മൂന്നാർ: റോഡും പാലവുമില്ലാത്ത ഉൾവനത്തിൽ നിന്ന് രോഗികളെ കിലോമീറ്ററുകളോളം ചുമന്ന് പ്രധാന പാതയിലെത്തിക്കുന്ന ഇടമലക്കുടിയിലെ ഗോത്രജനതയ്ക്ക് താങ്ങാവേണ്ടിയിരുന്ന ഏക ആംബുലൻസും അധികൃതരുടെ അനാസ്ഥയിൽ കട്ടപ്പുറത്ത്. അടിമാലി കൂമ്പൻപാറയ്ക്ക് സമീപം റോഡരികിൽ മാസങ്ങളായി അനാഥമായി കിടക്കുന്ന ആംബുലൻസ് തുരുമ്പെടുത്ത് പൂർണ്ണമായി നശിക്കുന്ന നിലയിലാണ്. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ കുടികളിൽ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളുമായി ആശുപത്രികളിൽ എത്താൻ പ്രദേശവാസികൾ ഇന്നും അനുഭവിക്കുന്നത് കൊടിയ യാതനകളാണ്. റോഡ് സൗകര്യങ്ങളോ പുഴകൾ കടക്കാനുള്ള പാലങ്ങളോ ഇല്ലാത്തതിനാൽ വനപാതകളിലൂടെ കിലോമീറ്ററുകൾ കമ്പിലോ തുണിയിലോ കെട്ടി രോഗികളെ ചുമന്നാണ് ഇപ്പോഴും റോഡിൽ എത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നാല് രോഗികളെയാണ് ഇത്തരത്തിൽ സാഹസികമായി ചുമന്ന് പുറംലോകത്തെത്തിച്ചത്.
വനത്തിനുള്ളിൽ നിന്ന് ചുമന്ന് റോഡിലെത്തിക്കുന്ന രോഗികളെ അവിടെനിന്ന് എത്രയും വേഗം അടിമാലിയിലോ കോതമംഗലത്തോ ഉള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിനായാണ് പ്രത്യേക ആംബുലൻസ് സൗകര്യം ഒരുക്കിയിരുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ സിഎസ്ആർ (CSR) ഫണ്ട് വിനിയോഗിച്ചാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്തിനായി ഈ വാഹനം അനുവദിച്ചത്. എന്നാൽ, ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ പോലും അധികൃതർ തയ്യാറാകാതിരുന്നതോടെ വാഹനം കൂമ്പൻപാറയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കാലങ്ങളായി വഴിയരികിൽ മഴയും വെയിലുമേറ്റ് കിടക്കുന്ന ആംബുലൻസ് ഇപ്പോൾ ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.
ഏറെ കൊട്ടിഘോഷിച്ച് നൽകിയ ആംബുലൻസ് നോക്കുകുത്തിയായതോടെ അടിയന്തര ഘട്ടങ്ങളിൽ വൻതുക നൽകി സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഗോത്രനിവാസികൾ. നിർണ്ണായക സമയങ്ങളിൽ വാഹനം കിട്ടാതെ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങളും പതിവാണ്. റോഡരികിൽ അനാഥമായി കിടക്കുന്ന ഈ ആംബുലൻസിന്റെ കേടുപാടുകൾ ഉടൻ തീർത്ത് സർവീസിന് സജ്ജമാക്കുകയാണെങ്കിൽ, ചികിത്സയ്ക്കായി നെട്ടോട്ടമോടുന്ന ഇടമലക്കുടിയിലെ രോഗികൾക്ക് അത് വലിയൊരു ആശ്വാസമാകും. പട്ടികവർഗ്ഗ ക്ഷേമ വകുപ്പും പഞ്ചായത്ത് ഭരണസമിതിയും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates