'നീ കുഞ്ഞായിരുന്നപ്പോൾ...' മുതിർന്നവർ നിങ്ങളുടെ കുട്ടിക്കാലത്തെ കുസൃതിയും വാശിയുമൊക്കെ എണ്ണി പറയുമ്പോൾ എനിക്കിതൊന്നും ഓർമയില്ലല്ലോ എന്ന് ചിന്തിച്ച് അത്ഭുതപ്പെടാറുണ്ട് പലരും. ഒന്നാം പിറന്നാൾ ആഘോഷവും നടക്കാൻ പഠിച്ചതും സംസാരിക്കാൻ പഠിച്ചതും മുഖങ്ങൾ തിരിച്ചറിഞ്ഞതുമൊക്കെ ഇനി നമ്മൾ എത്ര ശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? കുഞ്ഞുങ്ങൾക്ക് ഓർമശക്തിയില്ലാത്തതാണോ?
പഠനങ്ങൾ പറയുന്നത് കുഞ്ഞുങ്ങൾക്ക് പഠിക്കാനും ഓർമിക്കാനും കഴിവുണ്ടെന്നാണ്. എന്നാൽ ആ ഓർമകൾ പിന്നീട് വളരുമ്പോൾ നമുക്ക് തിരിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തിപരമായ സംഭവ ഓർമകളായി (autobiographical memories) നിലനിൽക്കണമെന്നില്ല. ഈ പ്രതിഭാസത്തെയാണ് ചൈൽഡ്ഹുഡ് അംനേഷ്യ (Childhood Amnesia) അഥവാ Infantile Amnesia എന്ന് വിളിക്കുന്നത്.
ഈ ഓർമകൾ നമ്മൾക്ക് വീണ്ടെടുക്കാൻ കഴിയില്ലെങ്കിലും ആ അനുഭവങ്ങൾ നമ്മുടെ വളർച്ചയിൽ വഹിച്ച പങ്ക് അതുകൊണ്ട് ഇല്ലാതാകുന്നില്ല.
ജീവിതത്തിൽ ആദ്യ മൂന്ന്-നാല് വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പിന്നീട് വളരുമ്പോൾ വളരെ കുറച്ചേ ഓർമയുണ്ടാകാറുള്ളൂ. ഓർമകൾ പിന്നീട് ക്രമേണ വർധിക്കുന്നു. ഏഴ് വയസ്സിനോടടുത്തെത്തുമ്പോൾ വ്യക്തിപരമായ ഓർമകൾ കൂടുതൽ വ്യക്തമായ രീതിയിൽ രൂപപ്പെടുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതായത് കുഞ്ഞായിരിക്കുമ്പോൾ ഓർമകൾ ഉണ്ടാകുന്നില്ല എന്നല്ല. അവ പിന്നീട് മുതിർന്നപ്പോൾ നമുക്ക് ലഭ്യമാകുന്ന രീതിയിൽ നിലനിൽക്കാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന്.
ഓർമ രൂപപ്പെടുന്നതിൽ തലച്ചോറിലെ ഹിപ്പോകാമ്പസ് (Hippocampus) എന്ന ഭാഗത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഒരു അനുഭവത്തെ പിന്നീട് ഓർത്തെടുക്കാവുന്ന രീതിയിൽ ക്രമീകരിക്കാനും അതിന്റെ സ്ഥലം, സമയം, സംഭവങ്ങൾ തുടങ്ങിയ വിവരങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനും ഹിപ്പോകാമ്പസ് സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ ഹിപ്പോകാമ്പസ് പ്രവർത്തനക്ഷമമല്ലെന്നല്ല. വളരെ ചെറുപ്പത്തിലേ തന്നെ അതിന് പഠിക്കാനും ഓർമിക്കാനും കഴിവുണ്ട്.
എന്നാൽ അതിന്റെ നാഡീശൃംഖലകളും മറ്റ് തലച്ചോർ ഭാഗങ്ങളുമായുള്ള ബന്ധങ്ങളും മുതിർന്നവരുടേതുപോലെ പക്വമായിട്ടില്ല. ഈ തുടർച്ചയായ മസ്തിഷ്ക വികസനം ആദ്യകാല ഓർമകളുടെ സ്ഥിരതയെ ബാധിക്കാം. അവരുടെ ഓർമ രൂപപ്പെടുന്നതിലും സ്ഥിരപ്പെടുത്തുന്നതിലും പിന്നീട് തിരിച്ചെടുക്കുന്നതിലും ഉൾപ്പെടുന്ന സംവിധാനം അപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മുടെ വ്യക്തിപരമായ ഓർമകളിൽ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ഇന്ന് നമുക്ക് ഒരു സംഭവം ഓർക്കുമ്പോൾ അതിനെ വാക്കുകളിലൂടെ വിവരിക്കാനും സംഭവങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനും സാധിക്കും. എന്നാൽ കുഞ്ഞുങ്ങൾ സംസാരിക്കാൻ പഠിക്കുന്നതിന് മുമ്പുള്ള കാലത്ത് അനുഭവങ്ങൾ പ്രധാനമായും ശബ്ദം, മണം, മുഖം, സ്പർശം, വികാരം, ദൃശ്യങ്ങൾ തുടങ്ങിയ രീതികളിലായിരിക്കും അനുഭവപ്പെടുന്നത്. പിന്നീട് ഭാഷയും ചിന്താരീതികളും സ്വയം തിരിച്ചറിയാനുള്ള കഴിവും വികസിക്കുമ്പോൾ ഓർമകൾ സംഘടിപ്പിക്കുന്ന രീതിയും മാറുന്നു.
മാത്രമല്ല, ജീവിതത്തിലെ ആദ്യ വർഷങ്ങളിൽ തലച്ചോർ അതിവേഗത്തിലാണ് വികസിക്കുന്നത്. പുതിയ നാഡീബന്ധങ്ങൾ രൂപപ്പെടുന്നു. ചില ബന്ധങ്ങൾ ശക്തമാകുന്നു. ചിലത് പിന്നീട് കുറയുകയും ചെയ്യുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും കൂടുതൽ സങ്കീർണമാകുന്നു. ഈ മാറ്റങ്ങൾ ഓർമസംവിധാനത്തെയും സ്വാധീനിക്കുന്നു.
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആദ്യകാല ഓർമകൾ മുതിർന്നവരുടെ ഓർമകളേക്കാൾ കൂടുതൽ അവ്യക്തമായിരിക്കും, അതായത് എളുപ്പത്തിൽ മറന്നു പോകാൻ സാധ്യതയുള്ളവയായിരിക്കാമെന്നാണ്. ഹിപ്പോകാമ്പസ്, കോർട്ടക്സ്, ഇവ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുടെ തുടർച്ചയായ വികസനം ഇതിൽ പങ്കുവഹിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഗവേഷകർ കുഞ്ഞുങ്ങളുടെ ഓർമ പരിശോധിക്കാൻ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. ഒരു പ്രത്യേക പ്രവർത്തനം ചെയ്യുമ്പോൾ ഒരു കളിപ്പാട്ടം പ്രവർത്തിക്കുന്നതായി കുഞ്ഞ് പഠിച്ചാൽ, പിന്നീട് ആ കളിപ്പാട്ടം കാണുമ്പോൾ അതേ പ്രവർത്തനം ആവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. ഇത്തരം പഠനങ്ങൾ കുഞ്ഞുങ്ങൾക്ക് വളരെ ചെറുപ്പത്തിലേ പഠിക്കാനും വിവരങ്ങൾ ഓർത്തുവയ്ക്കാനും കഴിയുമെന്ന് കാണിച്ചിട്ടുണ്ട്.
ചിലർ തങ്ങൾക്ക് തങ്ങളുടെ രണ്ടാം വയസ്സിലും ഒന്നാം വയസ്സിലും നടന്ന സംഭവങ്ങൾ വ്യക്തമായ ഓർമയുണ്ടെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ ആ സംഭവം യഥാർത്ഥത്തിൽ രണ്ടാമത്തെ വയസ്സിൽ ഉണ്ടായതാണോ, അതോ പിന്നീട് മാതാപിതാക്കൾ പറഞ്ഞ കഥകളിലൂടെയും പഴയ ഫോട്ടോകളിലൂടെയും കുടുംബസംഭാഷണങ്ങളിലൂടെയും മനസ്സിൽ രൂപപ്പെട്ട ഓർമയാണോ എന്നത് എല്ലായ്പ്പോഴും ഉറപ്പാക്കാൻ കഴിയില്ല.
ഓർമ രൂപപ്പെടുന്നതിലും അതിനെ ദീർഘകാലത്തേക്ക് സ്ഥിരപ്പെടുത്തുന്നതിലും ഉറക്കം പ്രധാനമാണ്. കുഞ്ഞുങ്ങളുടെ ഉറക്കരീതിയും തലച്ചോറിന്റെ പ്രവർത്തനവും പ്രായത്തിനനുസരിച്ച് വലിയ രീതിയിൽ മാറുന്നു. അതിനാൽ ഓർമയുടെ encoding, consolidation, retrieval എന്നിവയും വികസനത്തിനൊപ്പം മാറുന്നു. infantile amnesiaയ്ക്ക് ഒരൊറ്റ കാരണം കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. തലച്ചോറിന്റെ പല ഭാഗങ്ങളുടെ വളർച്ചയും neurotransmitter systems-ലെ മാറ്റങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിൽ പങ്കുവഹിക്കാമെന്നാണ് നിലവിലെ വിലയിരുത്തൽ. കുഞ്ഞിന്റെ തലച്ചോറിൽ വലിയ തോതിലുള്ള വളർച്ചയും പുനഃസംഘടനയും നടക്കുന്നതിനാൽ പഴയ ഓർമകളുടെ സ്ഥിരതയെ അത് ബാധിക്കാമെന്നാണ് ചില ഗവേഷണ മാതൃകകൾ നിർദേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates