wallet syndrome Pinterest
Health

പിന്നിലെ പോക്കറ്റിൽ വാലറ്റ് വെച്ച് ബൈക്ക് ഓടിക്കാറുണ്ടോ?, അരക്കെട്ട് വേദനയുടെ ഒരു കാരണം ഇതാകാം

കട്ടിയുള്ള വാലറ്റ് പിന്നിലെ പോക്കറ്റിൽ വെച്ച് ഇരിക്കുമ്പോൾ ശരീരം പൂർണമായി സമനിലയിൽ ഇരിക്കണമെന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പുരുഷന്മാർ മിക്കവാറും പേഴ്സ് അല്ലെങ്കിൽ വാലറ്റ് തങ്ങളുടെ പാൻസിന്റെ പിന്നിലെ പോക്കറ്റിലാണ് സൂക്ഷിക്കുക. ബൈക്കോ മറ്റ് വാഹനങ്ങളോ ഓടിക്കുമ്പോഴും ദീർഘനേരം ഇരിക്കുമ്പോഴുമൊക്കെ ഈ പേഴ്സ് അവിടെ തന്നെ ഉണ്ടാകും. പണം, കാർഡുകൾ, മറ്റു രേഖകളെല്ലാം സൂക്ഷിക്കുന്ന വാലറ്റിന് അത്യാവശ്യം കനം ഉണ്ടാവുകയും ചെയ്യും. ഇത് ദീർഘനാൾ തുടരുന്നത് ശരീരത്തിന്റെ ഇരിപ്പ് രീതിയെ ബാധിക്കാം.

കട്ടിയുള്ള വാലറ്റ് പിന്നിലെ പോക്കറ്റിൽ വെച്ച് ഇരിക്കുമ്പോൾ ശരീരം പൂർണമായി സമനിലയിൽ ഇരിക്കണമെന്നില്ല. ഒരു വശത്ത് കനം കൂടിയ വസ്തു ഉണ്ടായതിനാൽ പെൽവിസിന്റെ സ്ഥാനം ചെറിയ തോതിൽ മാറാം. ദീർഘനേരം ഇതേ നിലയിൽ ഇരിക്കുമ്പോൾ ചില പേശികളിലും സന്ധികളിലും അധിക സമ്മർദം ഉണ്ടാകാം.

മാത്രമല്ല, നിതംബത്തിലൂടെ കടന്നുപോകുന്ന സയാറ്റിക് നാഡിക്ക് ചുറ്റുമുള്ള ഭാഗത്ത് സമ്മർദം കൂടുന്നത് ചിലരിൽ വേദന, മരവിപ്പ്, തരിപ്പ് തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകാം. വലിയ വാലറ്റ് പിന്നിലെ പോക്കറ്റിൽ വെച്ച് ഇരിക്കുന്നത് കാലിലേക്കോ ഇടുപ്പിലേക്കോ വേദനയും മരവിപ്പും ഉണ്ടാക്കാമെന്ന് മയോ ക്ലിനിക് വ്യക്തമാക്കുന്നു.

സയാറ്റിക് നാഡിയെ ബാധിക്കുമോ?

സയാറ്റിക് നാഡി ശരീരത്തിലെ ഏറ്റവും വലിയ നാഡികളിലൊന്നാണ്. താഴത്തെ പുറംഭാഗത്തു നിന്ന് നിതംബത്തിലൂടെ കാലിന്റെ പിൻഭാഗത്തേക്ക് ഇത് നീളുന്നു. ഈ നാഡിയിൽ സമ്മർദമോ പ്രകോപനമോ ഉണ്ടാകുമ്പോൾ നിതംബം മുതൽ കാലിലേക്ക് വേദന, തരിപ്പ്, മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. പിന്നിലെ പോക്കറ്റിലെ വാലറ്റ് മൂലമുള്ള അസ്വസ്ഥതയെ ചിലപ്പോൾ വാലറ്റ് സിൻഡ്രം എന്നും വിളിക്കാറുണ്ട്.

ബൈക്കിൽ ദീർഘനേരം ഒരേ പൊസിഷനിൽ ഇരിക്കുമ്പോൾ ശരീരത്തിന്റെ ചലനം കുറയുന്നു. ഇതിനൊപ്പം പിന്നിലെ പോക്കറ്റിലെ കട്ടിയുള്ള വാലറ്റ് കൂടി വന്നാൽ ഇരിപ്പിന്റെ സമതുലിതാവസ്ഥയെ ബാധിക്കാം. ദീർഘനേരം ഇരിക്കുന്നത് പൊതുവേ അരക്കെട്ടിലെ അസ്വസ്ഥത, പേശികളുടെ കട്ടിപ്പ്, ശരീരത്തിന്റെ പോസ്ചർ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകാം. ഏറെ നേരം ഇരിക്കുന്നത് ശരീരത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതികൂലമായി ബാധിക്കാമെന്ന് മയോ ക്ലിനിക് വ്യക്തമാക്കുന്നു.

ബൈക്ക് ഓടിക്കുമ്പോൾ:

വാലറ്റ് പിന്നിലെ പോക്കറ്റിൽ വയ്ക്കാതിരിക്കുക. പകരം സുരക്ഷിതമായ ബാഗിലോ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിക്കാവുന്ന സ്ഥലത്തോ വയ്ക്കാം. വാലറ്റിൽ ആവശ്യത്തിന് മാത്രം സാധനങ്ങൾ വയ്ക്കുന്നതിലൂടെ അതിന്റെ കനം കുറയ്ക്കാനും സാധിക്കും. പ്രത്യേകിച്ച് കട്ടിയുള്ള കാർഡ് ഹോൾഡർ, ധാരാളം കാർഡുകൾ, നാണയങ്ങൾ തുടങ്ങിയവ വാലറ്റിൽ നിറച്ച് പിന്നിലെ പോക്കറ്റിൽ വയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

എപ്പോൾ ഡോക്ടറെ കാണണം?

വാലറ്റ് മാറ്റിയിട്ടും വേദന തുടർന്നാൽ സ്വയം കാരണം നിശ്ചയിക്കരുത്. പ്രത്യേകിച്ച് കാലിൽ തുടർച്ചയായ മരവിപ്പ്, ബലക്കുറവ്, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറുടെ പരിശോധന ആവശ്യമാണ്. കാലിന്റെയോ പാദത്തിന്റെയോ അനുഭവശേഷി നഷ്ടപ്പെടുക, കാലിന് പെട്ടെന്ന് ബലക്കുറവ് ഉണ്ടാകുക, മൂത്രമോ മലമോ നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടണം.

Why You Should Avoid Keeping a Wallet in Your Back Pocket While Riding a Bike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റേഞ്ച് റോവർ തിരിച്ചുനൽകിയാലും കുരുക്കഴിയുമോ? കെ.എം. ഷാജിക്ക് മുന്നിൽ നിയമവഴികൾ പ്രതിസന്ധിയാകുമോ

'മുടി പിന്നിയിടുമ്പോൾ സ്ത്രീകളെ കാണാൻ നല്ല ഭംഗിയാണ്, എല്ലാവരും അതിലേക്ക് മടങ്ങണ'മെന്ന് നാനി; 'ഉപദേശം കയ്യിൽ വച്ചാൽ മതി'യെന്ന് വിമർശനം

'ഭാര്യയുടെ അടിമ, പെണ്‍ കോന്തന്‍'; അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

ഷൂ വാങ്ങുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ; കാലിൻ്റെ ആരോഗ്യത്തിന് ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കണം

'ഭൂമിയിൽ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; അഞ്ച് പൈസ ചെലവില്ലാതെയാണ് ബാക്കിയെല്ലാ മൃ​ഗങ്ങളും ജീവിക്കുന്നത്'