പയ്യന്നൂർ: സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ കോച്ച് റസ്റ്റോറന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിന് സമീപം ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. യാത്രക്കാർക്കും ഭക്ഷണപ്രേമികൾക്കും വേറിട്ട അനുഭവം സമ്മാനിക്കുന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനം ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവത്ത് നിർവ്വഹിക്കും.
റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിന് മുന്നിലായി രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്ക് ബസുകൾ നിർത്തുന്ന സ്ഥലത്ത് പ്രത്യേകമായി ട്രാക്ക് നിർമ്മിച്ചാണ് പഴയ ട്രെയിൻ ബോഗി സ്ഥാപിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്നുള്ള പഴയ ത്രീ ടയർ എസി കോച്ച് ബേപ്പൂർ ഖലാസികളുടെ സഹായത്തോടെയാണ് പയ്യന്നൂരിൽ എത്തിച്ച് പാളത്തിൽ ഉറപ്പിച്ചത്. തുടർന്ന് ഉള്ളിലും പുറത്തും മനോഹരമായ ഇന്റീരിയർ വർക്കുകൾ പൂർത്തിയാക്കിയാണ് ഭോജനശാലയൊരുക്കിയിട്ടുള്ളത്.
ട്രെയിൻ ബോഗിക്കുള്ളിലിരുന്നും അതിനോട് ചേർന്നുള്ള പ്ലാറ്റ്‌ഫോമിലിരുന്നും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ശീതീകരിച്ച കോച്ചിനുള്ളിൽ ഒരേ സമയം നൂറു പേർക്ക് ഇരുന്ന് ഭക്ഷണം ആസ്വദിക്കാനാകും. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ ചൂടോടെ ഇഷ്ടവിഭവങ്ങൾ ലഭ്യമാകും. ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾക്ക് പുറമെ ചായ, ഫ്രഷ് ജ്യൂസ്, ചാട്ട്, ഐസ്ക്രീം കൗണ്ടറുകളും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. രാത്രികാല യാത്രക്കാർക്ക് വലിയ അനുഗ്രഹമാകുന്ന തരത്തിൽ മുഴുവൻ സമയവും പാർസൽ സേവനവും ലഭ്യമായിരിക്കും. ഉദ്ഘാടന ചടങ്ങിൽ സീനിയർ ഡിസിഎം ബാലമുരളി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പദ്ധതി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കെ. ഹരികൃഷ്ണൻ, എ. സാജിദ്, എസ്.കെ.പി. മുഹമ്മദ് ഇഖ്ബാൽ, വിനോദ് കുമാർ, ജോബിൻസ് എന്നിവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates