Kannur Byelection LDF Win 
Kannur

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം: മട്ടന്നൂർ ഉരുവച്ചാൽ വാർഡ് നിലനിർത്തി; പെരളശ്ശേരിയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

ഉരുവച്ചാലിൽ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു; ബാവോട് വാർഡിൽ കെ.വി. രതീശന് 65 വോട്ടിന്റെ വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടങ്ങളിലും ഇടതുമുന്നണിക്ക് തകർപ്പൻ വിജയം. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡും പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോടുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച വിജയത്തോടെ സ്വന്തമാക്കിയത്. മട്ടന്നൂരിൽ എൽഡിഎഫ് തങ്ങളുടെ സിറ്റിങ് സീറ്റ് വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തിയപ്പോൾ, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരളശ്ശേരിയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സിറ്റിങ് സീറ്റ് കോൺഗ്രസിൽനിന്ന് തിരിച്ചുപിടിച്ച് പാർട്ടി കരുത്ത് തെളിയിച്ചു.

സിപിഎം ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.കെ. സുരേഷ് കുമാർ 276 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൗൺസിലറായിരുന്ന സിപിഎമ്മിലെ കെ.കെ. അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്തതിൽ 628 വോട്ടുകൾ സുരേഷ് കുമാർ സ്വന്തമാക്കിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ലത്തീഫ് പഴശ്ശിക്ക് 362 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയിലെ കെ. മോഹനന് 31 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് നടന്ന വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. രതീശൻ പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി എം. രഞ്ചിഷിനെ 65 വോട്ടുകൾക്കാണ് രതീശൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുരേഷ് ബാബു തണ്ടാരത്ത് 17 വോട്ടുകൾക്ക് സിപിഎമ്മിന്റെ ദീർഘകാലത്തെ കുത്തക തകർത്ത് പിടിച്ചെടുത്ത വാർഡാണിത്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. രതീശൻ 600 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന്റെ എം. രഞ്ചിഷിന് 535 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി കെ.പി. പ്രജിത്ത് 56 വോട്ടുകളും നേടി.

ബാവോട് വാർഡിലെ വിജയിച്ച കെ.വി. രതീശനെ സിപിഎം നേതാക്കളായ പി. ശശി, എൻ. ചന്ദ്രൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. രണ്ട് വാർഡുകളിലെയും ഉജ്ജ്വല വിജയത്തെത്തുടർന്ന് എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

The Left Democratic Front (LDF) registered an impressive sweep in the local body byelections held in Kannur district, retaining its municipal seat in Mattannur and wresting away a crucial sitting ward from the Congress in the Peralassery Grama Panchayat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

ഫുള്‍ ടാങ്ക് അടിച്ചാല്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കാം, ചെലവ് കുറവ്; ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍- വിഡിയോ

ആറളം ഫാമിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണും: കാടുമൂടിയ കൃഷിയിടങ്ങൾ വീണ്ടെടുക്കും; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മന്ത്രി കെ.എ. തുളസി

'100 സെഞ്ച്വറി അടിക്കും, കോഹ്‍ലിയേക്കാൾ മികച്ച ബാറ്റർ ഇല്ല'

'ഇപ്പോ എങ്ങനെ ഇരിക്കണ്'; അശ്വന്ത് കോക്കിന്റെ അറസ്റ്റില്‍ നടന്‍ അനീഷിന്റെ ഭാര്യ