വിറ്റാമിൻ ഗുളികകൾ പൊതുവെ സുരക്ഷിതമാണെന്നാണ് ധാരണ. പ്രത്യേകിച്ച് രോഗാവസ്ഥയൊന്നുമില്ലെങ്കിലും ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ തന്നെ വെറുതെ വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുണ്ട്. എന്നാൽ അത്തരത്തിൽ വെറുതെ കഴിക്കേണ്ട ഒന്നല്ല വിറ്റാമിൻ ഗുളികകളെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡോ. രാജീവ് ജയദേവൻ.
ഫേയ്സുബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സമീകൃതമായ ആഹാരരീതി ഉള്ള ആരോഗ്യമുള്ള വ്യക്തികൾക്ക് വിറ്റാമിൻ ഗുളികകൾ കഴിക്കേണ്ട ആവശ്യമില്ല, അവർക്ക് വിറ്റാമിൻ ലെവൽ ചെക്ക് ചെയ്യേണ്ട ആവശ്യവുമുമില്ല. ക്ലിനിക്കൽ ആയി വിറ്റാമിൻ കുറവു സംശയിക്കുന്ന സാഹചര്യങ്ങളിൽ മാത്രം വിറ്റാമിൻ ലെവൽ ടെസ്റ്റ് ചെയ്താൽ മതി.
ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നവരിൽ (അതായത് അകത്തളങ്ങളിൽ മാത്രം ഇരിക്കാതെ വീടിനു പുറത്തേയ്ക്ക് ഇറങ്ങുന്നവരിൽ) ആവശ്യത്തിന് വിറ്റാമിൻ ഡി ചർമ്മത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിറ്റാമിന് ഡി ഉത്പാദിപ്പിക്കാൻ ചില പാശ്ചാത്യർ ചെയ്യുന്നതുപോലെ ബീച്ചിൽ ചെന്ന് ബിക്കിനി ഇട്ട് മണ്ണിൽ കമഴ്ന്നു കിടന്ന് ബലമായി സൂര്യപ്രകാശമേൽക്കേണ്ട ആവശ്യമില്ല. നമ്മുടെ സാധാരണ വസ്ത്രങ്ങൾ ധരിച്ചാലും മതി. ഫുൾ സ്ലീവ് ഇട്ടു എന്നുവച്ച് വിറ്റാമിന് ഡി ഉൽപ്പാദനം കുറയുന്നില്ല എന്ന് കേരളത്തിൽ നിന്നുള്ള പഠനം തെളിയിക്കുന്നു.
“ഇന്ത്യയിൽ ഒട്ടു മിക്കവർക്കും വിറ്റാമിന് ഡി കുറവുണ്ട്” എന്നൊക്കെ പ്രസ്താവനകൾ കാണാം. തെറ്റാണ്.
വിറ്റാമിൻ ഡി യുടെ കാര്യത്തിൽ “ഏതാണ് നോർമൽ ലെവൽ” എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. By definition, ഒരു സമൂഹത്തിൽ നല്ല ആരോഗ്യമുള്ള വ്യക്തികളിൽ കാണപ്പെടുന്ന ലെവൽ ആണ് നോർമൽ ലെവൽ. ഉദാഹരണത്തിന് നോർമൽ ബിപി എത്ര, നോർമൽ ഷുഗർ എത്ര എന്നുള്ളത് വ്യക്തമാണ്. മാത്രമല്ല, അവയിൽ വ്യത്യാസമുള്ളവരിൽ ചില രോഗാവസ്ഥകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുമുണ്ട്.
എന്നാൽ വിറ്റാമിന് ഡി യുടെ കാര്യത്തിൽ പ്രത്യേകിച്ചും “നോർമൽ ലെവൽ” ഓരോ പ്രദേശത്തും ഓരോ സമൂഹത്തിലും വ്യത്യസ്തമാണ് എന്ന് പഠനങ്ങളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല, വിറ്റാമിൻ ഡി - യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ പരിശോധിച്ചാൽ നിലവിലുള്ള “നോർമൽ” അളവ് വളരെ കൂടുതൽ ആണെന്ന് വ്യക്തം. അതായത് അനവധി ആളുകളെ “എനിക്ക് വിറ്റാമിന് ഡി കുറവുണ്ട്” എന്നു വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പല അളവുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയമായ പുതിയ പഠനങ്ങൾ ആസ്പദമാക്കി അവ റിവൈസ് ചെയ്യേണ്ടതായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഓരോ scientific paper ആയി പബ്ലിഷ് ചെയ്യുന്നതാണ്.
ഉദാഹരണത്തിന്, “നോർമൽ ഉയരം ആറടി ആണ്” എന്ന് ആരെങ്കിലും പ്രസ്താവിച്ചാൽ അതനുസരിച്ചു നോക്കുമ്പോൾ നമ്മുടെ രാജ്യത്തുള്ള മിക്കവാറും പേർ “ഉയരക്കുറവുള്ളവർ” (abnormal or short people) ആയി മുദ്ര കുത്തപ്പെടും. പക്ഷേ നെറ്റർലാൻഡ്സിൽ അത് ശരിയും ആയിരിക്കും, കാരണം അവിടെ ശരാശരി ഉയരം ആറടിയാണ്. അതേ സ്കെയിൽ നമ്മുടെ രാജ്യത്ത് നടപ്പാക്കിയാൽ തെറ്റായ ഡയഗ്നോസിസ് ആവും ഫലം.
2024 ൽ എൻഡോക്രൈൻ സൊസൈറ്റി ഇതിലേയ്ക്കുള്ള പ്രധാന ചവടുവയ്‌പ്പ് നടത്തുകയും ചെയ്തു: നല്ല ആരോഗ്യമുള്ളവരിൽ ടെസ്റ്റ് ചെയ്യേണ്ടതില്ല എന്നും, നിലവിലെ ലാബ് റിപ്പോർട്ടുകളിൽ കാണുന്ന “sufficiency insufficiency deficiency” മുതലായ പ്രയോഗങ്ങൾ ഇനിമേൽ ആവശ്യമില്ല എന്നും അവർ വ്യക്തമാക്കി.
അമിതമായ അളവിൽ വിറ്റാമിനുകൾ പ്രത്യേകിച്ചും വിറ്റാമിൻ ഡി, സി (D, C) ഗുരുതരമായ സൈഡ് ഇഫക്ട്സ് വരുത്തി വയ്ക്കാനിടയുണ്ട്. ഇതു വായിക്കുന്ന പലരും അദ്ഭുതപ്പെട്ടേയ്ക്കാം. കാരണം, ഇത്രയും കാലം പിന്തുടർന്നു വന്ന ചില കീഴ്വഴക്കങ്ങൾ തിരുത്തി എഴുതപ്പെടുകയാണ്.
ശാസ്ത്രം കല്ലിൽ എഴുതപ്പെട്ടിട്ടില്ല (science is not written in stone ) എന്ന് കഴിഞ്ഞ ദിവസം ഞാൻ national health journalism summit ൽ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ ഇല്ലാതിരുന്ന പുതിയ അറിവുകൾ വിശകലനം ചെയ്ത് കാലോചിതമായ മാറ്റങ്ങൾ വരുത്തുക എന്നുള്ളതാണ് ശാസ്ത്രത്തിന്റെ രീതി.
ഡോ രാജീവ് ജയദേവൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates