How to Grow Okra at Home: Tips for Maximum Yield & Benefits 
Life

വെണ്ട തഴച്ചു വളരാന്‍ പശുവിന്‍ പാല്‍ പ്രയോഗം; വീട്ടുവളപ്പില്‍ കൃഷി ചെയ്യാം, എളുപ്പത്തില്‍

രാസവള പ്രയോഗമില്ലാത്ത നാടന്‍ വെണ്ട വീട്ടുവളപ്പിലോ ചട്ടിയിലോ എളുപ്പത്തില്‍ വിളയിച്ചെടുക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലയാളികളുടെ തീന്‍മേശയിലെ സ്ഥിരസാന്നിധ്യമാണ് വെണ്ടയ്ക്ക. വിറ്റാമിനുകളും നാരുകളും ധാതുക്കളും അടങ്ങിയ വെണ്ട നമ്മുടെ ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. രാസവളപ്രയോഗമില്ലാത്ത നല്ല നാടന്‍ വെണ്ട സ്വന്തം വീട്ടുവളപ്പിലോ ചട്ടിയിലോ എളുപ്പത്തില്‍ വിളയിച്ചെടുക്കാം.

വിത്ത് തെരഞ്ഞെടുക്കലും പാകലും

നല്ല ആരോഗ്യകരമായ നാടന്‍ വെണ്ടവിത്തുകള്‍ നടാനായി തിരഞ്ഞെടുക്കുക. വിത്തുകളുടെ മുളശേഷി വര്‍ധിപ്പിക്കുന്നതിനായി നടുന്നതിന് മുന്‍പ് 6-8 മണിക്കൂര്‍ വെള്ളത്തിലോ അല്ലെങ്കില്‍ സ്യൂഡോമോണാസ് ലായനിയിലോ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. ഇത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

മണ്ണ് തയ്യാറാക്കലും നടീലും

ഈര്‍പ്പമുള്ളതും വളക്കൂറുള്ളതുമായ മണ്ണ് ഒരുക്കുക. ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണുമായി നന്നായി യോജിപ്പിച്ച് തോട്ടത്തിലെ മണ്ണ് ഒരുക്കുക. ചട്ടിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ മണ്ണ്, ചാണകപ്പൊടി/ കമ്പോസ്റ്റ്, മണല്‍ എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഒരു ചട്ടിയില്‍ ഒരു വിത്ത് എന്ന നിലയിലോ, തോട്ടത്തില്‍ ഒരടി അകലത്തിലോ വിത്തുകള്‍ പാകാം.

മിതമായ നനയും ജൈവവളപ്രയോഗവും ഉറപ്പാക്കുക. വിത്തു മുളച്ചു വന്നതിനുശേഷം ദിവസവും നനച്ചു കൊടുക്കുക. എന്നാല്‍ വേരുചീയല്‍ ഒഴിവാക്കാന്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ചെടി വളരുന്നതനുസരിച്ച് ആഴ്ചയിലൊരിക്കല്‍ വേപ്പിന്‍പിണ്ണാക്ക് ലായനിയോ ചാണക സ്ലറിയോ വളമായി നല്‍കാം.

വിളവെടുപ്പ്

നട്ട് ഏതാനും മാസങ്ങള്‍ക്കകം തന്നെ ചെടി പൂത്തുതുടങ്ങും. കായ്കള്‍ പാകമാകുന്ന മുറയ്ക്ക് ഇളംപ്രായത്തില്‍ തന്നെ ദിവസേനെയോ ഇടവിട്ട ദിവസങ്ങളിലോ പറിച്ചെടുക്കുക. മൂത്തുപോയാല്‍ ഉറപ്പു കൂടുതലായിരിക്കും എന്നതിനാല്‍ ഇളംപ്രായത്തില്‍ തന്നെ പറിച്ചെടുക്കണം. ഏതുകാലത്തും അടുക്കളയിലേക്ക് പുതിയ വെണ്ടയ്ക്ക ലഭിക്കാന്‍ വീടുകളില്‍ കുറച്ചു തൈകള്‍ ഇത്തരത്തില്‍ വളര്‍ത്തിയാല്‍ മതിയാകും.

ചാരം വിതറി കൊടുക്കുന്നത് കായ്കളുടെ വലിപ്പം കൂട്ടാനും സഹായിക്കും

വിളവു കൂട്ടാനുള്ള ടിപ്പുകള്‍

അധികം ആയാസപ്പെടാതെ വെണ്ടച്ചെടികളില്‍ നിന്ന് കൂടുതല്‍ കായ്കള്‍ പറിച്ചെടുക്കാന്‍ ചില സൂത്രപ്പണികളുണ്ട്.

  • പശുവിന്‍ പാല്‍ പ്രയോഗം: വെണ്ടച്ചെടികള്‍ പൂവിടാന്‍ തുടങ്ങുന്ന സമയത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി പശുവിന്‍ പാല്‍ കലര്‍ത്തി ഇലകളില്‍ തളിച്ചു കൊടുക്കുന്നത് പൂക്കള്‍ കൊഴിയുന്നത് തടയാനും കായ്ഫലം ഇരട്ടിയാക്കാനും സഹായിക്കും.

  • പുളിച്ച മോര് അല്ലെങ്കിൽ കഞ്ഞി വെള്ളം കൂട്ടിചേർത്ത്: പാലിനേക്കാൾ കൂടുതൽ ഫലപ്രദം പുളിച്ച മോര് ഉപയോഗിക്കുന്നതാണ്. 1 ലിറ്റർ പുളിച്ച മോര് 10 ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ഇതേ ലായനി ഇലകളിൽ തളിച്ചാൽ വെണ്ടയിലെ പുഴുക്കൾ, ഇലപ്പേൻ, വെള്ളീച്ച എന്നിവയെ അകറ്റാനും സാധിക്കും.

  • തല നുള്ളല്‍: ചെടി ഏകദേശം ഒന്നരയടി വളര്‍ന്നുകഴിഞ്ഞാല്‍ അതിന്റെ പ്രധാന തണ്ടിന്റെ മുകള്‍ഭാഗം നുള്ളി മാറ്റുക. ഇത് വശങ്ങളിലേക്ക് ശാഖകള്‍ വെച്ച് പടരാന്‍ ഇടയാക്കും. കൂടുതല്‍ ശാഖകള്‍ ഉണ്ടായാല്‍ അത്രയധികം വെണ്ടയ്ക്കകള്‍ ലഭിക്കുകയും ചെയ്യും.

  • ചാരം ഇടുക: ചെടിയുടെ ചുവട്ടില്‍ ചാരം വിതറി കൊടുക്കുന്നത് വെണ്ടയ്ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിക്കാനും കായ്കളുടെ വലിപ്പം കൂട്ടാനും സഹായിക്കും.

ആരോഗ്യ ഗുണങ്ങളേറെ

വെണ്ടയില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മ്യൂസിലേജ് എന്ന പശപോലുള്ള ഘടകം ദഹനപ്രക്രിയ എളുപ്പമാക്കാനും മലബന്ധം തടയാനും ഫലപ്രദമാണ്. വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ വെണ്ട സ്ഥിരമായി കഴിക്കുന്നത് ചര്‍മത്തിന് ആരോഗ്യവും തിളക്കവും നല്‍കും.

Growing Okra at Home: The Ultimate Guide for a Bumper Harvest and Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

അഭിനയം അവസാനിപ്പിക്കാൻ രൺബീർ? നടനായുള്ള അവസാന ദശകം; ഇനി സംവിധാനം

സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മന്ത്രിമാർ അറിയാതെ ഒന്നും നടക്കില്ല; ബാർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ: കെസി വേണുഗോപാൽ

രജത് പടിദാര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം ഈ താരം