക്കം പുലർത്തുന്നത് ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണ സംവിധാനത്തെ തുടർച്ചയായി സജീവമാക്കുകയും ക്രമേണ കോശങ്ങൾക്ക് പ്രായമാകുന്നതിനെ സ്വാധീനിക്കുകയും ചെയ്യും.
ടോക്സിക് ആളുകളെ പൂർണമായും ഒഴിവാക്കുന്നത് എപ്പോഴും സാധ്യമല്ലെങ്കിലും സമ്മർദ്ദകരമായ ബന്ധങ്ങളുടെ ആഘാതം കുറയ്ക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം
അതിരുകൾ നിശ്ചയിക്കുക: നിരന്തരമായ സമ്മർദ്ദം സൃഷ്ടിക്കുന്ന വ്യക്തികളോടൊപ്പം ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുന്നത് വൈകാരിക സമ്മർദ്ദം കുറയ്ക്കും.
പോസിറ്റീവ് ബന്ധങ്ങൾ ശക്തിപ്പെടുത്തുക: പിന്തുണയ്ക്കുന്ന സൗഹൃദങ്ങളും കുടുംബബന്ധങ്ങളും സമ്മർദ്ദത്തെ തടയുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സമ്മർദ്ദ മാനേജ്മെന്റിന് മുൻഗണന നൽകുക: വ്യായാമം, ധ്യാനം, മതിയായ ഉറക്കം തുടങ്ങിയ സാങ്കേതിക വിദ്യകൾ ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രൊഫഷണൽ പിന്തുണ തേടുക: കൗൺസിലിങ് അല്ലെങ്കിൽ തെറാപ്പി ബുദ്ധിമുട്ടുള്ള ബന്ധങ്ങളിൽ നാവിഗേറ്റ് ചെയ്യാൻ ആരോഗ്യകരമായ വഴികൾ വികസിപ്പിക്കാൻ വ്യക്തികളെ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates