കണ്ണൂർ: കളക്ടറേറ്റിന് മുന്നിൽ എൻജിഒ യൂണിയൻ ധർണ്ണയ്ക്കായി നടുറോഡ് കൈയ്യേറി കെട്ടിയ വലിയ പന്തൽ പൊലീസെത്തി അഴിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കണ്ണൂർ ടൗൺ എസ്ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് പന്തൽ അഴിച്ചുമാറ്റിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ എൻ.ജി.ഒ യൂണിയൻ വ്യാഴാഴ്ച രാവിലെ നടത്താനിരുന്ന കളക്ടറേറ്റ് ധർണ്ണയ്ക്ക വേണ്ടിയാണ് റോഡ് പൂർണ്ണമായും തടസ്സപ്പെടുത്തിക്കൊണ്ട് പന്തൽ ഒരുക്കിയിരുന്നത്.
ആംബുലൻസുകൾ ഉൾപ്പെടെ നിരന്തരം കടന്നുപോകുന്ന പ്രധാന റോഡ് കൈയ്യേറി പന്തൽ നിർമ്മിച്ചതോടെ യാത്രക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പന്തൽ അടിയന്തരമായി അഴിച്ചുമാറ്റാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു.
സംഘാടകർ പറഞ്ഞത് കൊണ്ടാണ് പന്തൽ കെട്ടിയതെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. എന്നാൽ ആര് പറഞ്ഞാലും ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പോകുന്ന വഴി തടസ്സപ്പെടുത്തി പന്തൽ കെട്ടാൻ അനുവദിക്കില്ലെന്ന് എസ്ഐ വിപിൻ വ്യക്തമാക്കി. തുടർന്ന് കൂടുതൽ വാക്തർക്കങ്ങൾക്ക് നിൽക്കാതെ എസ്ഐ തന്നെ ഏണിയിൽ കയറി പന്തലിന്റെ കെട്ടുകൾ പൊട്ടിച്ചുമാറ്റിയതോടെ തൊഴിലാളികൾ സ്വമേധയാ പന്തൽ അഴിച്ചുമാറ്റാൻ തയ്യാറാവുകയായിരുന്നു.
പൊതുനിരത്തുകൾ കൈയ്യേറിയും ഗതാഗതം തടസ്സപ്പെടുത്തിയും സമര പന്തലുകൾ കെട്ടരുതെന്ന് വ്യക്തമാക്കുന്ന ഹൈക്കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് ജീവനക്കാരുടെ സംഘടനയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കമുണ്ടായത്. മുൻപും കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ റോഡ് തടസ്സപ്പെടുത്തി പന്തൽ കെട്ടുന്ന രീതിയുണ്ടായിരുന്നു. മുൻപ് ഇത്തരത്തിൽ നിർമ്മിച്ച പന്തലിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവവും ഉണ്ടായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates