ഇരിട്ടി: കേരളത്തെയും കർണാടകയിലെ കുടകിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന പാതയായ മാക്കൂട്ടം–പെരുമ്പാടി ചുരം റോഡിൽ യാത്രാദുരിതം രൂക്ഷമാകുന്നു. റോഡിലെ കൂറ്റൻ കുഴികളിൽപ്പെട്ട് വലിയ ചരക്കുവാഹനങ്ങൾ കേടായി വഴിയിൽ കുടുങ്ങുന്നതും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതും പതിവാകുന്നു. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് ആരംഭിച്ച രൂക്ഷമായ ഗതാഗതക്കുരുക്ക് പുലർച്ചെ നാലോടെയാണ് ഭാഗികമായെങ്കിലും നീങ്ങിയത്. ചരക്കുലോറികളും ദീർഘദൂര ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മലനിരകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.
മഴ കനത്തതോടെ റോഡിലെ വൻ കുഴികളിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്. രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് ഈ കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് വലിയ അപകടങ്ങൾക്കാണ് വഴിവെക്കുന്നത്. കുഴിയിൽപ്പെട്ട് വാഹനങ്ങൾ തകരാറിലാകുന്നതോടെ, കൊടുംവളവുകളുള്ള ചുരത്തിൽ പിന്നാലെ വരുന്ന വാഹനങ്ങൾക്കും മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണുള്ളത്. ഇത് സാധാരണ യാത്രക്കാരെയും അന്തർസംസ്ഥാന ചരക്കുനീക്കത്തെയും ഒരുപോലെ ബാധിക്കുന്നു.
പെരുമ്പാടിയിൽനിന്ന് കേരള അതിർത്തി വരെയുള്ള 5.9 കിലോമീറ്റർ റോഡ് 11.75 കോടി രൂപ ചെലവഴിച്ച് മൂന്ന് റീച്ചുകളായി അടുത്തിടെയാണ് നവീകരിച്ചത്. എന്നാൽ മഴ പെയ്തതോടെ ഇതിൽ ഏകദേശം 1.1 കിലോമീറ്റർ ഭാഗത്തെ ടാറിങ് പൂർണ്ണമായും ഒലിച്ചുപോയി തകർന്നു. മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപമാണ് റോഡ് ഏറ്റവും അപകടകരമായ നിലയിലുള്ളത്.
നവീകരണം കഴിഞ്ഞ് മാസങ്ങൾക്കകം റോഡ് തകർന്നടിഞ്ഞത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയും മേൽനോട്ടത്തെയും കുറിച്ച് വ്യാപക പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. റോഡരികുകൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ ടാറിങ്ങിൽനിന്ന് പുറത്തേക്ക് മാറുന്ന വാഹനങ്ങളുടെ ചക്രങ്ങൾ ചെളിയിലേക്ക് താഴുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
നേരത്തെ നവീകരിക്കാതെ മാറ്റിവെച്ച 5.8 കിലോമീറ്റർ ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ട് റോഡ് ശോചനീയാവസ്ഥയിലാണ്. പെരുമ്പാടി–ബിട്ടംകാല റൂട്ടിലെ 14 കിലോമീറ്റർ പാത 40 കോടി രൂപ ചെലവിൽ നവീകരിക്കാനുള്ള ശുപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലാണെങ്കിലും തുടർനടപടികൾ വൈകുകയാണ്. തകർന്ന ഭാഗങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പാത പൂർണ്ണമായും ഗതാഗതയോഗ്യമാക്കണമെന്നും, സമഗ്ര പുനർനിർമ്മാണം വേഗത്തിലാക്കണമെന്നുമാണ് പ്രദേശവാസികളുടെയും നിത്യയാത്രക്കാരുടെയും ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates