മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ പ്രധാന സവിശേഷതയാണ് ശരീരത്തിലെ രോമങ്ങൾ. ശരീരത്തിൽ ചൂട് നിലനിർത്താനും സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും ഇവ നമ്മെ സഹായിക്കുന്നു. മനുഷ്യരിൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സ്കാൽപ്പിൽ ആണ് മുടി കൂടുതൽ ഇടതൂർന്നും നീളത്തിലും വളരുന്നത്.
എന്നിട്ടും പുരുഷന്മാരിൽ വലിയൊരു വിഭാഗത്തിനും ഒരു പ്രായം എത്തുമ്പോഴേക്കും മുടി കൊഴിയാനും കഷണ്ടിയാകുകയും ചെയ്യുന്നു. എൻഡോക്രൈനോളജിയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ അവലോകനമായ എൻഡോടെക്സ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, 50 വയസ്സാകുമ്പോഴേക്കും പകുതിയോളം പുരുഷന്മാരിൽ പ്രകടമായ മുടി കൊഴിച്ചിൽ നിരീക്ഷിച്ചതായി പറയുന്നുണ്ട്.
പ്രായം കൂടുന്തോറും ഇത് വർധിച്ചു വരുന്നതായും ഗവേഷകർ പറയുന്നു. എന്തുകൊണ്ടാണ് പുരുഷന്മാരിൽ ഇത്രയധികം മുടി കൊഴിയുന്നത്? പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?
പുരുഷന്മാരിലെ ഈ മുടി കൊഴിച്ചിലിനെ Male Pattern Baldness അല്ലെങ്കിൽ ആൻഡ്രോജെനെറ്റിക് അലോപ്പീസിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
നെറ്റിയുടെ ഇരുവശങ്ങളിൽ നിന്ന് മുടി പിന്നിലേക്ക് കൊഴിയുക, തലയുടെ മുകൾഭാഗത്ത് മുടിയുടെ സാന്ദ്രത കുറയുക, പിന്നീട് ഈ ഭാഗങ്ങളിലെ മുടി കൂടുതൽ കൊഴിയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് പ്രായവുമായി ബന്ധപ്പെട്ട ഒരു മാറ്റം മാത്രമല്ല. ജനിതകവും ഹോർമോണുകളുടെ പ്രവർത്തനവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുടി വളരുന്ന ഫോളിക്കിളുകൾ ക്രമേണ ചെറുതാകുന്നതോടെ മുടി നേരത്തേതിനേക്കാൾ നേർത്തതും ചെറുതുമായി മാറുന്നു. കാലക്രമേണ ചില ഫോളിക്കിളുകളിൽ നിന്നുള്ള മുടിവളർച്ച വളരെ കുറയുകയും ചെയ്യുന്നു.
പാരമ്പര്യമായി അച്ഛനോ അമ്മയ്ക്കോ കഷണ്ടിയുണ്ടെങ്കിൽ മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒരേ പ്രായത്തിൽ മുടി കൊഴിയണമെന്നില്ല. മുടിയുടെ വേരുകൾ ചില ജനിതക ഘടകങ്ങൾ കാരണം ഹോർമോണുകളോട് കൂടുതൽ സെൻസിറ്റീവ് ആകുന്നതാണ് ഇതിന് പിന്നലെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, പാരമ്പര്യമായി സാധ്യതയുള്ള രണ്ട് പുരുഷന്മാരിൽ ഒരേ പ്രായത്തിൽ ഒരാൾക്ക് കട്ടിയുള്ള മുടി നിലനിൽക്കുമ്പോൾ മറ്റൊരാൾക്ക് കഷണ്ടി രൂപപ്പെടാം.
പുരുഷന്മാരിൽ മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഘടകമാണ് ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ (DHT). ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിൽ നിന്ന് രൂപപ്പെടുന്ന ഡിഎച്ച്ടി, ജനിതകമായി സംവേദനക്ഷമമായ മുടിയുടെ വേരുകളെ സ്വാധീനിക്കുന്നു. ഇത് മുടിയുടെ വേരുകളെ ക്രമേണ ചെറുതാകും. ഓരോ ഘട്ടത്തിലും മുടി കൂടുതൽ നേർത്തതാകുകയും വളരുന്ന കാലയളവ് കുറയുകയും ചെയ്യുന്നു. ദീർഘകാലം കഴിയുമ്പോൾ ബാധിക്കപ്പെട്ട ഭാഗങ്ങളിൽ മുടിയുടെ സാന്ദ്രത കുറയാം. എന്നാൽ ശരീരത്തിൽ ഡിഎച്ച്ടി കൂടുതലായതു കൊണ്ടു മാത്രമല്ല കഷണ്ടി ഉണ്ടാകുന്നത്. മുടിയുടെ വേരുകൾ ഈ ഹോർമോണിനോട് എത്രത്തോളം സെൻസിറ്റീവ് ആണെന്നതും പ്രധാനമാണ്.
ചെറുപ്പത്തിൽ തുടങ്ങുന്ന മുടി കൊഴിച്ചിൽ പലരിലും പ്രായം കൂടുന്നതിനനുസരിച്ച് കൂടുതൽ പ്രകടമാകാം. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ റിപ്പോർട്ട് പ്രകാരം, 50 വയസ്സാകുമ്പോഴേക്കും പകുതിയിലധികം പുരുഷന്മാരിലും കഷണ്ടിയുടെ ലക്ഷണങ്ങൾ കാണുന്നുവെന്നാണ്. എന്നാൽ എല്ലാ രാജ്യങ്ങളിലെയും വംശീയ വിഭാഗങ്ങളിലെയും പുരുഷന്മാർക്ക് ഒരുപോലെ ബാധകമായ കണക്കല്ല ഇത്.
മാനസിക സമ്മർദം, രോഗങ്ങൾ, ശസ്ത്രക്രിയ, പെട്ടെന്നുള്ള ശരീരഭാരം കുറയൽ, പോഷകാഹാരക്കുറവ് തുടങ്ങിയവ ചിലരിൽ അമിതമായ മുടി കൊഴിച്ചിലിന് കാരണമാകാം. ഇത്തരം മുടി കൊഴിച്ചിലിനെ ടെലോജെൻ എഫ്‌ഫ്ലൂവിയം (Telogen Effluvium) എന്നറിയപ്പെടുന്നു.
എന്നാൽ സമ്മർദം മൂലമുള്ള മുടി കൊഴിച്ചിലും ജനിതകമായി രൂപപ്പെടുന്ന പുരുഷന്മാരുടെ പാറ്റേൺ കഷണ്ടിയും ഒരേ അവസ്ഥയല്ല. രണ്ടും ഒരേസമയം ഉണ്ടാകാനും സാധ്യതയുണ്ട്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തത് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. ഇരുമ്പിന്റെ കുറവ്, ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാതിരിക്കുക, ചില പോഷകങ്ങളുടെ കുറവ് എന്നിവ മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. മുട്ട, മത്സ്യം, പയർവർഗങ്ങൾ, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ സമീകൃത ഭക്ഷണക്രമം പൊതുവായ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും സഹായകരമാണ്.
പെട്ടെന്ന് മുടി ധാരാളമായി കൊഴിയുക, വട്ടത്തിലുള്ള ഭാഗങ്ങളിൽ മുടി പൂർണമായി നഷ്ടപ്പെടുക, തലയോട്ടിയിൽ ചൊറിച്ചിൽ, വേദന, ചുവപ്പ് എന്നിവ ഉണ്ടാകുക, പുരികങ്ങളിലോ താടിയിലോ മുടി കൊഴിയുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ കാണണം. കാരണം തിരിച്ചറിയുന്നതനുസരിച്ചായിരിക്കും ചികിത്സ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates